എറണാകുളം: നടിയുടെ പീഡന പരാതിയിൽ നടനും, കൊല്ലം എംഎൽഎയുമായ എം. മുകേഷിനെതിരെ പൊലീസ് കേസെടുത്തു. മരട് പൊലീസാണ് കേസെടുത്തിട്ടുള്ളത്. നടൻ ലൈംഗികാതിക്രമം നടത്തിയതായി എറണാകുളം സ്വദേശിയായ നടി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഇതുപ്രകാരം ഐപിസി 354, 509, 452 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഭാരതീയ ന്യായ് സൻഹിത നിലവിൽ വരുന്നതിന് മുമ്പ് നടന്ന കുറ്റകൃത്യമായതിനാൽ ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ മുകേഷ് എവിടയാണെന്നുള്ള വിവരം ലഭിച്ചിട്ടില്ല.
ജസ്റ്റിസ് കെ ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിവിധ സംവിധായകർക്കും അഭിനേതാക്കൾക്കുമെതിരെയുള്ള ലൈംഗികാരോപണങ്ങളെ തുടർന്ന് മലയാളത്തിലെ പ്രമുഖ വ്യക്തിത്വത്തിനെതിരെയുള്ള മൂന്നാമത്തെ എഫ്ഐആറാണിത്. 2016-ൽ നടിയെ ഹോട്ടൽ മുറിയിൽ ബലാത്സംഗം ചെയ്‌ത കേസിൽ നടൻ സിദ്ദിഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് ബുധനാഴ്‌ച കേസെടുത്തിരുന്നു. തനിക്കെതിരായ ആരോപണത്തെ തുടർന്ന് മലയാളം മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (എഎംഎംഎ) ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് നേരത്തെ രാജിവച്ചിരുന്നു.
2009-ൽ സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്ന ബംഗാളി നടിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 354 പ്രകാരം രഞ്‌ജിത്തിനെതിരെ കേസെടുത്തു. 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചതിന് ശേഷം സംവിധായകൻ തന്നെ ലൈംഗികോദ്ദേശ്യത്തോടെ സ്‌പർശിച്ചുവെന്നായിരുന്നു പരാതി. ആരോപണം പുറത്തുവന്നതിനെത്തുടർന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെച്ചിരുന്നു.
Also Read : മുകേഷ് പുറത്തേയ്‌ക്ക്; സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിയും