വർണങ്ങളുടെ ഉത്സവമാണ് ഹോളി. വ്യത്യസ്‌ത പേരുകളിലും രീതികളിലും രാജ്യത്തെമ്പാടും ഹോളി ആഘോഷമായി കൊണ്ടാടുന്നു. ഈ ആഘോഷ വേളയിൽ തങ്ങളുടെ ആരാധകർക്ക് ഹോളി ആശംസകൾ നേരുകയാണ് ചലച്ചിത്ര താരങ്ങൾ. അല്ലു അർജുൻ, കാർത്തിക് ആര്യൻ, ആലിയ ഭട്ട് തുടങ്ങിയ അഭിനേതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ആരാധകർക്ക് ഹോളി ആശംസകൾ നേർന്നു.
വർണാഭമായ പോസ്റ്റർ പങ്കിട്ടാണ് 'പുഷ്‌പ' താരം അല്ലു അർജുൻ തിങ്കളാഴ്‌ച ആരാധകർക്ക് ആശംസകൾ നേർന്നത്. 'ഹാപ്പി ഹോളി' എന്ന് പോസ്റ്ററിൽ എഴുതിയിരിക്കുന്നതും കാണാം.
ബോളിവുഡ് താരം ആലിയ ഭട്ടും തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആശംസകൾ പങ്കുവച്ചു. വ്യത്യസ്‌ത നിറങ്ങളുള്ള ഒരു പോസ്റ്ററിൽ 'ഹാപ്പി ഹോളി' എന്ന് താരം എഴുതിയിട്ടുണ്ട്.
'ഭൂൽ ഭുലയ്യ 3'യുടെ ഷൂട്ടിങ് തിരക്കിലായ നടൻ കാർത്തിക് ആര്യനും ഹോളി ആഘോഷിക്കാൻ മറന്നില്ല. തന്‍റെ സഹപ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും ഒപ്പമാണ് താരം ഹോളി ആഘോഷിച്ചത്. 'ഭൂൽ ഭുലയ്യ'യുടെ സെറ്റിലെ 'ഹോളിക ദഹ'ന്‍റെ ദൃശ്യവും കാർത്തിക് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു.
ചിത്രത്തിലെ അമി ജെ തോമർ എന്ന ഗാനവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. 'ഭൂൽ ഭുലയ്യ' എന്നെഴുതിയ ടി-ഷർട്ട് ധരിച്ച ഒരു ക്രൂ അംഗം ഹോളി നിറങ്ങൾ വാരിയെറിയുന്ന ഒരു വീഡിയോയും കാർത്തിക് പങ്കിട്ടിട്ടുണ്ട്. ഒപ്പം എല്ലാവർക്കും ഊഷ്‌മളമായ ആശംസകളും താരം അറിയിച്ചു.
അതേസമയം, കാർത്തിക് ആര്യനൊപ്പം വിദ്യ ബാലനും തൃപ്‌തി ദിമ്രിയും വേഷമിടുന്ന 'ഭൂൽ ഭുലയ്യ 3' അനീസ് ബാസ്‌മിയാണ് സംവിധാനം ചെയ്യുന്ന. 'ഭൂൽ ഭുലയ്യ' ഫ്രാഞ്ചൈസിയുടെ ഈ മൂന്നാം ഭാഗം 2024 ദീപാവലിക്ക് തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്.
പ്രിയങ്ക ചോപ്രയ്‌ക്കും കത്രീന കൈഫിനും ഒപ്പം 'ജീ ലെ സരാ' എന്ന ചിത്രത്തിലാണ് ആലിയ ഭട്ട് അടുത്തതായി പ്രത്യക്ഷപ്പെടുക. ഫർഹാൻ അക്തറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'ദിൽ ചാഹ്താ ഹേ', 'സിന്ദഗി ന മിലേഗി ദോബാര' എന്നീ ചിത്രങ്ങൾ പോലെ സൗഹൃദത്തിൻ്റെ മറ്റൊരു കഥയാകും 'ജീ ലെ സരാ' പറയുക എന്നാണ് വിവരം.
സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്‌പ 2'ന്‍റെ തിരക്കുകളിലാണ് അല്ലു അർജുൻ ഇപ്പോൾ. 2021ൽ പുറത്തിറങ്ങിയ 'പുഷ്‌പ ദി റൈസി'ന്‍റെ രണ്ടാം ഭാഗമാണ് പുഷ്‌പ 2: ദി റൂൾ. ഫഹദ് ഫാസിലും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.