തിരുവനന്തപുരം: യുവ നടിയുടെ പരാതിയെ തുടര്‍ന്ന് നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് നടനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. നടി ഡിജിപിക്ക് ഇ മെയിലായി നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസിന്‍റെ നടപടി.
പരാതി ഡിജിപി ഓഫീസില്‍ നിന്നും മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. പരാതി സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
2016ല്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പരാതിക്കാരിയെ നടന്‍ സിദ്ദിഖ് ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്. സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌തായിരുന്നു പീഢനമെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.
മുന്‍പും നടി ഈ ആരോപണം സാമൂഹ്യ മാധ്യമങ്ങളിലടക്കം പങ്കുവെച്ചിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ വീണ്ടും നടി ആരോപണം ഉന്നയിച്ചതോടെയാണ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ദിഖ് രാജിവെച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നല്ല തന്‍റെ ഈ വെളിപ്പെടുത്തലെന്നും, തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച സിദ്ദിഖ് അടക്കമുള്ള നിരവധി പേരെ കുറിച്ച് 2019 മുതൽ തുറന്നു പറയുന്നുണ്ടെന്നും നടി പ്രതികരിച്ചിരുന്നു. അത്തരത്തിൽ 2021 ജൂലൈ 15ന് നടി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയ പേരുകള്‍ ഈ അവസരത്തില്‍ വീണ്ടും ചർച്ചയാവുകയാണ്.
'എന്‍റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്‍റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്‌ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്‍റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!!!.
1. രാജേഷ് ടച്ച് റിവർ (സംവിധായകൻ)
2. സിദ്ദിഖ്(നടൻ)
3. ആഷിഖ് മാഹി (ഫോട്ടോഗ്രാഫർ)
4. ഷിജു എ.ആർ (നടൻ)
5. അഭിൽ ദേവ് (കേരള ഫാഷൻ ലീഗ്, ഫൗണ്ടർ)
6. അജയ് പ്രഭാകർ (ഡോക്‌ടർ)
7. എം.എസ് പാദുഷ് (അബ്യൂസർ)
8. സൗരഭ് കൃഷ്‌ണൻ (സൈബർ ബുള്ളി)
9. നന്തു അശോകൻ (അബ്യൂസർ, DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട്)
10. മാക്ക്‌സ് വെൽ ജോസ് (ഷോർട്ട് ഫിലിം ഡയറക്‌ടർ)
11. ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്‌ടർ)
12. രാകേന്ത് പൈ, കാസ്‌റ്റ് മീ പെർഫെക്‌ട് (കാസ്‌റ്റിംഗ് ഡയറക്‌ടർ)
13. സരുൺ ലിയോ (ESAF ബാങ്ക് ഏജന്‍റ്, വലിയതുറ)
14. സബ്ബ് ഇൻസ്‌പെക്‌ടർ ബിനു (പൂന്തുറ പൊലീസ് സ്‌റ്റേഷൻ, തിരുവനന്തപുരം)
ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും...!!' -ഇപ്രകാരമായിരുന്നു നടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്.