സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. എആര്‍ റഹ്‌മാന്‍റെ ഭാര്യ സൈറയാണ് ഇരുവരും വേര്‍പിരിയുന്നതിനെ കുറിച്ച് പ്രസ്‌താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചത്.
സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് ആആര്‍ റഹ്‌മാന്‍റെയും സൈറയുടെയും വിവാഹമോചന വാര്‍ത്ത പ്രസ്‌താവനയിലൂടെ പുറത്തുവിട്ടത്. ഏറെ വിഷമത്തോടെയാണ് ഈ കഠിനമായ തീരുമാനം എടുക്കുന്നതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് സൈറ പ്രസ്‌താവന പുറത്തുവിട്ടത്.
ഇപ്പോഴിതാ തന്‍റെ വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് എആര്‍ റഹ്‌മാന്‍. 30 വര്‍ഷത്തെ ദാമ്പത്യ ജീവിതം തങ്ങള്‍ ഒന്നിച്ച് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് കുറിച്ച് കൊണ്ടാണ് എആര്‍ റഹ്‌മാന്‍ തന്‍റെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എക്‌സിലൂടെയാണ് റഹ്‌മാന്‍റെ പ്രതികരണം. എആര്‍ആര്‍ സൈറ ബ്രക്കപ്പ് (#arrsairabreakup) എന്ന ഹാഷ്‌ടാഗോടു കൂടിയാണ് അദ്ദേഹം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
"മുപ്പത് വർഷം എന്ന വലിയ ഒരു നാഴികക്കല്ല് നമ്മൾ ഒരുമിച്ച് പിന്നിടുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദമ്പതികൾ പിരിയുമ്പോൾ ദൈവത്തിൻ്റെ സിംഹാസനം വിറയ്‌ക്കുന്നു എന്നാണ് തിരുവചനം. അങ്ങനെ സംഭവിച്ചിരിക്കുന്നു.
എന്നിട്ടും ഈ തകർച്ചയിൽ ഞങ്ങൾ അർത്ഥം തേടുന്നു. ചിതറിപ്പോയ ചിലതൊക്കെ വീണ്ടും കൂട്ടിച്ചേര്‍ക്കുക അസാധ്യം. ഞങ്ങളുടെ സുഹൃത്തുക്കളോട്, നിങ്ങളുടെയൊക്കെ കരുണയ്ക്കും സ്നേഹത്തിനും നന്ദി. ജീവിതത്തിലെ ഈ ദുര്‍ബലമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ അഭ്യർത്ഥിക്കുന്നു."
“We had hoped to reach the grand thirty, but all things, it seems, carry an unseen end. Even the throne of God might tremble at the weight of broken hearts. Yet, in this shattering, we seek meaning, though the pieces may not find their place again. To our friends, thank you for…
— A.R.Rahman (@arrahman) November 19, 2024
അതേസമയം 29 വര്‍ഷത്തെ ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് സൈറയുടെ പ്രസ്‌താവന തുടങ്ങുന്നത്. പരസ്‌പരം സ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ പറയുന്നത്.
"വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം, സൈറ തൻ്റെ ഭർത്താവ് എആർ റഹ്‌മാനിൽ നിന്നും വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനം എടുത്തു. വിവാഹ ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മര്‍ദ്ദത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പരസ്‌പരം അഗാധമായ സ്‌നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയലില്‍ പരിഹരിക്കാന്‍ ആകാത്ത വിടവ് സൃഷ്‌ടിച്ചതായി ഇരുവരും കണ്ടെത്തി.
കഠിനമായ വേദനയോടെയാണ് ഈ തീരുമാനം എടുക്കുന്നത്. തൻ്റെ ജീവിതത്തിലെ ഈ ദുഷ്‌കരമായ അദ്ധ്യായം വെളിപ്പെടുത്തുന്നതിനാല്‍, വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു."-ഇപ്രകാരമായിരുന്നു സൈറയുടെ പ്രസ്‌താവന.
1995ലായിരുന്നു എആര്‍ റഹ്‌മാനും സൈറയും വിവാഹിതരായത്. റഹ്‌മാന്‍റെ മാതാവ് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. ഖദീജ റഹ്‌മാന്‍, റഹീമ റഹ്‌മാന്‍, എആര്‍ അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. 29 വര്‍ഷം ഒന്നിച്ചുണ്ടായിരുന്ന റഹ്‌മാനും സൈറയ്‌ക്കും മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടാന്‍ കഴിഞ്ഞില്ല എന്നത് സങ്കടകരമാണ്.