നടനായും സംവിധായകനായും പ്രേക്ഷകമനസിൽ ഇടംനേടിയ ആളാണ് വിനീത് കുമാർ. ദിലീപിനെ നായകനാക്കി വിനീത് സംവിധാനം ചെയ്‌ത 'പവി കെയർടേക്കർ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 'പവി കെയർടേക്കറി'ന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് അദ്ദേഹം.
2018ന്‍റെ അവസാനത്തിലാണ് രാജേഷ് രാഘവൻ പവി കെയർടേക്കർ സിനിമയുടെ ആശയം എന്നോട് പങ്കുവയ്‌ക്കുന്നത്. തുടർന്ന് തിരക്കഥയുടെ പണി തുടങ്ങി. ഇതിനിടെയായിരുന്നു കൊവിഡിന്‍റെ വരവ്. കൊവിഡ് കാലം ശരിക്കും തിരക്കഥരചനയെ നല്ല രീതിയിൽ സഹായിച്ചു.
ഒരുപാട് നാളത്തെ അധ്വാനത്തിനുശേഷം ഇപ്പോഴിതാ ചിത്രം തിയേറ്ററിലെത്തി, ഒരാഴ്‌ച പിന്നിട്ടിരിക്കുകയാണ്. പ്രേക്ഷകരിൽ നിന്ന് മികച്ച സമീപനമാണ് ചിത്രത്തിന് ലഭിക്കുന്നത്.
പ്രേക്ഷകരോടൊപ്പം അവരിലൊരാളായി സിനിമ കണ്ടു. പ്രതീക്ഷിക്കാത്ത പല ഭാഗങ്ങളിലും പ്രേക്ഷകർ ചിരിക്കുന്നതും വൈകാരികമാകുന്നതും എല്ലാം നേരിട്ട് കാണാൻ സാധിച്ചു.
കാമിയോ റോൾ: സിനിമയുടെ ക്ലൈമാക്‌സിൽ അതിഥി വേഷത്തിൽ എത്തിയതും വളരെ യാദൃശ്ചികമായാണ്. മലയാളത്തിലെ മറ്റേതെങ്കിലുമൊരു നടനെയാണ് ആ രംഗത്തിലേക്ക് ആലോചിച്ചിരുന്നത്. സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ താത്പര്യമില്ല. പക്ഷേ ദിലീപേട്ടന്‍റെ നിർദേശപ്രകാരം ആ വേഷം ചെയ്യുകയായിരുന്നു.
തമാശകളുടെ സ്വഭാവം മാറി: സിനിമയിൽ ഉപയോഗിക്കുന്ന തമാശകളുടെ സ്വഭാവം ഇക്കാലത്ത് മാറിയിട്ടുണ്ട്. പ്രേക്ഷകരുടെ അഭിരുചിയിലും മാറ്റം വന്നു. സ്ലാപ്സ്റ്റിക് കോമഡികൾ ഉൾപ്പെടുത്തി ഒരു ചിത്രം ഒരുക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടായിരുന്നു.
പക്ഷേ സിനിമ ലക്ഷ്യംവച്ച പ്രേക്ഷകർ ആറിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്‌തില്ലെങ്കിൽ സ്ലാപ്സ്റ്റിക് കോമഡികൾ വർക്കായില്ലെന്ന് വരാം. ഒരു കോമഡി ചിത്രം ഒരുക്കുമ്പോൾ ഒരു വിഭാഗം പ്രേക്ഷകരെ മാത്രമല്ല പരിഗണിക്കേണ്ടത്. പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടപ്പോൾ കുട്ടികൾ കോമഡികൾ വളരെ ആസ്വദിക്കുന്നുണ്ടെന്ന് നേരിട്ട് ബോധ്യമായി, അവർക്കൊപ്പം മുതിർന്നവരും.
പവിത്രന്‍റെ കഥ: സിനിമയിൽ നായിക-നായകൻ തമ്മിലുള്ള ബന്ധം കൃത്യമായി വരച്ചു കാട്ടുന്ന ഒരുപാട് സീനുകൾ ഉണ്ട്. നായകനായ പവിത്രനിലൂടെയാണ് നായിക പ്രേക്ഷകന് സുപരിചിതമാകുന്നത്. തിരക്കഥയിൽ വളരെയധികം സമയം ചെലവഴിച്ച ഭാഗങ്ങൾ ആയിരുന്നു അത്.
പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന രീതിയിൽ പല സൂചനകളും ഒളിപ്പിച്ചുവച്ച് പവിത്രനിലൂടെ നായികയെ വിവരിക്കുന്ന രീതി അവലംബിച്ചിട്ടില്ല. പവിത്രന്‍റെ വൈകാരികതയിലൂടെയാണ് കടന്നുപോകാൻ ശ്രമിച്ചത്. ആധുനികകാലത്ത് ഒളിച്ചുകളി നടത്തുന്ന ഒരു കഥാപാത്രത്തെ വെളിച്ചത്തു കൊണ്ടുവരാൻ നിരവധി മാർഗങ്ങൾ ഉണ്ടല്ലോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയും സിനിമയിൽ തന്നെയുണ്ട്.
'മോഹം കൊണ്ടുഞാൻ...': ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുന്ന സമയത്ത് അങ്ങനെ ഒരു ട്രെൻഡ് ഇല്ലായിരുന്നു. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താൻ കാരണമായത്. മായ എന്ന കഥാപാത്രത്തിന്‍റെ ഇമോഷൻസ് ആ വരികളിൽ പ്രകടമാണ്. പ്രണയത്തിലേക്ക് കടക്കാൻ ആ ഗാനം നിർണായകമായിരുന്നു. പിന്നെ ജോൺസൺ മാഷ് എന്ന വിഖ്യാത സംഗീത സംവിധായകന്‍റെ അതിമനോഹരമായ കോമ്പോസിഷൻ. വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള ഗാനം.
വലിയ അവകാശവാദങ്ങളില്ല: എത്രയോ വർഷമായി ഒരു മലയാള സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിൽ കഥാപാത്രങ്ങൾ എല്ലാം ചേർന്നുനിന്ന് ശുഭ പര്യവസാനം ആയിട്ട്. ഒരു വിന്‍റേജ് സിനിമയുടെ സ്വഭാവത്തിൽ തന്നെയാണ് ഈ ചിത്രം ഒരുക്കിയത്. പല ജോണറിലുള്ള സിനിമകൾ ഇപ്പോൾ തിയേറ്ററുകളിൽ ഉണ്ടല്ലോ. ഈ ചിത്രം കണ്ടുകഴിഞ്ഞ് ഒരു ചെറുപുഞ്ചിരിയോടുകൂടി പ്രേക്ഷകന് തിയേറ്ററിൽ നിന്ന് ഇറങ്ങി വരാം. അത്രമാത്രം പോന്ന ആശയമാണ്. സിനിമയുടെ റിലീസിന് മുൻപും വലിയ അവകാശവാദങ്ങൾ ഞങ്ങൾ നടത്തിയിട്ടില്ല.
സിനിമയുടെ ചിത്രീകരണത്തിനിടെ ദിലീപ് എന്ന നടൻ അത്ഭുതപ്പെടുത്തിയ ഒരുപാട് നിമിഷങ്ങളുണ്ട്. ചിത്രത്തിന്‍റെ ഒരു നിർണായക ഘട്ടത്തിൽ മാജിക് ലൈറ്റ് ലഭ്യമായ ഒരു നിമിഷത്തിൽ, ജോണി ആന്‍റണിക്കൊപ്പമുള്ള ദിലീപിന്‍റെ ഒരു രംഗമുണ്ട്. കുറഞ്ഞ സമയം കൊണ്ട് ഒറ്റ ഷോട്ടിൽ അതേ ഓക്കെയായി.
ആ രംഗം ഒരു സംവിധായകൻ എന്നുള്ള രീതിയിൽ എന്നെ വല്ലാതെ ആകർഷിച്ചു. ആ രംഗത്തിന് റിഹേഴ്‌സലും ഉണ്ടായിരുന്നില്ല. ഷോട്ട് കഴിഞ്ഞതും ലൊക്കേഷനിൽ ഉള്ള എല്ലാവരും കൈയ്യടിച്ചു. മാത്രമല്ല വളരെ ഇമോഷണൽ ആയ രംഗവുമായിരുന്നു അത്.
