ഷബ്‌ന മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപും വേഷമിടുന്നു. 'ഡെലുലു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കൽ, നിഖില വിമൽ, രമ്യ നമ്പീശൻ, സലിംകുമാർ, ദാവീദ് പ്രക്കാട്ട്, ചന്ദു തുടങ്ങിയവര്‍ അണിനിരക്കുന്നു. ഓണത്തോടനുബന്ധിച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം.
'വാങ്ക്', 'ഫൂട്ടേജ്' എന്നീ ചിത്രങ്ങളുടെ തിരക്കഥകൃത്താണ് ഷബ്‌ന മുഹമ്മദ്. സൈജു ശ്രീധരന്‍, ഷബ്‌ന മുഹമ്മദ് എന്നിവര്‍ ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പമ്പരം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയുടെ സഹ നിർമ്മാണം ബിനീഷ് ചന്ദ്രയും, രാഹുൽ രാജീവുമാണ്. സിനിമയുടെ മറ്റു വിശദാംശങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തു വിടും.
ഷിനോസ് ഛായാഗ്രഹണവും സൈജു ശ്രീധരൻ ചിത്രസംയോജനവും നിര്‍വ്വഹിച്ചു. സയീദ് അബ്ബാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം - അപ്പുണി സാജൻ, വസ്ത്രാലങ്കാരം - സമീറ സനീഷ്, സൗണ്ട് ഡിസൈനർ - നിക്‌സൺ ജോർജ്, സൗണ്ട് മിക്‌സിംഗ് - സിനോയ് ജോസഫ്, മേക്കപ്പ് - അന്ന ലൂക്കാ, മാർക്കറ്റിംഗ് - ഹൈറ്റ്സ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
മഞ്ജു വാര്യര്‍ നായികയായി എത്തിയ സൈജു ശ്രീധരന്‍ ചിത്രം 'ഫൂട്ടേജിന്‍റെ' സഹരചയിതാവാണ് ഷബ്‌ന. അനുരാഗ് കശ്യപ് ആയിരുന്നു 'ഫൂട്ടേജി'ന്‍റെ അവതരണം. അതേസമയം കാവ്യ പ്രകാശ് ഒരുക്കിയ 'വാങ്ക്' ആണ് ഷബ്‌നയുടെ ആദ്യ ചിത്രം. ദേശീയ പുരസ്‌കാരം ലഭിച്ച 'വാങ്ക്' എന്ന സിനിമയുടെ തിരക്കഥ രചിച്ചു കൊണ്ടാണ് ഷബ്‌ന മുഹമ്മദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.