ചലച്ചിത്രതാരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോർട്ടുകൾ. തെലങ്കാനയിലെ വനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് ഇരുവരും ഇന്ന് (മാർച്ച് 27) വിവാഹിതരായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
2021-ല്‍ പുറത്തിറങ്ങിയ 'മഹാ സമുദ്രം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. അതേസമയം വിവാഹത്തെക്കുറിച്ച് സിദ്ധാർഥോ അദിതിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാർത്തകൾ ശരിയാണെങ്കിൽ ഇരുവരുടെയും രണ്ടാം വിവാഹമാകുമിത്.
അദിതി റാവുവിൻ്റെ അമ്മയുടെ മുത്തച്ഛനായിരുന്നു വാനപർത്തി സൻസ്ഥാനത്തിൻ്റെ അന്തിമ ഭരണാധികാരി. ഇവരുടെ കുടുംബം വർഷങ്ങളായി ഈ ക്ഷേത്രത്തിൽ ആരാധന നടത്തിവരികയാണ്. ഇക്കാരണത്താലാണ് താരം തൻ്റെ വിവാഹ വേദിയായി ഈ ക്ഷേത്രം തെരഞ്ഞെടുത്തതെന്നാണ് വിവരം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായതാണ്.
സിദ്ധാർഥ് തമിഴ്‌നാട്ടിൽ നിന്നുള്ളയാളായതിനാൽ അവിടെ നിന്നുള്ള പുരോഹിതന്മാരാണ് വിവാഹ ചടങ്ങുകൾ നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും പ്രിയതാരങ്ങൾക്ക് വിവാഹ ആശംസകളുമായി ഇരുവരുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്.
അതേസമയം 'താജ് : ഡിവൈഡഡ് ബൈ ബ്ലഡ്' എന്ന വെബ് സീരീസാണ് അദിതിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. വിജയ് സേതുപതിയും സിദ്ധാർത്ഥ് ജാദവും അഭിനയിക്കുന്ന നിശബ്‌ദ ചിത്രമായ ഗാന്ധി ടോക്‌സിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ഇന്തോ-യുകെ കോ-പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ലയണസിലും അദിതി വേഷമിടുന്നുണ്ട്.
മറുവശത്ത്, 2023-ൽ പുറത്തിറങ്ങിയ 'ചിത്താ'യിലാണ് സിദ്ധാർഥ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ശങ്കർ ഒരുക്കുന്ന, കമൽ ഹാസൻ നായകനാകുന്ന 'ഇന്ത്യൻ 2'ലും താരം സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് 'ഇന്ത്യൻ 2'ൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.