എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേളയിൽ മികച്ച ചിത്രമായി മലയാളത്തിന്‍റെ സ്വന്തം 'ആട്ടം'. ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത ചിത്രത്തിൽ കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്, സെറിൻ ശിഹാബ് തുടങ്ങിയവരും നിരവധി നാടക കലാകാരന്‍മാരും വേഷമിട്ടിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായം നേടിയിട്ടും, നിരൂപകർ വാനോളം പുകഴ്‌ത്തിയിട്ടും 'ആട്ടം' എന്ന ചിത്രം തിയേറ്ററിൽ വലിയ വിജയമായോ എന്ന് പരിശോധിക്കേണ്ടത് പ്രേക്ഷകരാണ്. പ്രേക്ഷകരോട് ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കേണ്ട സാഹചര്യത്തെ കുറിച്ച് വിശദീകരിക്കണം.
'ആട്ടം' തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുമ്പോൾ, നടൻ വിനയ് ഫോർട്ട്, മറ്റ് അണിയറ പ്രവർത്തകർ, ചിത്രം പ്രദർശിപ്പിക്കുന്ന ഓരോ തിയേറ്ററുകളിലും കയറി ഇറങ്ങി തങ്ങളാൽ ആകുന്ന വിധം ചിത്രത്തെ പ്രമോട്ട് ചെയ്‌തിരുന്നു. ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനോടും സിനിമയുടെ അഭിപ്രായം ആരായുകയും സിനിമയെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. ഒരു പുതുമുഖ താരമോ മറ്റു നടന്‍മാരോ സംവിധായകരോ ഒരു ചിത്രത്തിന് വേണ്ടി ഇത്രയധികം പ്രേക്ഷകരുമായി നേരിട്ട് സംവദിച്ച ചരിത്രമില്ല.
മറ്റു സിനിമകളുടെ തിരക്കിലായിരുന്നെങ്കിൽ കൂടിയും, സമയം കണ്ടെത്തി 'ആട്ടം' എന്ന ചിത്രത്തെ തിയേറ്ററുകളിൽ വലിയ വിജയമാക്കാൻ പ്രയത്നിച്ച വിനയ് ഫോർട്ടിനെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾ മറക്കാൻ ഇടയില്ല. ചിത്രം ഒടിടി പ്രദർശനത്തിന് എത്തിയപ്പോൾ ലഭിച്ച സ്വീകാര്യതയും വളരെ വലുതാണ്. എന്നാൽ ചിത്രത്തെ കുറിച്ച് എതിരഭിപ്രായമുള്ളവരും അങ്ങിങ്ങായി തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടിരുന്നു. പക്ഷേ ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം ചിത്രം കലാമൂല്യത്തിൽ മികച്ചതാണെന്ന തീരുമാനം പ്രേക്ഷകർക്കിടയിൽ സംഭവിക്കുന്നു. ഒരു വ്യക്തിയുടെ സാമൂഹിക കാഴ്‌ചപ്പാടുകൾ കൃത്യമായിരുന്നു എന്ന ബോധ്യമാണ്, ചിത്രം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഉണ്ടായത്. മികച്ച ചിത്രമായി തെരഞ്ഞെടുത്ത 'ആട്ട'ത്തിന്‍റെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം ഇടിവി ഭാരതിനോട് അവാർഡ് നേട്ടത്തിനെ തുടർന്നുള്ള സന്തോഷം പ്രകടിപ്പിച്ചിരുന്നു.
സംവിധായകൻ ആനന്ദ് ഏകർഷിക്ക് സിനിമയുടെ കഥ രൂപപ്പെടുന്നതിന് മുമ്പ് തന്നെ കഥാപാത്രങ്ങളെയാണ് ആദ്യം ലഭിക്കുന്നത്. വിനയ് ഫോർട്ട്, സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ തുടങ്ങിയവർ ഒഴികെ മറ്റു പ്രധാന വേഷം ചെയ്‌ത 11 പേരുമായും ദീർഘ നാളത്തെ ആത്‌മബന്ധം ഉണ്ടായിരുന്നു. സംവിധായകനായ ആനന്ദ് ഏകർഷിയും സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌ത 11 പേരും, 18 വർഷമായി 'ലോക ധരമി' എന്ന നാടക സംഘത്തിലെ അഭിനേതാക്കളായിരുന്നു. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്‌ത വിനയ ഫോർട്ടും ഇതേ നാടക സമിതിയില അംഗമായിരുന്നു. പിൽക്കാലത്താണ് വിനയ്, നാടക സമിതി വിടുന്നതും പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടില്‍ അഭിനയ പഠനത്തിനായി ചേക്കേറുന്നതും.
