ഹൈദരാബാദ്: ലാൽ സലാം സിനിമയുടെ ചിത്രീകരണ ശേഷം പ്രധാന ഭാഗം നഷ്‌ടപ്പെട്ടുവെന്ന് സംവിധായിക ഐശ്വര്യ രജനീകാന്ത്. പത്ത് ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച നിർണായക ക്രിക്കറ്റ് മാച്ച് സീൻ ഉൾപ്പെടെ, ഏകദേശം 21 ദിവസത്തെ ദൃശ്യങ്ങൾ കാണാതായെന്ന് അഭിമുഖത്തില്‍ സംസാരിക്കവെ ഐശ്വര്യ വെളിപ്പെടുത്തി.
ഇതിവൃത്തത്തെ മറികടന്ന് രജനികാന്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് സിനിമയുടെ സങ്കീർണ്ണമായ കഥയ്ക്ക് തിരിച്ചടിയായതെന്ന് അവർ വിശദീകരിച്ചു. 'ഇത് നിരുത്തരവാദിത്തവും നിർഭാഗ്യകരമായിരുന്നു. പത്ത് ക്യാമറകളുടെ സജ്ജീകരണത്തോടെയാണ് ഞങ്ങൾ ഒരു ക്രിക്കറ്റ് മാച്ച് ഷൂട്ട് ചെയ്‌തിരുന്നത്.
ബജറ്റ് മുകളിലേക്ക് പോയതിനാല്‍ കുറേ ദിവസം ഷൂട്ട് ചെയ്യാനും സാധിക്കില്ല. വളരെ ശ്രദ്ധിച്ച് കുറഞ്ഞ ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ പത്ത് ക്യാമറകളില്‍ നിന്നും ദൃശ്യങ്ങൾ നഷ്‌ടമായി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നെന്നും സംവിധായക പറഞ്ഞു.
കൈയിലുള്ള ഫൂട്ടേജ് ഉപയോഗിച്ച് അത് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു പോംവഴി. എന്നാല്‍ അത് വലിയ വെല്ലുവിളിയുമായിരുന്നു. അച്ഛനും വിഷ്‌ണുവും ഉള്‍പ്പെടെയുള്ള താരങ്ങള്‍ റീഷൂട്ടിന് തയ്യാറായിരുന്നു. ആ സമയം എല്ലാവരുടെയും ഗെറ്റപ്പ് മാറിയിരുന്നതിനാല്‍ തന്നെ വീണ്ടും എടുക്കാന്‍ കഴിയില്ലായിരുന്നു.
ചില ഷോട്ടുകള്‍ മാത്രം വീണ്ടും എടുത്തു. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും ചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിച്ച കാര്യം പറയാനും സാധിച്ചില്ല. ലാൽ സലാം ഫൂട്ടേജ് നഷ്‌ടമായത് ഭാവി പ്രൊജക്റ്റുകൾക്കായി ദൃശ്യങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം പഠിപ്പിച്ചു, ഐശ്വര്യ കൂട്ടിച്ചേർത്തു.
വിഷ്‌ണു വിശാൽ അഭിനയിക്കുകയും രജനികാന്ത് അതിഥി വേഷത്തിലെത്തുകയും ചെയ്യുന്ന ചിത്രം, ക്രിക്കറ്റ് ടൂർണമെന്‍റിലെ രാഷ്‌ട്രീയ ഇടപെടലുകൾ മൂലം അശാന്തി നേരിടുന്ന ഒരു ഗ്രാമത്തിന്‍റെ കഥയാണ്. മൊയ്‌തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.