അക്കാദമി അവാർഡ് ജേതാവും ഇന്ത്യയുടെ അഭിമാനവുമായ സംഗീതസംവിധായകൻ എ ആർ റഹ്‌മാൻ തന്‍റെ ഏറ്റവും പുതിയ പ്രൊജക്‌ടായ 'ഹെഡ്‌ഹണ്ടിങ് ടു ബീറ്റ്‌ബോക്‌സിങ്' എന്ന ഫീച്ചർ ഡോക്യുമെന്‍ററിയുടെ ഫസ്റ്റ് ലുക്കും ട്രെയിലറും പുറത്തിറക്കി. 77-ാമത് കാൻ ചലച്ചിത്രമേളയുടെ ഭാരത് പവലിയനാണ് എ ആർ റഹ്‌മാൻ നിർമിച്ച മ്യൂസിക്കൽ ഡോക്യുമെന്‍ററിയുടെ അനാച്ഛാദനത്തിന് വേദിയായത്. രോഹിത് ഗുപ്‌ത സംവിധാനം ചെയ്‌ത 'ഹെഡ്‌ഹണ്ടിങ് ടു ബീറ്റ്‌ബോക്‌സിങ്' വ്യത്യസ്‌ത രാജ്യങ്ങളിലൂടെയും ഗോത്രങ്ങളിലൂടെയും തലമുറകളിലൂടെയും പരിണമിച്ച സംഗീതത്തിന്‍റെ യാത്രയാണ് വരച്ചുകാട്ടുന്നത്.
താളമേളത്തിന്‍റെയും ശബ്‌ദത്തിന്‍റെയും ആകർഷകമായ യാത്രയാകും എ ആർ റഹ്‌മാൻ നിർമിച്ചിരിക്കുന്ന 'ഹെഡ്‌ഹണ്ടിങ് ടു ബീറ്റ്‌ബോക്‌സിങ്'. "സംഗീതത്തിന് സമൂഹത്തെ മാറ്റാനും ബന്ധിപ്പിക്കാനും അസ്‌തിത്വത്തിന് അർഥം പകരാനുമുള്ള പരിവർത്തന ശക്തിയുണ്ട്. ഹെഡ്‌ഹണ്ടിങ് ടു ബീറ്റ്‌ബോക്‌സിങ് എന്നത് മനുഷ്യരാശിയെ അതിൻ്റെ വിവിധ ഭാവങ്ങളിലൂടെ ബന്ധിപ്പിക്കുന്ന സാർവത്രിക താളത്തിൻ്റെ ആഘോഷമാണ്.
ചലച്ചിത്രോത്സവ യാത്രയുടെ തുടക്കത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഈ ഫീച്ചർ ഡോക്യുമെന്‍ററിയെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം നടത്താൻ സിനിമ ആഘോഷിക്കുന്ന കാനിനേക്കാൾ മികച്ച വേദി മറ്റേതാണ്?'', ഫീച്ചർ ഡോക്യുമെൻ്ററിയെ കുറിച്ച് സംസാരിക്കവെ എ ആർ റഹ്‌മാൻ പറഞ്ഞു.
ഗോത്രങ്ങളെ വേട്ടയാടുന്ന പുരാതന ആചാരങ്ങൾ മുതൽ ഓരോ ദേശത്തിന്‍റെയും സംഗീത പുനരുജ്ജീവനം വരെ, ആഴത്തിലുള്ളതും പ്രബോധനപരവുമായ ഒരു യാത്രയാണ് ഈ ഡോക്യുമെൻ്ററി വാഗ്‌ദാനം ചെയ്യുന്നത്. നാഗാലാൻഡിന്‍റെ സംഗീത ചരിത്രത്തിലേക്ക് കൂടി 'ഹെഡ്‌ഹണ്ടിങ് ടു ബീറ്റ്‌ബോക്‌സിങ്' വെളിച്ചം വീശുന്നു. ഭാരത് പവലിയനിൽ നടന്ന ലോഞ്ചിൽ എ ആർ റഹ്‌മാൻ, സംവിധായകൻ രോഹിത് ഗുപ്‌ത, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ അബു മേത്ത (നാഗാലാൻഡ് ഗവൺമെൻ്റ് മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവ്), തേജ മേരു (ചെയർമാൻ TaFMA, നാഗാലാൻഡ് ഗവൺമെൻ്റ് ) എന്നിവർ പങ്കെടുത്തു.
5 വർഷത്തെ ഈ സിനിമ യാത്ര തനിക്ക് ഒരു തരത്തിലുള്ള പരിവർത്തനമാണെന്ന് സംവിധായകൻ രോഹിത് ഗുപ്‌ത പറഞ്ഞു. 'ഭൂതകാലത്തിൻ്റെ പാടുകളെ മറികടക്കുന്ന ഇന്നത്തെ സമ്പന്നവും വർണാഭമായതുമായ സംഗീതം സൃഷ്‌ടിക്കപ്പെടുമ്പോൾ ഇതെന്നെ ശരിക്കും ഉലച്ചു. ഞങ്ങളുടെ കഠിനാധ്വാനത്തിനും നാഗാലാൻഡ് സംഗീതത്തിലെ മാന്ത്രികതയ്‌ക്കും ആളുകൾ സാക്ഷ്യം വഹിക്കുന്നത് കാണുന്നതിൽ ഏറെ സന്തോഷം'- രോഹിത് ഗുപ്‌ത കൂട്ടിച്ചേർത്തു.
അതേസമയം നിർമാതാവ് എന്ന നിലയിൽ റഹ്‌മാൻ്റെ രണ്ടാമത്തെ സുപ്രധാന സംരംഭമാണ് 'ഹെഡ്‌ഹണ്ടിങ് ടു ബീറ്റ്‌ബോക്‌സിങ്'. 99 സോങ്ങുകളായിരുന്നു എ ആർ റഹ്‌മാന്‍റെ ആദ്യ പ്രൊജക്റ്റ്.
ALSO READ: കാൻ മാമാങ്കം കഴിഞ്ഞു; ആരാധ്യയ്‌ക്കൊപ്പം മുംബൈയിലേക്ക് മടങ്ങി ഐശ്വര്യ റായ്