പ്രശസ്‌ത തെന്നിന്ത്യൻ താരം സിദ്ധാർഥിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിത്രമാണ് 'ചിറ്റാ'. ഒരു കുട്ടിയുടെയും ഇളയച്ഛന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറഞ്ഞ ഈ ചിത്രം കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയും ശബ്‌ദം ഉയർത്തിയിരുന്നു. നിമിഷ സജയൻ നായികയായ ചിറ്റാ നിർമിച്ചതും സിദ്ധാർഥ് ആയിരുന്നു.
ഇപ്പോഴിതാ ഈ സിനിമയ്‌ക്കെതിരെ ചിലർ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സിദ്ധാർഥ്. തന്‍റെ 'ചിറ്റാ' എന്ന ചിത്രം കണ്ടാൽ അസ്വസ്ഥതയുളവാകുമെന്ന വിമർശനങ്ങൾക്കാണ് താരം മറുപടി നൽകിയത്. രൺബീർ കപൂറിനെ നായകനാക്കി 'അർജുൻ റെഡ്ഡി' സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കിയ 'അനിമൽ' എന്ന സിനിമ ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധാർഥിന്‍റെ മറുപടി. എന്നാൽ ഈ സിനിമയുടെ പേര് 'അനിമൽ' എന്ന് നേരിട്ടുപറയാതെ 'മൃഗം' എന്നാണ് താരം പറഞ്ഞത്.
'ചിറ്റാ' കണ്ട ഒരു സ്‌ത്രീയും തന്നെയോ സംവിധായകൻ അരുൺ കുമാറിനെയോ സമീപിക്കുകയോ ആ സിനിമ അസ്വസ്ഥതയുണ്ടാക്കിയെന്ന് പറയുകയോ ചെയ്‌തിട്ടില്ലെന്ന് സിദ്ധാർഥ് ചൂണ്ടിക്കാട്ടി. പക്ഷേ പല പുരുഷന്മാരും തങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അത്തരം സിനിമകൾ കാണുകപോലും ചെയ്യില്ലെന്നാണ് അവർ പറഞ്ഞത്.
എന്നാൽ ഇതേ ആളുകൾ 'മൃഗം' എന്നർഥം വരുന്ന പേരുള്ള സിനിമ ആസ്വദിച്ച് കാണും. 'ചിറ്റാ' പോലൊരു സിനിമ കാണുമ്പോൾ മാത്രം അവർ അസ്വസ്ഥരാവുന്നു. അതിനെ അസ്വസ്ഥതയല്ല മറിച്ച് നാണക്കേടെന്നോ അപരാധമെന്നോ ഒക്കെയാണ് വിളിക്കേണ്ടത്. ഈ പ്രവണത മാറുമായിരിക്കുമെന്നും സിദ്ധാർഥ് പറഞ്ഞു. ജെ എഫ് ഡബ്ല്യൂ എന്ന പരിപാടിയിലായിരുന്നു സിദ്ധാർഥ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അതേസമയം 'ചിറ്റാ' തമിഴിലും തെലുഗുവിലും ഒരേസമയം റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെന്നും പക്ഷേ സിദ്ധാർഥിന്‍റെ പടം കാണാൻ ആരെങ്കിലും വരുമോയെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും നടൻ നേരത്തെ പറഞ്ഞിരുന്നു. നല്ല സിനിമയാണെങ്കിൽ ആളുകൾ തീർച്ചയായും കാണാൻ വരും എന്നായിരുന്നു അവർക്കുള്ള തന്‍റെ മറുപടിയെന്നും സിദ്ധാർഥ് വ്യക്തമാക്കി.
സെപ്റ്റംബർ 28-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിറ്റായ്‌ക്ക് തിയേറ്റർ കിട്ടിയില്ല. ഈയവസരത്തിൽ ഏഷ്യൻ ഫിലിംസിന്‍റെ സുനിൽ സാറാണ് ഒപ്പം നിന്നത്. ഞാനെന്‍റെ കരിയറിൽ തന്നെ ഇത്രയും നല്ലൊരു സിനിമ ചെയ്‌തിട്ടില്ല. ആ സിനിമയിൽ എന്താണ് പറയുന്നത് എന്ന് വീണ്ടും പറയേണ്ട ആവശ്യമില്ല.
നിങ്ങൾ സിനിമയിൽ വിശ്വസിക്കുകയും അതാസ്വദിക്കുകയും ചെയ്യുമെങ്കിൽ ചിത്രം കാണണം. കണ്ടതിന് ശേഷവും ഇനി സിദ്ധാർഥിന്‍റെ സിനിമകൾ കാണേണ്ടതില്ല എന്ന് തോന്നുകയാണെങ്കിൽ ഞാൻ ഇതുപോലെ പത്രസമ്മേളനം വിളിക്കില്ല'- സിദ്ധാർഥ് കൂട്ടിച്ചേർത്തു.
ALSO READ: 'ആടുജീവിത'ത്തിലെ ക്രൂരനായ കഫീൽ; ഒമാനി നടനെ പരിചയപ്പെടുത്തി അണിയറക്കാർ