പൊതുവെ സെറ്റുകൾ നിർമിച്ചാണ് സിനിമ ചിത്രീകരണം നടക്കാറ്. ഷൂട്ടിംഗ് കഴിഞ്ഞാൽ അത് പൊളിച്ച് മാറ്റാറുമാണ് പതിവ്. എന്നാൽ ഈ പതിവ് തെറ്റിച്ച് പുത്തൻ ചുവടുവയ്‌പ്പുമായി എത്തിയിരിക്കുകയാണ് 'അൻപോട് കൺമണി' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ചിത്രീകരണത്തിന് വേണ്ടി പുതുതായി നിർമിച്ച വീട് അർഹതപ്പെട്ട ഒരു കുടുംബത്തിന് കൈമാറി.
തലശ്ശേരിയിലാണ് പുതിയൊരു സംരംഭത്തിന് അണിയറക്കാർ തുടക്കം കുറിച്ചത്. സിനിമ ഷൂട്ടിംഗിനായി ഒരു വീട് നിർമിക്കുകയും, ചിത്രീകരണത്തിന് ശേഷം അത് തലശ്ശേരിയിലെ ഒരു കുടുംബത്തിന് കൈമാറുകയുമായിരുന്നു. ചലച്ചിത്ര താരം സുരേഷ് ഗോപിയാണ് വീടിന്‍റെ താക്കോൽദാനം നിർവഹിച്ചത്.
ലിജു തോമസാണ് 'അൻപോട് കൺമണി' സംവിധാനം ചെയ്യുന്നത്. ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രനാണ് നിർമാണം. സിനിമയുടെ ചിത്രീകരണം തലശ്ശേരിയിൽ പൂർത്തിയായതിന് ശേഷമാണ് കുടുംബത്തിന് വീട് കൈമാറിയത്.
സാധാരണ കോടികൾ ചെലവിട്ട് സെറ്റ് വർക്ക് ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിനായി പുതിയൊരു വീട് നിർമിക്കുകയും അവിടെ വച്ച് ഷൂട്ടിങ് നടത്തി, ശേഷം ആ വീട് കൈമാറുകയും ചെയ്‌തതോടെ മലയാള സിനിമയിൽ പുതിയൊരു പ്രവണതയ്‌ക്കാണ് 'അൻപോട് കൺമണി' എന്ന ചിത്രം തുടക്കമിട്ടത്.
'തുടക്കത്തിൽ വീടിന്‍റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിന് ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീടുതന്നെ നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്‍റെ സ്വന്തമായി നല്ലൊരു വീട് എന്ന് സ്വപ്‌നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു'- നിർമ്മാതാവ് വിപിൻ പവിത്രൻ പറയുന്നു.
അർജുൻ അശോകനാണ് ഈ ചിത്രത്തിൽ നാകനായി എത്തുന്നത്. അനഘ നാരായണൻ, ജോണി ആന്‍റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സനൂപ് ദിനേശാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.
അനീഷ് കൊടുവള്ളിയാണ് ചിത്രത്തിന്‍റെ കഥ രചിച്ചത്. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സുനിൽ എസ് പിള്ള ആണ്. സാമുവൽ എബിയാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ - ജിതേഷ് അഞ്ചുമന, മേക്കപ്പ് - നരസിംഹ സ്വാമി, ആർട്ട് ഡയറക്‌ടർ - ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈനർ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പ്രദീപ് പ്രഭാകർ, പ്രൊഡക്ഷൻ മാനേജേഴ്‌സ് - ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്‌ടർ - പ്രിജിൻ ജസി, ശ്രീകുമാർ സേതു, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - ഷിഖിൽ ഗൗരി, സഞ്ജന ജെ രാമൻ, ഗോപീകൃഷ്‌ണൻ, ശരത് വി ടി, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പി ആർ ഒ - എ എസ് ദിനേശ്.