'ദേവദൂതൻ' ഫോർ കെ അറ്റ്‌മോസ് പ്രദർശനത്തിന് എത്തുന്നു എന്ന വാർത്ത മലയാളികൾ ഒന്നടങ്കം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയുടെ റീ റിലീസ് വേർഷന്‍റെ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. നടൻ മോഹൻലാൽ, സിനിമയുടെ സംവിധായകനായ സിബി മലയിൽ, തിരക്കഥാകൃത്ത് രഘുനാഥ് പലേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി, നിർമ്മാതാവ് സിയാദ് കോക്കർ തുടങ്ങിയർ ചടങ്ങിൽ വച്ച് 'ദേവദൂതൻ' എന്ന പരാജയ ചിത്രത്തിനെ പിൽക്കാലത്ത് മലയാളികൾ ഹൃദയത്തിലേറ്റിയ ഓർമകൾ പങ്കുവച്ചു.
നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, രഞ്ജിത്ത്, തിരക്കഥാകൃത്ത് എസ് എൻ സ്വാമി തുടങ്ങിയവരും ചടങ്ങിൽ പങ്കുവച്ചു. ദേവദൂതൻ എന്ന തന്‍റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകളുമായാണ് മോഹൻലാൽ വേദിയിലെത്തിയത്. 'കാലം തെറ്റി ഇറങ്ങിയത് കൊണ്ടാണ് ദേവദൂതൻ പരാജയപ്പെട്ടത് എന്നുള്ള പ്രയോഗങ്ങൾ ഒന്നും ഞാനിവിടെ ആവർത്തിക്കുന്നില്ല. അക്കാലത്ത് ദേവദൂതൻ പരാജയപ്പെടാൻ മറ്റെന്തെങ്കിലും കാരണം ഉണ്ടാകും.
ഒരു സിനിമ പ്രേക്ഷകരിലേക്ക് കൃത്യമായി സംവദിക്കാത്തതുകൊണ്ടോ മറ്റു ഹിറ്റ് ചിത്രങ്ങൾ കൂടെ റിലീസ് ചെയ്‌തതുകൊണ്ടോ വിഷയം പ്രേക്ഷകർക്ക് രസിക്കാതെ വന്നതുകൊണ്ടോ ഒക്കെ സിനിമകൾ പരാജയപ്പെട്ടേക്കാം. അക്കാലത്ത് റിലീസിന് മുമ്പ് ചിത്രത്തിന്‍റെ ഫൈനൽ കണ്ടപ്പോൾ അത്ഭുതം ആയിരുന്നു. ഇതിലും മികച്ച എത്രയോ ചിത്രങ്ങൾ തിയേറ്ററുകളിൽ പരാജയപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് എന്ന ചോദ്യം തേടി പോയാൽ ഉത്തരം കിട്ടുക ഒരൽപം ബുദ്ധിമുട്ടുള്ള കാര്യം തന്നെ.
വീണ്ടും തിയേറ്ററിൽ സിനിമ എത്തുന്നത് പഴയ വേർഷൻ അപ്പാടെ റീമാസ്റ്റർ ചെയ്‌തല്ല. ചിത്രം റീ എഡിറ്റിംഗ് ചെയ്‌തിട്ടുണ്ട്. സിബി മലയിൽ എന്‍റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകൾ സമ്മാനിച്ച ആളാണ്. ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തൊട്ട് അദ്ദേഹവുമായി നല്ല ബന്ധമുണ്ട്. സദയം, ദശരഥം തുടങ്ങിയ ചിത്രങ്ങളും തിയേറ്ററിൽ അക്കാലത്ത് പരാജയപ്പെട്ട ചിത്രങ്ങളാണ്. പക്ഷേ ദേവദൂതൻ പോലെ പിൽക്കാലത്ത് അത്തരം ചിത്രങ്ങളും ക്ലാസിക്കുകളായി മാറി', മോഹൻലാൽ പറഞ്ഞു.
ALSO READ: 'ദേവദൂതൻ' റീ-റിലീസ് ട്രെയിലർ പുറത്ത്; ആകാംക്ഷയിൽ സിനിമാസ്വാദകർ