മലയാളത്തിന്‍റെ നിത്യ യൗവ്വനത്തിന് ഇന്ന് 73-ാം പിറന്നാൾ. പിറന്നാൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് മറ്റു ചിലത് പറയട്ടെ. മമ്മൂക്കയുടെ സിനിമ ജീവിതത്തെക്കുറിച്ച്, കഥാപാത്രങ്ങളെക്കുറിച്ച് മലയാളിക്ക് മുന്നിൽ ഘോര ഘോരം പ്രസംഗിക്കേണ്ട ആവശ്യമില്ല. ഒരു നടൻ വ്യക്തിജീവിതത്തിൽ സമൂഹത്തിന് മാതൃക സൃഷ്‌ടിച്ചിട്ടുണ്ടെങ്കിൽ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അത് മമ്മൂട്ടി മാത്രമാണ്.
ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുക, ജോലിയോടൊപ്പം തന്നെ കുടുംബത്തിനും പ്രാധാന്യം നൽകുക എന്നതൊക്കെ മലയാളി മമ്മൂക്കയെ കണ്ടു പഠിച്ചതാണ്. മറ്റുള്ളവർ തന്നെ കണ്ട് മാതൃകയാക്കും എന്ന ഒറ്റക്കാരണത്താലാണ് തനിക്ക് ഏറ്റവും ഇഷ്‌ടമുള്ള ദുശ്ശീലമായ പുകവലി ഉപേക്ഷിച്ചതെന്ന് മമ്മൂട്ടി ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. അതു തന്നെയാണ് ഒരു നടനെ സംബന്ധിച്ചിടത്തോളം തന്നെ ഇഷ്‌ടപ്പെടുന്നവരോട് ചെയ്യാനുള്ള ഏറ്റവും വലിയ പ്രവർത്തി.
മമ്മൂട്ടിയുടെ 73-ാം പിറന്നാളിൽ മമ്മൂട്ടി എന്ന നടനെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള മലയാളിക്ക് മുന്നിൽ മമ്മൂട്ടി എന്ന മനുഷ്യനെ കുറിച്ച് ചിലതൊക്കെ തുറന്നു പറയുകയാണ് സംവിധായകൻ കമൽ. മലയാള സിനിമ ഉള്ളടത്തോളം കാലം ഓർക്കപ്പെടുന്ന പേരുകളിൽ ഒന്നുതന്നെയാകും മമ്മൂട്ടി. മമ്മൂട്ടി ഉള്ളടത്തോളം കാലം മലയാള സിനിമയിലെ നിത്യയൗവനം തുളുമ്പുന്ന നായകൻ തന്നെയാകും മമ്മൂട്ടി. സംവിധായകൻ കമൽ സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്.
'വർഷം 2004 മമ്മൂട്ടിയെ നായകനാക്കി ഞാൻ സംവിധാനം ചെയ്യുന്ന രാപ്പകൽ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് വരിക്കാശ്ശേരി മനയിൽ നടക്കുകയാണ്. ഞാൻ ഓർക്കുന്നു ആ ദിവസങ്ങൾ രാപ്പകൽ എന്ന സിനിമയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. നിങ്ങൾക്കറിയാം ആ സിനിമയുടെ ഒരു ഘട്ടത്തിൽ എല്ലാ കുടുംബാംഗങ്ങളും ഒത്തുചേരുന്ന രംഗങ്ങളുണ്ട്. നയൻതാര, സലിംകുമാർ, ബാലചന്ദ്രമേനോൻ, ശാരദ തുടങ്ങി എല്ലാവരും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളാണ് ആ ദിവസങ്ങളിൽ എടുത്തു കൊണ്ടിരുന്നത്.
എന്തെങ്കിലും കാരണവശാൽ ചിത്രീകരണം മുടങ്ങുകയാണെങ്കിൽ പിന്നെ എല്ലാവരെയും ഒന്നിച്ചു കിട്ടുക വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെ. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ചിത്രീകരണം നീണ്ടു പോകാനോ ചിത്രീകരണത്തിന് മുടക്കം വരാനോ പാടുള്ളതല്ല. ആ സമയത്താണ് മമ്മൂക്കയുടെ മകൾ സുറുമിയുടെ ഡെലിവറി ഡേറ്റ്. മമ്മൂക്കയുടെ കുടുംബം അമേരിക്കയിലാണ്. സുറുമിയുടെ പ്രസവ ചികിത്സ അമേരിക്കയിലെ ഒരു ഹോസ്‌പിറ്റലിലാണ് നടക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
രാപ്പകൽ എന്ന ചിത്രത്തിന്‍റെ ടൈറ്റ് ഷെഡ്യൂൾ ആണ് മമ്മൂട്ടിക്ക് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോകാതിരിക്കാനുള്ള കാരണമാകുന്നത്. മകളുടെ പ്രസവത്തിന്‍റെ ഡേറ്റ് നിശ്ചയിച്ചിരുന്ന ദിവസം സെറ്റിൽ എത്തിയ മമ്മൂട്ടി തികച്ചും അസ്വസ്ഥനായിരുന്നു. സ്വന്തം പേഴ്‌സണൽ വിഷയങ്ങൾ സിനിമ സെറ്റുകളിൽ പ്രകടിപ്പിക്കുന്ന സ്വഭാവം മമ്മൂട്ടിക്ക് അന്നുമില്ല ഇന്നുമില്ല. അതിപ്പോൾ തല പോകുന്ന വിഷയമാണെങ്കിലും ശരി. പക്ഷേ പതിവിലും വിപരീത സ്വഭാവത്തിൽ സെറ്റിൽ ഇരിക്കുന്ന മമ്മൂട്ടിയെ കണ്ടു ഞാൻ അന്താളിച്ചു.
പലപ്പോഴും ഷോട്ട് റെഡി എന്ന് പറയാൻ സഹ സംവിധായകനെ അടുത്തേക്ക് വിടാൻ തന്നെ ഭയമായിരുന്നു. നേരിട്ട് ചെന്ന് പറഞ്ഞാലും വരാൻ ഒരല്‌പം വൈഷമ്യമുള്ളതുപോലെ. ഇവിടെ പകലായിരിക്കുമ്പോൾ അവിടെ രാത്രി ആണല്ലോ. അതുകൊണ്ടുതന്നെ കമ്മ്യൂണിക്കേഷന്‍റെ സാധ്യത കുറഞ്ഞതും മമ്മൂട്ടിയെ അസ്വസ്ഥനാക്കി. ഒരു ഘട്ടത്തിൽ ചിത്രീകരണം നിന്നു പോകുമെന്ന് തന്നെ ഞാൻ ഭയപ്പെട്ടു.
വൈകുന്നേരം ആയതോടെ മമ്മൂട്ടി അമേരിക്കയിലുള്ള കുടുംബവുമായി സദാസമയവും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു തിരിച്ചറിവായിരുന്നു. മകളുടെ പ്രസവത്തിന്‍റെ ടെൻഷൻ ഒരച്ഛന്‍റെ മുഖത്ത് നിന്ന് വ്യക്തമായി വായിച്ചെടുക്കാം. മമ്മൂട്ടി എന്ന മനുഷ്യനെ കുടുംബസ്നേഹിയെ ഞാനവിടെ വ്യക്തമായി കണ്ടു. ഇത്രയും വൈകാരിക പ്രശ്‌നങ്ങളാൽ അലട്ടിയിട്ടും ചിത്രീകരണത്തിന് മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
ഒടുവിൽ ആ ശുഭ വാർത്ത എത്തി. മകൾ പ്രസവിച്ചു. ആ സന്തോഷം ആഘോഷിക്കാൻ അന്ന് സെറ്റിലെ എല്ലാവർക്കും ഒപ്പം ഞങ്ങൾ ഒരു കേക്ക് മുറിച്ചു. അപ്പോഴും ടെൻഷനായ മമ്മൂട്ടിയെയാണ് കണ്ടത്. തന്നോട് പേഴ്‌സണലായി വിളിച്ചുപറഞ്ഞു ഈ വിവരം എന്തിനാ പുറത്തറിയിച്ചത്? അപ്പോൾ ഞാൻ പറഞ്ഞു എന്തായാലും ഈ വിവരം പത്രങ്ങളിലൂടെയോ മറ്റു വഴിയോ പുറത്തറിയും. അതിനിപ്പോൾ എന്താ... എടോ ഞാനൊരു മുത്തച്ഛൻ ആയി... ഞാൻ ഇപ്പോഴും ചെറുപ്പമല്ലേ. എന്നെ ഇവിടെയുള്ളവർ ഒരു വയസൻ ആക്കി കണക്കാക്കില്ലേ... ചിരിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി.
മമ്മൂട്ടിയ്ക്കുള്ളിലെ മനുഷ്യനെ വ്യക്തമായി കണ്ട ദിവസങ്ങളിൽ ഒന്നായിരുന്നു അത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഈ സംഭവം ഓർത്തെടുക്കണം എന്ന് തോന്നി. മമ്മൂട്ടിക്ക് ദീർഘായുസ് നേരുന്നു. അദ്ദേഹം ഇതൊക്കെ ഓർത്തിരിക്കുന്നുണ്ടാകുമൊ ആവോ?' സംവിധായകൻ കമലിന്‍റെ ഓർമ്മകളിലൂടെ മമ്മൂട്ടി.