സന്ധ്യ തിയേറ്റര്‍ അപകടത്തെ തുടര്‍ന്ന് അറസ്‌റ്റിലായി ഒരു രാത്രിയില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിഞ്ഞ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് താരം ഹൈദരാബാദ് സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ചഞ്ചൽഗുഡ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങി തന്‍റെ വീട്ടിലേയ്‌ക്ക് പോയ താരം അവിടെ തടിച്ചുകൂടിയ മാധ്യമങ്ങളോട് സംസാരിച്ചു. തന്‍റെ പുതിയ ചിത്രമായ 'പുഷ്‌പ 2: ദി റൂളി'ന്‍റെ പ്രീമിയറിനിടെ 35 വയസ്സുള്ള യുവതിയുടെ മരണത്തിന് കാരണമായ സംഭവം തികച്ചും ആകസ്‌മികമാണെന്നും സംഭവത്തിൽ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും താരം പറഞ്ഞു.
കേസില്‍ തെലുങ്കാനയിലെ കീഴ്‌ക്കോടതി അല്ലു അര്‍ജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടെങ്കിലും, തെലുങ്കാന ഹൈക്കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ വ്യക്‌തിഗത ബോണ്ട് കെട്ടിവച്ച ശേഷമാണ് താരത്തിന് ജാമ്യം ലഭിച്ചത്.
ആരാധകരും കുടുംബാംഗങ്ങളും സഹപ്രവർത്തകരുമെല്ലാം താരത്തിന്‍റെ ജയില്‍ മോചനം ആഘോഷിച്ചു. ഇപ്പോഴിതാ ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തിരിക്കുകയാണ് താരം.
പ്രതിസന്ധി ഘട്ടത്തിൽ സ്നേഹവും പിന്തുണയും നൽകിയ എല്ലാവർക്കും താരം നന്ദിയും പറഞ്ഞു. "എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു. വിഷമിക്കേണ്ട കാര്യമില്ല. എനിക്ക് സുഖമാണ്. ഞാൻ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്, സഹകരിക്കും." -അല്ലു അര്‍ജുന്‍ പറഞ്ഞു.
മരിച്ച യുവതിയുടെ കുടുംബത്തോട് ഹൃദയംഗമമായ അനുശോചനവും താരം രേഖപ്പെടുത്തി. "ആ കുടുംബത്തെ ഓർത്ത് ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. സാധ്യമായ എല്ലാ വിധത്തിലും അവരെ സഹായിക്കാൻ ഞാൻ ഉണ്ടാകും." -താരം കൂട്ടിച്ചേര്‍ത്തു.
"ഇത് തികച്ചും യാദൃശ്ചികമായിരുന്നു. അത് മനഃപൂർവ്വം ആയിരുന്നില്ല. 20 വർഷത്തിലേറെയായി ഞാൻ ഈ തിയേറ്ററിൽ വരുന്നു. 30 തവണയിൽ കൂടുതൽ ഞാൻ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ഇതുപോലൊരു അപകടം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. എന്‍റെ അഭിപ്രായങ്ങൾ ഞാന്‍ ഇപ്പോള്‍ മാറ്റിവയ്‌ക്കുന്നു. കാരണം അന്വേഷണത്തിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല." -അല്ലു അര്‍ജുന്‍ വ്യക്‌തമാക്കി.
ഈ ദുഷ്‌കരമായ സമയത്ത് മാധ്യമങ്ങൾ നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് അല്ലു അര്‍ജുന്‍റെ പിതാവ് അല്ലു അരവിന്ദ് നന്ദി പറഞ്ഞു. "ബണ്ണിയുടെ സിനിമയുടെ വിജയത്തിന് ഇന്ത്യയിലുടനീളമുള്ള മാധ്യമങ്ങൾ നൽകിയ അസാധാരണമായ പിന്തുണയ്ക്കും ഇന്നലെ അദ്ദേഹത്തോടൊപ്പം നിന്നതിനും ഞാൻ നന്ദി പറയുന്നു," -അല്ലു അരവിന്ദ് പറഞ്ഞു.
നടന്‍മാരായ വിജയ് ദേവരകൊണ്ട, റാണ ദഗുപതി, നിർമ്മാതാവ് ദിൽ രാജു, സംവിധായകൻ സുകുമാര്‍ എന്നിവര്‍ താരത്തിന്‍റെ ഹൈദരാബാദിലെ വീട്ടിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കളും താരത്തിന് പിന്തുണ അറിയിച്ചു.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്, ഭാരത് രാഷ്ട്ര സമിതി നേതാവ് കെടിആർ എന്നിവർ അല്ലു അര്‍ജുന്‍റെ അറസ്‌റ്റ് അന്യായമാണെന്ന് പ്രതികരിച്ചിരുന്നു. കൂടാതെ നാനി, രശ്‌മിക മന്ദാന, വരുൺ ധവാൻ തുടങ്ങിയ താരങ്ങളും താരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.