തമിഴ്‌നാട് : പ്രശസ്‌ത തമിഴ് സംവിധായകൻ എം. മണികണ്‌ഠന്‍റെ വസതിയിൽ നിന്നും മോഷ്‌ടിച്ച നാഷണല്‍ അവാര്‍ഡിന്‍റെ വെള്ളി മെഡലുകള്‍ തിരികെ നല്‍കി കള്ളന്മാര്‍. ഫെബ്രുവരി എട്ടിനാണ് സംവിധായകൻ എം. മണികണ്‌ഠന്‍റെ വസതിയിൽ മോഷണം നടന്നത്. മധുരയിലെ ഉസിലംപെട്ടി നഗറിലെ വീട്ടിലായിരുന്നു മോഷണം (National Award-winning director Manikandan).
വീടിന്‍റെ പൂട്ട് തകർത്ത് ഒരു ലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും, കൂടാതെ ദേശീയ അവാർഡിനൊപ്പം കിട്ടിയ വെള്ളി മെഡലുകളും മോഷ്‌ടാക്കള്‍ കവര്‍ന്നിരുന്നു. അതില്‍ ദേശീയ അവാര്‍ഡിന്‍റെ വെള്ളി മെഡലുകള്‍ മാത്രമാണ് പോളിത്തീൻ ബാഗിൽ മോഷ്‌ടാക്കള്‍ തിരികെ നല്‍കിയിരിക്കുന്നത്. മണികണ്‌ഠന്‍റെ വീട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മെഡലുകള്‍.
കൂടെ ക്ഷമാപണം നടത്തുന്ന കത്തും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉസിലംപെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വെള്ളി മെഡലുകള്‍ കേന്ദ്രീകരിച്ചാണ് ഇനി പൊലീസിന്‍റെ അന്വേഷണം. മോഷ്‌ടാക്കള്‍ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
2014-ൽ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം. മണികണ്‌ഠൻ. 2022-ൽ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഇദ്ദേഹം സംവിധാനം ചെയ്‌ത് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.