'ഡ്രാക്കുള' എന്ന ചിത്രത്തിലൂടെ സുധീർ സുകുമാരൻ മലയാളികള്‍ക്ക് സുപരിചിതനാണ്. 'കൊച്ചി രാജാവ്' അടക്കമുള്ള നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും 2012ല്‍ വിനയന്‍ സംവിധാനം ചെയ്‌ത 'ഡ്രാക്കുള' എന്ന ചിത്രം സുധീര്‍ സുകുമാരന്‍റെ കരിയറിൽ വലിയ വഴിത്തിരിവായി. നിരവധി മലയാള സിനിമയില്‍ സുധീര്‍ തന്‍റെ സാന്നിധ്യം അറിയിച്ചെങ്കിലും പിൽക്കാലത്ത് സിനിമയിൽ നിന്നും നടന്‍ അപ്രത്യക്ഷനായിരുന്നു.
ഇപ്പോഴിതാ ഒരിടവേളയ്‌ക്ക് ശേഷം സുധീർ സുകുമാരൻ തിരിച്ചുവരികയാണ്. ഈ തിരിച്ചുവരവില്‍ സുധീര്‍ ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ആരെയും വേദനിപ്പിക്കുന്നതാണ്. നന്നായി ആരോഗ്യം സംരക്ഷിക്കുന്ന വ്യക്തി ആയിരുന്നിട്ടും ദിവസവും വ്യായാമം ചെയ്യുന്ന വ്യക്തിയായിരുന്നിട്ടും, പോഷക സമ്പുഷ്‌ടമായ ഭക്ഷണം കഴിക്കുന്ന വ്യക്തിയായിരുന്നിട്ട് കൂടി ക്യാന്‍സര്‍ എന്ന മാറാരോഗം തന്നെ കീഴടക്കി എന്ന സുധീറിന്‍റെ തുറന്നു പറച്ചിൽ മലയാളികളെ മാത്രമല്ല, മലയാള സിനിമയെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. താൻ രോഗശയ്യയിൽ ആയിരുന്നപ്പോൾ സുരേഷ് ഗോപി അടക്കമുള്ളവർ സഹായത്തിന് എത്തിയതായും സുധീര്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ അർജുൻ സർജയെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുകയാണ് സുധീർ സുകുമാരന്‍. ഓഗസ്‌റ്റ് 29ന് റിലീസിനെത്തുന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം സുധീര്‍ സുകുമാരന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുധീര്‍ സുകുമാരന്‍ തന്‍റെ മനസ്സു തുറന്നത്.
തന്‍റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണ് സംവിധായകൻ കണ്ണൻ താമരക്കുളം എന്ന് സുധീര്‍ പറഞ്ഞു. 'രോഗസമയത്ത് ഒക്കെ തനിക്ക് ആത്മധൈര്യം ലഭിക്കാന്‍ അദ്ദേഹവുമായി നിരന്തരം സംസാരിക്കുമായിരുന്നു. കീമോതെറാപ്പി ആരംഭിച്ച സമയത്താണ് കൊവിഡ് ലോക്ക്‌ഡൗൺ സംഭവിക്കുന്നത്. ജീവിതം വല്ലാത്ത പ്രതിസന്ധിയിലായി. ജീവിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പം മനസ്സിൽ നിറയുന്നു. അപ്പോഴാണ് കണ്ണൻ താമരക്കുളം വിളിക്കുന്നതും, ഒരു സിനിമയുണ്ട്, അഭിനയിക്കാമോ എന്ന് ചോദിക്കുന്നതും, നാല് ഫൈറ്റ് ഉണ്ടെന്ന് പറയുന്നതും.
ഇനി എഴുന്നേറ്റ് നടക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത എന്നോടാണ് നാല് ഫൈറ്റ് ഉണ്ടെന്ന് ഒരു സംവിധായകൻ വിളിച്ചു പറയുന്നത്. അതിനർത്ഥം ജീവിതത്തിൽ ഫൈറ്റ് ചെയ്‌ത് മുന്നോട്ട് കേറി വരാൻ താല്‍പ്പര്യം ഇല്ലേ എന്നായിരുന്നു. കണ്ണൻ താമരക്കുളത്തിന്‍റെ വാക്കുകളാണ് തനിക്ക് ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരാൻ പ്രചോദനമായത്.
ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ ആദ്യ രംഗം തന്നെ ആക്ഷനായിരുന്നു. അർജുൻ സർജയോടൊപ്പമുള്ള നിമിഷങ്ങൾ മറക്കാനാകാത്തതാണ്. കുട്ടിക്കാലം മുതൽ കണ്ടു പരിചയിച്ച മുഖം. ആരാധനയോടെ അർജുന്‍റെ സിനിമകൾ കണ്ടിരുന്ന ഒരു കാലം തനിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒന്നിക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം.' -സുധീര്‍ പറഞ്ഞു.