കൊവിഡ് കാലത്തെ ഒരു ഒത്തു കൂടലിലാണ് സത്യത്തിൽ 'ആട്ടം' ജനിക്കുന്നത്. ഒരു യാത്രയിൽ വിനയ് ഫോർട്ട്, സംവിധായകനായ ആനന്ദ് ഏകർഷയോട് തന്‍റെ പഴയ നാടക സഹപ്രവർത്തകരെ സിനിമയിൽ അഭിനയിപ്പിക്കാൻ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ആവശ്യം ഉന്നയിക്കുന്നു. സഹപ്രവർത്തകരായ സുഹൃത്തുക്കൾ മൊത്തത്തിൽ 11 പേരുണ്ട്. ഈ 11 പേരെയും ഒരുമിപ്പിച്ചുള്ള ഒരു സിനിമ സംഭവിക്കണം. അങ്ങനെയെങ്കിൽ 11 പേരെയും ഉൾക്കൊള്ളിക്കാനാകുന്ന കഥയാണ് ആദ്യം ഉണ്ടാകേണ്ടത്. 11 പേരെങ്കിലും ഒപ്പം ഒരു പെൺകുട്ടി കൂടി ചേർന്നാൽ എങ്ങനെയിരിക്കും എന്ന ചിന്ത മനസ്സിൽ ഉദിക്കുന്നു. സിനിമയുടെ ആദ്യ സ്‌പാർക്ക് സംഭവിച്ചത് അങ്ങനെയാണ്. ഒരുപക്ഷേ ചരിത്രത്തിൽ ആദ്യമായായിരിക്കും കഥാപാത്രങ്ങൾക്ക് വേണ്ടി ഒരു കഥ ഒരു സംവിധായകൻ എഴുതേണ്ടി വരുന്നത്.
കഥാപാത്രങ്ങളുടെ രൂപകല്‍പ്പനയിലും കൃത്രിമത്വം പാടില്ല എന്ന് സംവിധായകന് കർക്കശമുണ്ടായിരുന്നു. ഒരു സാധാരണ വ്യക്തി മറ്റൊരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ശരിതെറ്റുകളെ കൃത്യമായി ചൂണ്ടിക്കാട്ടും. എന്നാൽ സ്വന്തം ജീവിതത്തിൽ ഇത്തരം ശരി തെറ്റുകളുടെ കൃത്യമായ ചൂണ്ടിക്കാട്ടൽ സംഭവിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെയൊക്കെ ചിന്തിച്ചാൽ തന്നെ അയാളുടെ നീതിബോധം ആടി ഉലയും. കഥാപാത്രങ്ങളുടെ രൂപകല്‍പ്പനയില്‍ അടിസ്ഥാനമാക്കിയത് ഈ ചിന്തയാണ്. അതുകൊണ്ടു തന്നെ, സിനിമയിലെ മുഴുവൻ ആൺ കഥാപാത്രങ്ങളും വില്ലന്‍മാരാണെന്ന പ്രേക്ഷകാഭിപ്രായത്തോട് സംവിധായകന് യോജിക്കാനാകില്ല. ആ കഥാപാത്രങ്ങളുടെ സ്ഥാനത്ത്, കാഴ്‌ചക്കാരായ നിങ്ങളാണെങ്കിൽ, ഒരിക്കലും ആ ഒരു സാഹചര്യം തെറ്റാണെന്നുള്ള ബോധ്യം നിങ്ങൾക്കുണ്ടാകില്ല. മറ്റൊരാളുടെ ജീവിതത്തിലേക്ക് എത്തി നോക്കുമ്പോഴാണല്ലോ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ആകുക.
മറ്റുള്ള സിനിമകളുടെ സെറ്റ് പോലെ ആയിരുന്നില്ല 'ആട്ട'ത്തിന്‍റെ ചിത്രീകരണം സംഭവിച്ച ലൊക്കേഷൻ. പ്രധാന വേഷം ചെയ്യുന്നവർ എല്ലാവരും എപ്പോഴും ഒരുമിച്ചുണ്ടാകും. സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തിരക്കഥയെ കുറിച്ചും എപ്പോഴും ചർച്ചകളാണ്. 35 ദിവസത്തോളം റിഹേഴ്‌സൽ ചെയ്‌തിട്ടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് പോലും.
