എറണാകുളം : അമ്മയാകാൻ പോകുന്ന സന്തോഷത്തിനൊപ്പം ആദ്യ ഗാനവുമായി അമല പോൾ. അർഫാസ് അയ്യൂബ് സംവിധാനം ചെയ്‌ത അമല പോൾ, ആസിഫ് അലി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ലെവൽ ക്രോസ്. വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ലെവൽ ക്രോസിലൂടെ കരിയറിൽ ആദ്യമായി പിന്നണി ഗായികയാവുകയാണ് അമല പോൾ.
ആദ്യമായി ഗാനമാലപിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങൾ അമല പോൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞു. '9 മാസം ഗർഭിണിയായിരിക്കെയാണ് ഗാനം റെക്കോർഡ് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ തന്‍റെ വയറ്റിലുള്ള കുഞ്ഞിനും ഈ ഗാനത്തിന്‍റെ ക്രെഡിറ്റ് നൽകാതിരിക്കാൻ ആവില്ല. ഇത്രയും വർഷം സിനിമ മേഖലയുടെ ഭാഗമായിരുന്നെങ്കിലും ഒരു ഗായികയായി ഇതുവരെ ഒരു സിനിമയുടെയും ഭാഗമായിട്ടില്ല.
സിനിമയുടെ ചിത്രീകരണം നടന്നത് മരുഭൂമിയിലാണ്. കടുത്ത ചൂടിൽ പലപ്പോഴും ഷൂട്ടിങ് നടക്കാറില്ല. വെയിലും ചൂടും മാറിയാൽ ചിലപ്പോൾ മണൽ കാറ്റടിക്കും. അതുകൊണ്ടുതന്നെ ചിത്രീകരണത്തിനിടയിൽ വെറുതെ ഇരിക്കാൻ ധാരാളം സമയം ലഭിച്ചിട്ടുണ്ട്. പ്രധാന ഹോബി മൂളിപ്പാട്ട് പാടുക എന്നുള്ളതായിരുന്നു. അതൊരുപക്ഷെ സംവിധായകൻ കേട്ടിട്ട് ആകണം തന്നോട് ചിത്രത്തിലെ ഒരു ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടാവുക.
ഈ സിനിമയുടെ നിർമാണവേളയിൽ തന്നെയാണ് കല്യാണവും പ്രഗ്നൻസിയും ഒക്കെ സംഭവിക്കുന്നത്. ഒരുപക്ഷേ ഒരു അമ്മയാകാനുള്ള ആത്മധൈര്യത്തിന്‍റെ ബലത്തിൽ ആകണം ഒരു ഗാനമാലപിക്കാൻ ആവശ്യപ്പെട്ടപ്പോൾ ചെയ്യാമെന്ന് ഏറ്റത്. സംഗീതസംവിധായകൻ വിശാലനോടും നന്ദി പറയുന്നു. ഒരുപാട് മലയാളം സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എനിക്ക് ആയിട്ടുണ്ട്. ലെവൽ ക്രോസിലെ കഥാപാത്രവും കരിയറിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന് തന്നെയാണ് വിശ്വാസം' -അമല പോൾ പ്രതികരിച്ചു.