സംവിധാനം തന്നെ ലക്ഷ്യം: നടൻ എന്നതിലുപരി ഒരു സംവിധായകൻ ആവുകയായിരുന്നു എന്‍റെ ജീവിത ലക്ഷ്യം. അച്ഛൻ ഒരു ഫോട്ടോഗ്രാഫർ ആയിരുന്നു. കുട്ടിക്കാലത്ത് തന്നെ വീട്ടിൽ ഉണ്ടായിരുന്ന ഒരു വീഡിയോ ക്യാമറ ഉപയോഗിച്ച് അമെച്ച്വർ ഷോർട്ട് ഫിലിംസ് ചിത്രീകരിക്കുമായിരുന്നു.
പക്ഷേ യാദൃശ്ചികമായി ബാലതാരമായി സിനിമയിൽ അരങ്ങേറി. സിനിമയിൽ ഗ്യാപ്പ് ഉണ്ടെന്ന് പ്രേക്ഷകർ പറയുമ്പോഴും ഇൻഡസ്‌ട്രിയുടെ ഭാഗം തന്നെയാണ്. കഴിഞ്ഞ 14 വർഷമായി പരസ്യമേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. പിന്നീട് സിനിമ ആശയങ്ങൾ കണ്ടെത്തുകയും അത് എഴുതാൻ ശ്രമിക്കുകയും ചെയ്‌തു.
മലയാളത്തിലെ പല റൈറ്റേഴ്‌സുമായി ചേർന്ന് സിനിമകൾ ചർച്ച ചെയ്‌തിട്ടുണ്ട്. എന്‍റെ സിനിമകൾക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് ഒരിക്കലും ഒഫന്‍റഡ് ആകാറില്ല. വിമർശകർ പറയുന്നതിനേക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ എന്‍റെ ആദ്യ സിനിമയിൽ എനിക്ക് കാണാനായിട്ടുണ്ട്. അതുതന്നെയാണ് ഒരു നല്ല സംവിധായകന് വേണ്ട സ്വഭാവഗുണമെന്ന് ഞാൻ വിശ്വസിക്കുന്നു.
വിനീത് കുമാർ എന്ന സംവിധായകന്‍റെ സിനിമയാണിത് എന്ന ലേബലിൽ ഒരു ചിത്രം പ്രേക്ഷകർ കാണരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് എന്‍റെ മൂന്ന് ചിത്രങ്ങളും മൂന്ന് ജോണറിൽ ഒരുക്കിയിരിക്കുന്നത്. ടൈപ്പ് ചെയ്യപ്പെടുന്ന ഒരു സംവിധായകനായി അറിയപ്പെടാൻ താത്പര്യമില്ല. എന്‍റെ സിനിമയോടുള്ള സമീപനം അങ്ങനെയാണ്. ഇതൊരു വിനീത് കുമാർ ചിത്രം എന്ന ബ്രാൻഡിംഗ് ആഗ്രഹിക്കുന്നില്ല.
എന്‍റെ സിനിമ പുറത്തിറങ്ങിയാൽ അത് കണ്ടശേഷമാണ് ഗുണനിലവാരത്തെ വിലയിരുത്തേണ്ടത്. അതുപോലെ തന്നെയാണ് ഒരു നടന്‍റെ കാര്യത്തിലും. അയാളുടെ സിനിമയാണ് വിലയിരുത്തേണ്ടത്. അയാളുടെ വ്യക്തിജീവിതവും കലാസൃഷ്‌ടിയുമായി യാതൊരു ബന്ധവുമില്ല.
സിനിമയുടെ പ്രമോഷണൽ വീഡിയോകൾ പുറത്തിറങ്ങുമ്പോൾ വീഡിയോയ്‌ക്ക് താഴെ മോശപ്പെട്ട കമന്‍റുകൾ കാണാനിടയായി. ഫെയ്‌ക്ക് പ്രൊഫൈലുകളിൽ നിന്ന് സംഘടിതമായാണ് ഇത്തരം കമന്‍റുകൾ എഴുതിവിടുന്നത്. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല- വിനീത് കുമാർ പറഞ്ഞു.
ALSO READ