തെലുഗു സൂപ്പര്‍ താരം അല്ലു അർജുന്‍റെ കഴിഞ്ഞ 24 മണിക്കൂറുകള്‍ സിനിമയെ പോലും വെല്ലുന്ന നാടകീയത നിമിഷങ്ങളായിരുന്നു. 'പുഷ്‌പ' എന്ന സിനിമയിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച താരം, ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടന്ന ദാരുണമായ സംഭവത്തില്‍ അറസ്‌റ്റിലായതോടെ നിയമത്തിന്‍റെ ഊരാക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അറസ്‌റ്റിലായി ഒരു രാത്രിയില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിഞ്ഞ താരത്തിന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച് ഇന്ന് രാവിലെയാണ് ഹൈദരാബാദ് സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കേസില്‍ തെലുങ്കാനയിലെ കീഴ്‌ക്കോടതി അല്ലു അര്‍ജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടുകയായിരുന്നു.
എന്നാല്‍ താരത്തിന്‍റെ ലീഗല്‍ ടീം ഈ വിധിയെ ചോദ്യം ചെയ്യുകയും 50,000 രൂപയുടെ ബോണ്ടിന്‍റെ വ്യവസ്‌ഥയില്‍ അല്ലു അര്‍ജുന് ജാമ്യം അനുവദിക്കുകയും ചെയ്‌തു. ജാമ്യം ലഭിച്ച താരം ഇന്ന് പുലര്‍ച്ചെ പുറത്തിറങ്ങിയെങ്കിലും ഒരു രാത്രിയില്‍ അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ ജയില്‍ മോചിതനായ ശേഷം താരം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ചഞ്ചൽഗുഡ ജയിലിൽ നിന്നിറങ്ങി തന്‍റെ ജൂബിലി ഹിൽസിലെ വസതിയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് അല്ലു അര്‍ജുന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
മരിച്ച യുവതിയുടെ കുടുംബത്തോട് താരം ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. സംഭവം മനഃപൂർവം ആയിരുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. "മരിച്ച യുവതിയുടെ കുടുംബത്തിനുണ്ടായ നഷ്‌ടം നികത്താനാവാത്തതാണ്. എന്‍റെ ഹൃദയം അവരോട് സഹതപിക്കുന്നു. 20 വർഷത്തിലേറെയായി ഞാൻ തിയേറ്ററുകളിൽ പോകുന്നു.. ഇതുപോലെ ഒരിക്കലും നേരിട്ടിട്ടില്ല. ഇത് അപ്രതീക്ഷിതമായിരുന്നു. നിർഭാഗ്യകരമായ ഒരു സംഭവമായിരുന്നു."-അല്ലു അര്‍ജുന്‍ പറഞ്ഞു.
തന്‍റെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും താൻ സുഖമായി ഇരിക്കുന്നുവെന്നും അല്ലു അർജുൻ വ്യക്‌തമാക്കി. തന്നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഞാൻ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്. നീതിയിൽ വിശ്വസിക്കുന്നു. ഞാൻ സുഖമായിരിക്കുന്നു. ആരും വിഷമിക്കേണ്ടതില്ല," -അല്ലു അര്‍ജുന്‍ പറഞ്ഞു.
അതേസമയം അപകടത്തില്‍ മരിച്ച യിവതിയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ താരം അഗാധമായ ദുഃഖവും രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ മരിച്ച രേവതിയുടെ മകന്‍ ശ്രീ തേജിൻ്റെ ചികിത്സ ചെലവുകൾ വഹിക്കുമെന്നും കുടുംബത്തെ നേരില്‍ കാണുമെന്നും താരം നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നു.