ഹൈദരാബാദ്: തന്‍റെ കാഴ്‌ചപ്പാടുകള്‍ ഉറക്കെ വിളിച്ചുപറയാന്‍ മടിയില്ലാത്തയാളാണ് അനുരാഗ് കശ്യപ്. അതുകൊണ്ടു തന്നെ സര്‍ക്കാരിനെയും സാമൂഹിക പ്രശ്‌നങ്ങളെയും സിനിമയെയും കുറിച്ചുളള കശ്യപിന്‍റെ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ സ്യഷ്‌ടിക്കാറുമുണ്ട്. അത്തരത്തിലുളള കശ്യപിന്‍റെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
അദ്ദേഹത്തിന്‍റെ പുതിയ സിനിമ 'ബാഡ്കോപ്പി'ന്‍റെ പ്രൊമോഷനിടെ കശ്യപിനോട് സിനിമകളിലെ ഇഷ്‌ടപ്പെട്ട വില്ലനെക്കുറിച്ച് ചോദ്യമുയര്‍ന്നു. 'നമ്മുടെ രാജ്യത്തെ യഥാർഥ വില്ലൻ സ്ക്രീനിലല്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇതിന് പിന്നിലുളള ദ്വയാര്‍ത്ഥമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സാമ്പ്രദായിക നായക വില്ലൻ സങ്കല്‍പങ്ങള്‍ കാലഹരണപ്പെട്ടുവെന്നും ഇന്നെല്ലാം ഗ്രേ ആണെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും വില്ലന്‍ വേഷത്തിൽ അഭിനയിക്കുന്നത് കൊണ്ട് ആളുകൾ തന്നെ വില്ലനായി കാണുന്നു. തനിക്ക് നായകനാകാൻ താൽപ്പര്യമില്ല. നായകന്‍റെ ആക്ഷൻ രംഗങ്ങള്‍ ചെയ്യാനുളള ശാരീരിക ക്ഷമത ഇപ്പോള്‍ ഇല്ലായെന്നും അദ്ദേഹം പറഞ്ഞു.
റെൻസിൽ ഡി സിൽവ എഴുതി ആദിത്യ ദത്ത് സംവിധാനം ചെയ്‌ത 'ബാഡ് കോപ്പി' ല്‍ 51 കാരനായ ചലച്ചിത്രകാരന്‍ എത്തുന്നത് വില്ലനായാണ്. സിനിമ ഉടൻ തന്നെ ഡിസ്‌നി+ ഹോട്ട്‌സ്‌റ്റാറിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുകയാണ്. സൗരഭ് സച്ച്‌ദേവ, ഹർലീൻ സേത്തി, ഐശ്വര്യ സുസ്‌മിത തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Also Read: പൽവാൾദേവന്‍റെ മലയാള ശബ്‌ദം: എല്ലാം ഉണ്ടായിരുന്നിട്ടും അനാഥനായി വളർന്ന തിലകന്‍റെ മകൻ