പ്രഭാസ് നായകനാകുന്ന ചിത്രം 'കൽക്കി 2898 എഡി' ജൂൺ 27ന് ആഗോള തലത്തിർ റിലീസിന് തയ്യാറെടുക്കുകയാണ്. ദേശീയ അവാർഡ് ജേതാവായ നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ഈ സയൻസ് ഫിക്ഷൻ ഇതിഹാസ ചിത്രം വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ ദീപിക പദുക്കോണിൻ്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
പ്രഭാസിന്‍റേത് പോലെ ദീപികയുടെ കഥാപാത്രത്തിനും ഒരു പുരാണ ബന്ധമുണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സിനിമയിലെ താരത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് പത്മ എന്നാണെന്നും 'ലക്ഷ്‌മി ദേവി'യുടെ പുനർജന്മമാകും ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം വിവിധ പോസ്റ്ററുകളിലും ട്രെയിലറുകളിലും താരത്തിൻ്റെ ഓൺ-സ്‌ക്രീൻ ലുക്ക് ഇതിനേടകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ കഥാപാത്രത്തിൻ്റെയും പേരോ പ്രത്യേകതകളോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
നിലവിൽ ഗർഭിണിയായ ദീപിക പദുക്കോൺ, 'കൽക്കി 2898 എഡി'യുടെ പ്രൊമോഷൻ പരിപാടികളിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. ജൂൺ ആദ്യമാകും സിനിമയുടെ ട്രെയിലർ ലോഞ്ച് നടക്കുക. പിന്നാലെ തരാങ്ങളും അണിയറക്കാരും പ്രൊമോഷൻ പരിപാടികൾ ആരംഭിക്കുമെന്നാണ് വിവരം.
വൈജയന്തി മൂവീസിൻ്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിച്ച ഈ ബഹുഭാഷ, ബിഗ് ബജറ്റ് സിനിമയിൽ പ്രഭാസ്, ദീപിക പദുക്കോൺ എന്നിവർക്ക് പുറമെ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരും വേഷമിടുന്നുണ്ട്. ദിഷ പടാനിയും കൽക്കിയിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ബുജ്ജി എന്ന റോബോർട്ടാണ് ഈ സിനിമയിലെ മറ്റൊരു പ്രധാന ആകർഷണം. കീർത്തി സുരേഷ് ആണ് ബുജ്ജിയ്‌ക്ക് ശബ്‌ദം നൽകുന്നത്.
ഭൈരവ എന്നാണ് 'കൽക്കി 2898 എഡി'യിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ബുജ്ജി-ഭൈരവ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ആഡംബര പ്രി-റിലീസ് ഇവൻ്റിൽ ആയിരുന്നു ഭൈരവയെയും ബുജ്ജിയെയും പ്രത്യേക ടീസറിലൂടെ നിർമാതാക്കൾ വെളിപ്പെടുത്തിയത്. കൽക്കിയുടെ അവിഭാജ്യ ഘടകമാകും ഭൈരവയുടെ ബുജ്ജി എന്ന വാഹനമെന്നുറപ്പ്.
2898-ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് 'കൽക്കി 2898 എഡി' എന്നാണ് സൂചന. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ചിത്രമാകും കൽക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതൊരു ടൈം ട്രാവല്‍ ചിത്രമല്ലെന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.