മുംബൈ : ദക്ഷിണ മുംബൈയിലെ ഹുക്ക പാര്‍ലറില്‍ നടന്ന റെയ്‌ഡില്‍ സ്‌റ്റാൻഡ്-അപ്പ് കോമേഡിയനും ബിഗ് ബോസ് വിജയിയുമായ മുനവർ ഫാറൂഖി ഉൾപ്പെടെ 14 പേരെ മുംബൈ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഫോർട്ടിലെ ബോറ ബസാർ ഏരിയയിലുള്ള ഹുക്ക പാർലറിൽ ചൊവ്വാഴ്‌ച രാത്രി 10.30 ഓടെ സിറ്റി പൊലീസിന്‍റെ സോഷ്യൽ സർവീസ് ബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് താരം പിടിയിലായത്. റെയ്‌ഡ് ഇന്ന് (27-03-2024) പുലർച്ചെ 5 മണി വരെ നീണ്ടു.
ഫാറൂഖിക്കും മറ്റുള്ളവര്‍ക്കും നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചതായി മാതാ രമാഭായി അംബേദ്‌കർ മാർഗ് പൊലീസ് അറിയിച്ചു. 'റെയ്‌ഡിനിടെ മുനവർ ഫാറൂഖിയും ബാക്കിയുള്ളവരും ഹുക്ക വലിക്കുന്നതായി കണ്ടെത്തി. ഇവര്‍ ഹുക്ക വലിക്കുന്ന വീഡിയോയും ഞങ്ങളുടെ പക്കലുണ്ട്. ഫാറൂഖിയെയും മറ്റുള്ളവരെയും ഞങ്ങള്‍ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍ കേസെടുത്ത ശേഷം ഇവരെ വിട്ടയച്ചു'- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഹെർബൽ ഹുക്കയുടെ മറവില്‍ പാർലറിൽ ചിലര്‍ പുകയില അടങ്ങിയ ഹുക്ക വലിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 283 (പൊതുവഴിയിലോ നാവിഗേഷൻ ലൈനിലോ അപകടം അല്ലെങ്കിൽ തടസ്സം ഉണ്ടാക്കുക), 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തി സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവര്‍ത്തി), സിഗരറ്റ് ആന്‍റ് അതര്‍ ടൊബാക്കോ പ്രോഡക്‌ട്‌സ് ആക്‌ട് ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഫാറൂഖിക്കെതിരെ കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also Read : കുഞ്ഞിനെ ദത്തെടുത്തത് പ്രശസ്‌തിക്ക് വേണ്ടിയെന്ന് പരാതി ; ബിഗ് ബോസ് താരം അറസ്‌റ്റില്‍ - Bigboss Fame Arrested