കൊല്ലം : ഒരു കാലത്ത് മലയാള സിനിമ ലോകം അടക്കി വാണിരുന്ന നടനായിരുന്നു ജയൻ. അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ കവർന്നെടുത്തങ്കിലും ഇന്നും മലയാളികളുടെ മനസിൽ മായാത്തൊരു ഓര്‍മയാണ് അദ്ദേഹം. ഇന്ന് അനശ്വര നടൻ ജയന്‍റെ 85ാം പിറന്നാൾ ദിനമായിരുന്നു.
ജയന്‍റെ ഓർമ ദിവസം പോലെ തന്നെ ഇന്നും മലയാള സിനിമ പ്രേമികൾക്ക് ഒരു വിങ്ങലോടെ മാത്രമെ അദ്ദേഹത്തിന്‍റെ ജന്മദിനവും ഓർത്തെടുക്കാനാകൂ. ജയൻ്റെ 85ാം ജന്മദിനം ജയൻ ഗന്ധർവതാരം വാട്‌സ് ആപ്പ് കൂട്ടായ്‌മയുടെ നേത്യത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.
സംസ്ഥാനത്തിൻ്റെ വിവിധ ജില്ലയിൽ നിന്നും ജയൻ്റെ ആരാധകർ അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ഓലയിലെത്തി അദ്ദേഹത്തിന്‍റെ പൂർണകായ പ്രതിമയിൽ പുഷ്‌പാർച്ചനയും ഹാരാർപണവും നടത്തി. തുടർന്ന് ആരാധകർ ഒത്തുകൂടി ജയൻ അഭിനയിച്ച ചിത്രങ്ങളുടെ പാട്ടുകൾ കോർത്തിണക്കി ഗാനാലാപനവും സംഘടിപ്പിച്ചു. കൂടാതെ മധുരപലഹാരങ്ങളും വിതരണം ചെയ്‌തു.
അതുല്യ കലാകാരനെയാണ് മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും ഒപ്പം അദ്ദേഹത്തിന്‍റെ കുടുബത്തിനും നഷ്‌ടമായത് തേവള്ളി ഓലയിൽ എന്ന സ്ഥലത്താണ് ജയൻ ജനിക്കുന്നത്. സത്രം മാധവൻ പിള്ള-ഭാരതിയമ്മ ദമ്പതികളുടെ മകനാണ് ജയന്‍. ചെറുപ്പം മുതൽ പഠനത്തിലും കലാകായികരംഗത്തും മിടുക്കനായിരുന്ന ജയൻ മികച്ച പാട്ടുകാരൻ കൂടി ആയിരുന്നു.
പിന്നീട് സ്‌കൂളിലെ എൻസിസിയിൽ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജയൻ അതുവഴി നേവിയിലെത്തി. പതിനഞ്ച് വർഷം ഇന്ത്യൻ നേവിയിൽ സേവനമനുഷ്‌ഠിച്ച ശേഷമാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവയ്‌ക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫിസർ പദവിയാണ് അലങ്കരിച്ചിരുന്നത്. 1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് ചെറിയ വേഷങ്ങളിലൂടെ വില്ലൻ വേഷങ്ങളിലും നായക വേഷങ്ങളിലേക്കും അദ്ദേഹം എത്തുകയുണ്ടായി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് തന്‍റെ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയന് കഴിഞ്ഞു. കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസിക രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലികോപ്റ്റർ അപകടത്തിലാണ് ജയനെ മരണം തട്ടിയെടുക്കുന്നത്. മരണത്തിന് മുന്നിൽ കീഴടങ്ങിയെങ്കിലും ഇന്നും നിരവധി ആരാധകമനസിൽ ജയൻ ജീവിച്ചിരിപ്പുണ്ട്.