പുഷ്‌പ 2 സിനിമിയുടെ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ അറസ്‌റ്റ് ചെയ്‌തിരുന്നു. വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് നടന്‍റെ വീട്ടിലെത്തി തെലുഗാന പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തെങ്കിലും തെലുഗാന ഹൈക്കോടതി ഇടപെടല്‍ മൂലം താരത്തിന് ഇടക്കാല ജാമ്യം ലഭിച്ചു.
എന്നാല്‍ ജാമ്യ ഉത്തരവ് വൈകി ലഭിച്ചതിനാല്‍ അല്ലു അര്‍ജുന് ഒരു രാത്രി ജയിലില്‍ കഴിയേണ്ടി വന്നു. ശനിയാഴ്‌ച രാവിലെയാണ് അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി വീട്ടില്‍ തിരിച്ചെത്തിയത്.
ഒരു രാത്രി ജയില്‍ കഴിയേണ്ടി വന്ന താരത്തെ സ്‌പെഷല്‍ ക്ലാസ് ജയില്‍പ്പുള്ളി ആയാണ് പരിഗണിച്ചതെന്ന് തെലുഗാന ജയില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരച്ചു. താരത്തിന് കഴിക്കാന്‍ രാത്രി ചോറും വെജിറ്റബിള്‍ കറിയുമാണ് നല്‍കിയത്. എന്തെങ്കിലും പ്രത്യേക ആവശ്യമോ സഹായമോ വേണമോയെന്ന് ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം തികച്ചും സാധാരണപോലെയായിരുന്നു. വിഷമിച്ചൊന്നും കണ്ടില്ല. ജയിലിലെ സാധാരണ അത്താഴം വൈകിട്ട് 5.30 നാണ്. എന്നാല്‍ വൈകി എത്തിക്കുന്നവര്‍ക്കും ഭക്ഷണം വിളമ്പാറുണ്ട്. നടന്‍ ചോറും വെജിറ്റബിള്‍ കറിയുമാണ് കഴിച്ചത്. കോടതിയുടെ ഉത്തരവ് അനുസരിച്ച് സ്‌പെഷല്‍ ക്ലാസ് ജയില്‍പ്പുള്ളിയായാണ് കൈകാര്യം ചെയ്‌തിരുന്നത്. ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശനിയാഴ്‌ച രാവിലെയാണ് അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്‍റെ പിന്നിലെ ഗേറ്റ് വഴിയാണ് താരത്തെ പുറത്തിറക്കിയത്. പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്‌ഡിയും അല്ലു അര്‍ജുനെ സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ എത്തിയിരുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്‍റെ ഓഫിസീലേക്കാണ് അല്ലു അര്‍ജുന്‍ ആദ്യം പോയത്. അവിടെ അല്‍പ്പ നേരം ചെലവഴിച്ചതിന് ശേഷമാണ് വസതിയേക്ക് തിരിച്ചത്. വീടിന് പുറത്ത് ഭാര്യ സ്‌നേഹ റെഡ്‌ഡിയും മക്കളും സഹോദരനും നടനുമായ അല്ലു സിരീഷും അല്ലു അര്‍ജുനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ജയില്‍ മോചിതനായ ശേഷം തന്നെ പിന്തുണച്ച എല്ലാവര്‍ക്കും അല്ലു അര്‍ജുന്‍ നന്ദി അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും നടന്‍ പറഞ്ഞു. ആരാധകര്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ തനിക്ക് പിന്തുണയുമായെത്തി. അവര്‍ക്കെല്ലാം അല്ലു അര്‍ജുന്‍ നന്ദിയെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വേദനാജനകമാണ്. ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ആ കുടുംബത്തിന്‍റെ കൂടെ എപ്പോഴും ഉണ്ടാകുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി.
Also Read:വീട്ടില്‍ തിരിച്ചെത്തിയ അല്ലുവിനെ കണ്ട് കരച്ചിലടക്കാനാവാതെ സ്‌നേഹ റെഡ്‌ഡി- അച്ഛന്‍റെ അരികിലേക്ക് ഓടിയെത്തി അയാന്‍