നാടക പാരമ്പര്യമുള്ളവരുടെ കൂട്ടത്തിലാണ് അഞ്ജലി എന്ന കഥാപാത്രം അവതരിപ്പിക്കാൻ സെറിൻ എത്തിച്ചേരുന്നത്. പക്ഷേ മേൽപ്പറഞ്ഞ പ്രോസസുകളിലൂടെ സിനിമയുടെ ചിത്രീകരണം സാധ്യമായപ്പോൾ സൗഹൃദത്തിന്‍റെ കാര്യത്തിലോ അഭിനയത്തിന്‍റെ കാര്യത്തിലോ സെറിന് സെറ്റിൽ യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും സംഭവിച്ചില്ല.
സിനിമയിൽ കഥാപാത്രങ്ങൾ 16 വർഷമായി പരിചയമുള്ളത് പോലെയാണ്. പക്ഷേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വ്യക്തികൾ തമ്മിൽ അങ്ങനെയൊന്ന് ഉണ്ടാകണമെന്നില്ല. 35 ദിവസത്തോളം റിഹേഴ്‌സൽ ചെയ്‌തപ്പോൾ സീനിൽ അഭിനയിക്കാത്ത വരും ആ സമയം അവിടെ സന്നിഹിതരായിരുന്നു. അതുകൊണ്ടുതന്നെ 35 ദിവസത്തിന് ശേഷം ആർക്കും അങ്ങോട്ടും ഇങ്ങോട്ടും പരസ്‌പരം പരിചയം ഇല്ലാത്തവരായി തോന്നുകയില്ല. മറ്റുള്ളവർ തമ്മിൽ പരിചയമുണ്ടെങ്കിലും സെറിനും ബാക്കിയുള്ള ആൺ കഥാപാത്രങ്ങളും തമ്മിൽ കാണുന്നത് ഈ സിനിമയുടെ ചിത്രീകരണ സമയത്താണ്. പക്ഷേ 35 ദിവസത്തിന് ശേഷം അഭിനേതാക്കൾ മികച്ച സൗഹൃദം സൃഷ്‌ടിച്ചത് മൂലം ഷോട്ടിൽ കെമിസ്ട്രിയുടെ ഒരു പ്രശ്‌നമുണ്ടായില്ല.
സിനിമയിൽ തിരക്കുള്ള താരമായിരുന്നിട്ടും കലാഭവൻ ഷാജോൺ മിക്ക റിഹേഴ്‌സൽ ദിവസങ്ങളിലും ഒപ്പം ഉണ്ടായിരുന്നു. നാടകവും സിനിമയും തമ്മിൽ രാപ്പകൽ വ്യത്യാസം ഉണ്ടല്ലോ. അഭിനയവും വ്യത്യസ്‌തമാണ്. നാടക കലാകാരന്മാരുടെ സിനിമയുടെ ഷേഡിലേക്ക് കൊണ്ടുവരാൻ സാധിച്ചത് തന്നെയാണ് സിനിമയുടെ വലിയ വിജയം. സെറിനും നാടക പാരമ്പര്യമുണ്ട്. ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യുന്ന ഫാമിലി മാൻ അടക്കമുള്ള സീരീസുകളിൽ സെറിൻ വേഷമിട്ടിട്ടുണ്ട്.
സിനിമയുടെ തിരക്കഥാ രചന വല്ലാത്ത ചലഞ്ചിങ് ആയിരുന്നു എന്നാണ് സംവിധായകന്‍റെ അഭിപ്രായം. 11 പുരുഷന്മാരും ഒരു സ്ത്രീയും. മിക്ക സീനുകളിലും ഈ 12 പേർ ഒപ്പമുണ്ടാകും. തിരക്കഥാ രചന നടക്കുന്ന സമയത്ത് ഈ 12 പേരായി മാറാനും ഒരു തിരക്കഥാകൃത്തിന് സാധിക്കണം. 12 സ്വഭാവങ്ങൾ 12 മാനസികാവസ്ഥ. ഒരുപക്ഷേ സംവിധായകൻ ഓരോ നിമിഷവും ഓരോ വ്യക്തിയിലേക്ക് കുടിയേറുകയായിരുന്നു. കഥാപാത്രങ്ങൾ കയ്യിൽ നിന്ന് പോകാതിരിക്കാൻ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ മുന്നിലുള്ള ചുവരിൽ ഒട്ടിച്ചു വച്ചിട്ട് അതിൽ നോക്കിയാകും പലപ്പോഴും എഴുതുക.
