കൊച്ചി: കേരളപ്പിറവി ദിനത്തില്‍ കൊച്ചിയിലെ അമ്മ ആസ്ഥാനത്ത് ഒത്തുകൂടി സിനിമാ താരങ്ങള്‍. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള താരങ്ങളാണ് അമ്മ ആസ്ഥാനത്ത് എത്തിയത്. അമ്മ തിരിച്ചു വരവിന്‍റെ പാതയിലാണെന്നും അതിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം പുതിയ കമ്മിറ്റി നിലവില്‍ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേ സമയം സംഘടനയില്‍ നിന്ന് രാജി വച്ച അതേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. സുരേഷ് ഗോപി ഇന്ന് ഇതേ കാര്യമാണ് പറഞ്ഞത്. പുതിയ തെരെഞ്ഞെടുപ്പ് നടത്തുക ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതില്‍ ചിലര്‍ ആരോപണവിധേയര്‍ മാത്രമാണ്. അങ്ങനെയുള്ളവര്‍ രാഷ്‌ട്രീയത്തില്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരാണ് സംഘടന തലപ്പത്ത് വരേണ്ടത്. ധര്‍മജന്‍ ബോള്‍ഗാട്ടി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന ജയന്‍ ചേര്‍ത്തല, വിനു മോഹന്‍, ടിനി ടോം, ബാബു രാജ് തുടങ്ങിയവരും ഇന്ന് അമ്മ ആസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇന്ന് നടന്നത് യോഗമല്ലെന്നും താരങ്ങളുടെ ഒത്തുച്ചേരല്‍ മാത്രമാണെന്നും വിനു മോഹന്‍ പറഞ്ഞു. ബീന ആന്‍റണി, അനൂപ് മേനോന്‍, സുരേഷ് കൃഷ്‌ണ, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, തുടങ്ങിയവരും ഇന്ന് ഒത്തുച്ചേരലില്‍ പങ്കെടുത്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ എക്‌സിക്യുട്ടീവ് അംഗങ്ങളെ പിരിച്ചുവിട്ടിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയന്‍ പിള്ള രാജു എന്നിവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ക്കെതിരെയും ലൈംഗികാതിക്രമക്കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതോടെയായിരുന്നു അമ്മ സംഘടന പിരിച്ചു വിട്ടത്.
ജനറല്‍ ബോഡിയോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് പ്രസിഡന്‍റ് ആയിരുന്ന മോഹന്‍ലാല്‍ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Also Read:അമ്മ ആസ്ഥാനത്ത് നാളെ യോഗം; താത്‌കാലിക ഭരണ ചുമതലയുള്ള താരങ്ങള്‍ സംഗമിക്കും