ബ്ലെസിയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ആയിരുന്നു 'ഭ്രമരം'. മോഹൻലാലിനൊപ്പം ഭൂമിക, മുരളി ഗോപി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം അതുവരെ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ള സൈക്കിളോജിക്കൽ ത്രില്ലർ സ്വഭാവമുള്ള സിനിമകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്‌തമായിരുന്നു. മോഹൻലാൽ എന്ന പ്രതിഭയുടെ അഭിനയ പ്രവീണ്യത്തെ അളക്കാൻ സാധിക്കാത്ത തരത്തിൽ ശിവൻകുട്ടി എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്‌മരണീയമാക്കി.
ഭ്രമരം സിനിമയുടെ തിരക്കഥ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ തിരക്കഥാകൃത്തായ ബ്ലെസിയുടെ ചില അനുഭവക്കുറിപ്പുകൾ പ്രേക്ഷകനെ കുത്തി നോവിക്കും. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കിയ തിരക്കഥയ്‌ക്ക് ശേഷം സമ്മർദ്ദം താങ്ങാനാകാതെ ആശുപത്രി വാസത്തിൽ ആയതും ശിവൻകുട്ടിയുടെ ഭ്രാന്തുകൾ തന്നിലേക്കും പകർന്നുപോയെന്ന വിഭ്രാന്തിയും ഏറെ അലട്ടിയതായി ബ്ലെസി പറഞ്ഞിട്ടുണ്ട്.
2009 ജൂൺ മാസം 25നാണ് ചിത്രം റിലീസാവുന്നത്. ലക്ഷ്‌മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ വീട്ടിലേക്ക് രൂക്ഷ ഭാവത്തിലുള്ള ചിരി ഒളിപ്പിച്ച് 'അണ്ണാറക്കണ്ണാ വാ' എന്ന പാട്ടുംപാടി കയറിവരുന്ന ശിവൻകുട്ടി. കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനെയും ഭ്രമരത്തിന്‍റെ അനന്ത തലങ്ങളിലേക്ക് ശിവൻകുട്ടിയും സംവിധായകൻ ബ്ലെസിയും വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഈ വരുന്ന ജൂൺ 25ന് ഭ്രമരത്തിന് പ്രായം 15.
ഭ്രമരം റിലീസ് ചെയ്‌ത് 15 വർഷങ്ങൾ പൂർത്തിയാകുന്നു. സിനിമയുടെ ഓർമകൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് സംവിധായകൻ ബ്ലെസി. 'ഭ്രമരം എന്ന സിനിമ എന്നെ അടക്കം അത്ഭുതപ്പെടുത്തിയ ഒരു സംഹിതയാണ്. ഒരു തരി ചിന്തയിൽ നിന്നും ഉത്ഭവിച്ചൊരു പ്രളയം പോലെ തിരക്കഥ സംഭവിക്കുന്നു. സിനിമയുടെ 60% തിരക്കഥ പൂർത്തിയാക്കുന്നത് വരെ ഈ സിനിമയിലെ കഥാപാത്രമായ ശിവൻകുട്ടി എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നോ സിനിമയുടെ കഥാവഴി എവിടേക്കാണ് പോകുന്നതെന്നോ ക്ലൈമാക്‌സ് എന്താകും എന്നോ എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു.
സിനിമയിൽ ഒരു ഘട്ടത്തിൽ ലോറി വളരെ വേഗത്തി ഓടിച്ച് ഒരു കൊക്കയുടെ സമീപം കൊണ്ട് ഇടിച്ചുനിർത്തുന്ന രംഗമുണ്ട്. ശേഷം ശിവൻകുട്ടി ലോറിയിൽ നിന്നിറങ്ങി കൈകൊട്ടി ചിരിക്കുന്നു. രംഗം എഴുതി പൂർത്തിയാക്കിയ ശേഷം ഞാൻ സ്വയം ചിന്തിച്ചു. ഇയാൾ എന്തിനാണ് ഇങ്ങനെ വിചിത്രമായി പെരുമാറുന്നത്.
ശിവൻകുട്ടിക്ക് എന്താ ഭ്രാന്ത് ഉണ്ടോ. സ്വയം ചോദിച്ചു പോയ ചോദ്യമാണിത്. പിന്നീടാണ് സത്യത്തിൽ ആദ്യത്തെ സീനുകളിലേക്ക് ഒന്ന് മറച്ചു നോക്കുന്നത്. അത്ഭുതപ്പെട്ടുപോയി, കഥാപാത്രത്തിന് വിഭ്രാന്തിയുടെ എല്ലാ ലക്ഷണങ്ങളും ഞാൻ തന്നെ എഴുതി വച്ചിട്ടുണ്ട്.
രൂക്ഷഭാവത്തിൽ ജോസ് എന്ന കള്ള പേര് പറഞ്ഞു വിചിത്ര മുഖവുമായി നിൽക്കുന്ന ശിവൻകുട്ടിയുടെ ചെവിയിൽ വണ്ടുമൂളുന്നുണ്ട്.
ആ മൂളലാണ് പിന്നീട് ഭ്രമരം എന്ന പേരിന് പ്രചോദനമായത്. സ്‌കീസോഫീനിക് (Schizophrenic) ആയിട്ടുള്ള രോഗികളുടെ ചെവിയിൽ ഇത്തരം ശബ്‌ദങ്ങൾ കേൾക്കാറുള്ളതായി അറിയാം. സിനിമയ്‌ക്ക് വേണ്ടി ചിന്തിച്ച പല പേരുകളും ആ നിമിഷം ചവറ്റുകൊട്ടയിൽ എറിഞ്ഞു. ഭ്രമരത്തോളം മികച്ചതൊന്ന് വേറെ കിട്ടാനില്ല. ഭ്രമരം എന്ന സിനിമയിലെ കഥയും കഥാപാത്രങ്ങളും ഞാൻ അനുഭവിക്കുന്നത് പോലെ, എന്നിലൂടെ സൃഷ്‌ടി ജനിക്കുന്നതിന് എന്‍റെ വിശ്വാസം എന്നെ സഹായിച്ചു എന്ന് വേണം പറയാൻ'- ബ്ലെസി പറഞ്ഞു.