ഇന്‍റര്‍നാഷണല്‍ മുഖച്ഛായയുള്ള ഒരു ഫിലിം ഫെസ്‌റ്റിവലിൽ തന്‍റെ ഒരു ചിത്രം, എന്ന് പ്രദർശിപ്പിക്കാൻ ആകുമെന്ന സ്വപ്‌നവുമായി ഏറെ നാളായി നടക്കുകയായിരുന്നു സംവിധായകൻ ആനന്ദ് ഏകർഷി. പക്ഷേ കാലവും കഠിനാധ്വാനവും ഒരുമിച്ചു ചേർന്നപ്പോൾ ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കപ്പെട്ട ഓപ്പണിംഗ് ചിത്രമായി 'ആട്ടം'. എത്രയോ വർഷം ഐഎഫ്എഫ്ഐയിലും ഐഎഫ്എഫ്‌കെയിലും ഡെലിഗേറ്റായി സിനിമകൾ കണ്ടു നടന്ന ഒരു വ്യക്തിയുടെ സിനിമയ്ക്ക് ഇത്തരമൊരു അംഗീകാരം കിട്ടുമ്പോൾ അതൊരു സ്വപ്‌നസാക്ഷാത്കാരം തന്നെയാണ്.
ദേശീയ പുരസ്‌കാരം ലഭിക്കും മുന്നേ തന്നെ ഒരു ഇന്ത്യൻ ചിത്രത്തിന് ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായിരുന്നു ഇന്ത്യൻ പനോരമയിൽ ചിത്രം ഓപ്പണിംഗ് ആയി പ്രദർശിപ്പിക്കപ്പെട്ടത്. വിദേശത്ത് അടക്കം നിരവധി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചത് ഐഎഫ്എഫ്‌കെയിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ ആയിരുന്നു. ആഴത്തിൽ മുറിവേൽപ്പിക്കുന്ന തരത്തിലും ഇന്‍റന്‍സീവായ തരത്തിലും സംഭാഷണങ്ങളിൽ അധിഷ്‌ഠിതമായ ഒരു ചിത്രമാണ്. അത് കൃത്യമായി മനസ്സിലാക്കാൻ ഒരു പക്ഷേ ഒരു മലയാളിക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ടാകാം അത്തരം ഒരു പ്രതികരണം.
16 വർഷമായി പരിചയമുള്ള ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ ഒരു ക്രൈം സംഭവിക്കുന്നു. കുറ്റവാളി കൂട്ടത്തിൽ തന്നെയുണ്ട്. ഇരയും കൂട്ടത്തിലൊരാൾ തന്നെ. പക്ഷേ സ്വാർത്ഥ താല്‍പ്പര്യങ്ങൾക്ക് വേണ്ടി ഇരുപക്ഷം പിടിക്കുകയും ഒടുവിൽ ഇരയെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. തിരിച്ചറിവുകൾ ചെയ്‌തതൊക്കെ തെറ്റായിപ്പോയി എന്ന് ബോധ്യമുണ്ടാക്കുമ്പോൾ ആരോട് മാപ്പ് പറയണം എന്നറിയാത്ത ഒരുകൂട്ടം ഗ്രേ ഷെയ്‌ഡ് ഉള്ള മനുഷ്യരുടെ കഥയാണ് 'ആട്ടം' ചർച്ച ചെയ്യുന്നത്. ക്രൈം നടക്കുന്നത് ആണിനോ പെണ്ണിനോ നേരെയാകട്ടെ, അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന പറയുന്ന നാടൻ പ്രയോഗം മുതൽ മനുഷ്യ സ്വഭാവത്തിന്‍റെ സ്വാർത്ഥത എന്ന ഘടകത്തിന്‍റെ ഉച്ചസ്ഥായി വരെ സിനിമ ചർച്ച ചെയ്യുന്നു. അർഹതപ്പെട്ട അംഗീകാരം.