ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്‌ത ചിത്രമാണ് 'നടികർ'. 'നടികർ തിലകം' എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം പേര് നൽകിയിരുന്നത്. പിന്നീടിത് 'നടികർ' എന്നാക്കി മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ പേര് 'നടികർ' എന്നാക്കി മാറ്റി പുതിയ പോസ്റ്റർ പുറത്തുവന്നത്. ശിവാജി ഗണേശന്‍റെ മകനും പ്രശസ്‌ത നടനുമായ തമിഴ് സിനിമയുടെ 'ഇളയ തിലകം' പ്രഭുവാണ് ചിത്രത്തിന്‍റെ പുതിയ പേര് പ്രഖ്യാപിച്ചത്. പേരുമാറ്റവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലെ താരത്തിന്‍റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മോഹൻലാലിനെ താൻ 'മാപ്പിളൈ' എന്നാണ് വിളിക്കാറെന്ന് പ്രഭു പറഞ്ഞു. തന്‍റെ പിതാവായ 'നടികർ തിലകം' ശിവാജി ഗണേശനെ കുറിച്ചും അദ്ദേഹം വേദിയിൽ വാചാലനായി. തമിഴ് മക്കൾ മാത്രമല്ല മലയാളികളും അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവും പ്രകടിപ്പിച്ചിരുന്നതായി പ്രഭു ഓർത്തെടുത്തു. തന്‍റെ പിതാവിനോടുള്ള മലയാളികളുടെ അഭിനിവേശം അനുഗ്രഹമായി തനിക്കും ഈ മണ്ണിൽ നിന്ന് ലഭിക്കുന്നു.
അച്ഛൻ ജീവിച്ചിരുന്നപ്പോൾ താൻ കേരളത്തിൽ എത്തുമ്പോഴൊക്കെ അദ്ദേഹത്തെ കുറിച്ച് മലയാളികൾ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം മലയാളികളുടെ കണ്ണുനീർ താൻ നേരിട്ട് കണ്ടതാണെന്നും പ്രഭു പറഞ്ഞു. 'മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരോടൊപ്പമെല്ലാം ഞാൻ മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്.
ഷൂട്ടിങ്ങിന്‍റെ ഭാഗമായി ചില ഉൾനാടൻ ഗ്രാമങ്ങളിലേക്ക് യാത്രചെയ്യാൻ കഴിഞ്ഞിരുന്നു. അപ്പോഴെല്ലാം ഷൂട്ടിങ് കാണാന്‍ എത്തുന്നവർ കൂടുതലും ശിവാജി ഗണേശന്‍റെ കാര്യങ്ങളാണ് തിരക്കിയിരുന്നത്. പിൽക്കാലത്ത് അദ്ദേഹത്തിന്‍റെ വേർപാടിലും അവർ ദുഃഖം പങ്കിട്ടിരുന്നു'- പ്രഭു പറഞ്ഞു.
ശിവാജി ഗണേശന്‍റെ മരണവാർത്ത ഹൃദയത്തിൽ മുറിവേറ്റ അനുഭവമായിരുന്നു എന്ന് മലയാളികൾ അഭിപ്രായപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ശിവാജി ഗണേശനോട് മലയാളികൾ പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും ആദരവിനും താൻ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സിനിമാഭിനയത്തിൽ നിന്ന് 5- 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവാജി ഗണേശൻ മലയാള ചിത്രമായ ഒരു 'യാത്രാമൊഴി'യിൽ അഭിനയിക്കുന്നത് എന്നും അദ്ദേഹം ഓർത്തെടുത്തു.
മോഹൻലാൽ, തിലകൻ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മൂവരുടെയും അഭിനയം ശിവാജി ഗണേശനെ അത്ഭുതപ്പെടുത്തിയിരുന്നു. "എന്നടാ ഇപ്പടി എല്ലാം ആക്‌ട് പൺട്രിങ്കെ യെല്ലാരും.. " എന്നായിരുന്നു ഇവരുടെ അഭിനയം കണ്ട് ശിവാജി ഗണേശൻ പറഞ്ഞതെന്ന് പ്രഭു ഓർത്തു. ചിത്രത്തിന്‍റെ നിർമാതാവായ സുരേഷ് ബാലാജിക്കൊപ്പം 19 ചിത്രങ്ങൾ ശിവാജി ഗണേശൻ ചെയ്‌തിട്ടുണ്ട്.
സുരേഷ് ബാലാജിയും മോഹൻലാലിന്‍റെ പത്നി സുചിത്രയും സഹോദരങ്ങളാണ്. അതുകൊണ്ടുതന്നെ ശിവാജി ഗണേശൻ മോഹൻലാലിനെ 'ഡേയ് മാപ്പിളൈ' എന്നാണ് പലപ്പോഴും അഭിസംബോധന ചെയ്‌തിരുന്നത്. താനും അതുകൊണ്ട് അദ്ദേഹത്തെ 'മാപ്പിളൈ' എന്നാണ് വിളിക്കാറെന്നും പ്രഭു പറഞ്ഞു. മലയാള സിനിമയുമായി തനിക്കേറെ അടുത്ത ബന്ധമാണുള്ളതെന്നും പ്രഭു കൂട്ടിച്ചേർത്തു. ദുൽഖർ സൽമാനും തന്‍റെ മകൻ വിക്രം പ്രഭുവും ക്ലാസ്മേറ്റ്സ് ആണെന്നും പ്രഭു പറഞ്ഞു.
അതേസമയം ഈ ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവാജി ഗണേശന്‍റെ ആരാധക സംഘടനയായ 'നടികർ തിലകം ശിവാജി സമൂഗനള പേരവൈ' (Nadigar Thilagam Sivaji Samuga Nala Peravai) രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയ്‌ക്ക് അയച്ച കത്തിലാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. നടികർ തിലകം എന്നത് തങ്ങൾക്ക് ഒരു പേര് മാത്രമല്ലെന്നും ജീവശ്വാസമാണെന്നും അദ്ദേഹത്തിന്‍റെ പേര് ഒരു കോമഡി സിനിമയ്‌ക്ക് നൽകുന്നതിലൂടെ തങ്ങൾ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്‍റെ പേരിനെ മനഃപൂർവം അവഹേളിക്കുകയാണെന്നുമാണ് സംഘടന കത്തിൽ പറയുന്നത്.
ചിത്രത്തിന്‍റെ പേര് സംബന്ധിച്ച് പ്രഭു നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി നടനും സംവിധായകനുമായ ലാലും പറഞ്ഞിരുന്നു. ഫോണിലൂടെയായിരുന്നു പ്രഭു ലാലുമായി ആശങ്ക പങ്കുവച്ചത്. ശിവാജി ഗണേശന്‍റെ കോടിക്കണക്കിന് ആരാധകരുടെ ആവശ്യവും പ്രഭു എന്ന വ്യക്തിക്ക് അച്ഛനോടുള്ള സ്നേഹത്തിന്‍റെ ആഴവും കണക്കാക്കിയാണ് സംവിധായകൻ പേരുമാറ്റാൻ തയ്യാറായത്.