തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ കുരുക്കിലായ സംവിധായകനും കേരള ചലചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിന്‍റെ രാജിക്കായി മുറവിളി ശക്തമായി. സിനിമയില്‍ റോള്‍ വാഗ്‌ദാനം ചെയ്‌ത് വിളിച്ചു വരുത്തിയ ശേഷം തന്നോട് ഹോട്ടലില്‍ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നും അനുവാദമില്ലാതെ ശരീര ഭാഗങ്ങളില്‍ സ്‌പര്‍ശിച്ചുവെന്നുമുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് രഞ്ജിത്ത് ചലചിത്ര അക്കാദമി അധ്യക്ഷപദം ഒഴിയണമെന്ന ആവശ്യം ശക്തമായത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഈ ആവശ്യവുമായി ആദ്യം മുന്നോട്ടു വന്നത്. രഞ്ജിത്ത് സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. തൊട്ടു പിന്നാലെ രഞ്ജിത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തു വന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എബിന്‍ വര്‍ക്കിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. രഞ്ജിത്തിന്‍റെ രാജി ആവശ്യപ്പെട്ട് ബിജിപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും രംഗത്തു വന്നു.
താന്‍ ഉന്നയിച്ച വെളിപ്പെടുത്തലില്‍ ഉറച്ചു നില്‍ക്കുന്നതായി നടി ഇന്നും ചില മാധ്യമങ്ങളോടു പ്രതികരിച്ചു. അതിനിടെ രഞ്ജിത്തിനെ ന്യായീകരിച്ച് സിനിമ മന്ത്രി സജി ചെറിയാന്‍ രംഗത്തു വന്നു. കേട്ടുകേള്‍വിയുടെ അടിസഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി രഞ്ജിത്തിന് സംരക്ഷണ കവചമൊരുക്കുകായിരുന്നു സജി ചെറിയാന്‍.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത കേസ് തള്ളിയാണ് മന്ത്രി രഞ്ജിത്തിനെ ന്യായീകരിച്ചത്. അന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ എടുത്തിട്ട് എന്തായെന്നും ഇവിടെയും അതേ ഗതി ഉണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ ന്യായീകരണം.
അതേസമയം രഞ്ജിത്ത് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് നടന്‍ അനൂപ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച പരസ്യ വിശദീകരണത്തിന് രഞ്ജിത്ത് ഇതുവരെയും തയ്യാറായിട്ടില്ല.