മോഹന്‍ലാല്‍ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബറോസ്'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്‌ത് അഭിനയിക്കുന്ന 'ബറോസി'ന്‍റെ 3 ഡി ഓണ്‍ലൈന്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
നേരത്തെ സൂര്യയുടെ 'കങ്കുവ' റിലീസിനൊപ്പം തിയേറ്ററുകളില്‍ 'ബറോസ്' ട്രെയിലര്‍ റിലീസ് ചെയ്‌തിരുന്നു. റിലീസിന് പിന്നാലെ നിരവധി പേര്‍ ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍.
തന്‍റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ബച്ചന്‍ 'ബറോസി'ന്‍റെ ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്. "T 5199 - ബറോസിന്‍റെ 3D വിര്‍ച്വല്‍ ട്രെയിലര്‍ പുറത്ത്. ഡിസംബര്‍ 25ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും."-ഇപ്രകാരമാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
T 5199 - The Virtual 3D trailer of #Barroz3D is out NOW! Releasing in theatres worldwide on December 25.https://t.co/o0McLbUqG6#Barroz3D #Dec25
— Amitabh Bachchan (@SrBachchan) November 20, 2024
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 'ബറോസ്' റിലീസിനൊരുങ്ങുന്നത്. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഫാന്‍റസി ചിത്രമാണ് 'ബറോസ്' എന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. പോർച്ചുഗൽ നാടോടി കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ബറോസി'ന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രം കൂടിയാണ് 'ബറോസ്'. ചിത്രം ഇന്ത്യന്‍ സിനിമയ്‌ക്ക് തന്നെ വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‌ത ജിജോ പുന്നൂസിന്‍റെ കഥയെ ആസ്‌പദമാക്കിയാണ് മോഹന്‍ലാല്‍ 'ബറോസ്' ഒരുക്കുന്നത്. ഗുരു സോമസുന്ദരം, തുഹിന്‍ മേനോന്‍, മോഹന്‍ ശര്‍മ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ സീസര്‍, മായ, ലോറന്‍റ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രശസ്‌ത കലാസംവിധായകന്‍ സന്തോഷ് രാമനാണ് സിനിമയുടെ സെറ്റുകള്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. മാര്‍ക്കി കിലി പശ്ചാത്തല സംഗീതവും ലിഡിയന്‍ നാദസ്വരം ഗാനങ്ങളും ഒരുക്കി. അജിത് കുമാര്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.
ക്രിയേറ്റീവ് ഹെഡ് - ടികെ രാജീവ് കുമാര്‍, അഡീഷണല്‍ ഡയലോഗ് റൈറ്റര്‍ - കലവൂര്‍ രവികുമാര്‍, ട്രെയിലര്‍ കട്ട്‌സ് - ഡോണ്‍ മാക്‌സ്, സ്‌റ്റണ്ട് - ജെ.കെ, സ്‌റ്റണ്ട് കോ ഓഡിനേറ്റര്‍ - പളനിരാജ് എന്നിവരും നിര്‍വ്വഹിക്കുന്നു.
Also Read: റിലീസിന് മുമ്പേ ബറോസ് കഥ വെളിപ്പെടുത്തി മോഹന്‍ലാല്‍? - Mohanlal reveal Barroz story