സിനിമ ജീവിതത്തിന്‍റെ ഭാഗമായി സമന്വയിക്കുന്ന കാഴ്‌ചകൾ ചലച്ചിത്രമേളകളിൽ സ്ഥിരമാണ്. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലും നല്ല സിനിമകൾ പോലെ ചില ജീവിത കഥകളും ഹൃദയസ്പർശിയാകുന്നു. മലയാള സിനിമയെ ദേശീയ തലത്തിൽ ഉയർത്തിക്കാട്ടിയ 'ആളൊരുക്കം' എന്ന ചലച്ചിത്രത്തിന്‍റെ ഛായാഗ്രഹകൻ ചലച്ചിത്രം കാണാനെത്തിയത് തന്‍റെ രണ്ടാം ജന്മത്തിലാണ്.
സാം ലാൽ പി തോമസ് എന്ന ഛായാഗ്രാഹകന്‍റെ ജീവിതം ഒരുപക്ഷേ സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ്. 'തൂവൽ കൊട്ടാരം' എന്ന ജയറാം ചിത്രം മലയാളി പ്രേക്ഷകർ ഉറപ്പായും കണ്ടിട്ടുണ്ടാകും. ആ ചിത്രത്തിലെ ജയറാമിന്‍റെ കഥാപാത്രത്തെ പോലെയായിരുന്നു സാംലാൽ പി തോമസിന്‍റെ ഒരു കാലത്തെ ജീവിതം.
ജീവിക്കാനായി എന്ത് പണിയും എടുക്കുന്ന ചെറുപ്പക്കാരൻ. സിനിമയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം എങ്കിലും ജീവിക്കാനുള്ള നെട്ടോട്ടത്തിൽ ചെയ്യാത്ത ജോലികൾ ഒന്നുമില്ല. ഒരു കാലഘട്ടത്തിൽ ഗാനമേളകളിൽ ഗായകനായി സാം ലാൽ പി. തോമസിനെ കണ്ടവരുണ്ട്.
ചിലപ്പോൾ പള്ളി ബാൻഡ് സെറ്റിലെ ബ്യൂഗിൾ ആർട്ടിസ്റ്റായി, വയനാട് മലനിരകളിലെ ഹൈറേഞ്ച് ജീപ്പ് ഡ്രൈവറായും നഗരങ്ങളിൽ ടാക്‌സി ഡ്രൈവറായും അയാൾ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടർന്നു. റെക്കോർഡിങ് സ്റ്റുഡിയോകളിൽ സൗണ്ട് റെക്കോർഡിസ്റ്റായി ജോലി ചെയ്യുമ്പോൾ തന്നെ സിനിമകളിൽ ക്യാമറ അസിസ്റ്റന്‍റായി ആയി. ഇടവേള ലഭിക്കുന്ന ദിവസങ്ങളിൽ പെയിന്‍റ് പണിക്കാരനായി പോകും.
അങ്ങനെ ലഭിച്ച സമ്പാദ്യം കൊണ്ട് ഷോർട്ട് ഫിലിമുകൾ ചെയ്യും. കഷ്‌ടപ്പാടുകൾക്കിടയിൽ ആദ്യ സിനിമ സംഭവിക്കുന്നു. 'വേദം' അതായിരുന്നു സിനിമയുടെ പേര്. പിന്നീടായിരുന്നു ജീവിതത്തെ മാറ്റിമറിച്ച ചില സംഭവവികാസങ്ങൾ നടക്കുന്നത്.
നിനച്ചിരിക്കാതെ വന്ന അപകടം
സിനിമാക്കഥയെ വെല്ലുന്ന ഒരു സിനിമക്കാരന്‍റെ അതിജീവനത്തിന്‍റെ കഥ ഇവിടെ ആരംഭിക്കുന്നു. 2017 ജനുവരി 6 വൈകുന്നേരം 5 30. സാംലാൽ പി തോമസ് എന്ന ചെറുപ്പക്കാരനായ ഛായഗ്രഹകന്‍റെ കണ്ണിൽ ഏകദേശം ഒരു വർഷത്തേക്ക് സൂര്യൻ അസ്‌തമിക്കുന്നത് അന്നാണ്.
വയനാട് ജില്ലയിലെ മാനന്തവാടിയിൽ വച്ച് സാം ലാൽ പി തോമസ് സഞ്ചരിച്ച ബൈക്കിലേക്ക് ചെകുത്താനെപ്പോലെ ഒരു ജീപ്പ് ഇടിച്ചുകയറി. അപകടം കണ്ട് ഓടിക്കൂടിയവർ ചോരയിൽ കുളിച്ചു കിടന്ന സാം ലാൽ പി തോമസിനെ കണ്ട് മരിച്ചെന്ന് വിധിയെഴുതി.
പക്ഷേ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് അയാളുടെ ഉള്ളിൽ എവിടെയോ ജീവന്‍റെ തുടിപ്പുണ്ടെന്ന് തിരിച്ചറിയുന്നത്.
![AALORUKKAM MOVIE CINEMATOGRAPHER SAM LAL P THOMAS ഛായാഗ്രാഹകന്‍ സാ ലാല്‍ പി തോമസ് സാം ലാല്‍ പി തോമസ് വി സി അഭിലാഷ്](https://etvbharatimages.akamaized.net/etvbharat/prod-images/20-12-2024/kl-tvm-samlalpthomasstroy-7211893-video_19122024143837_1912f_1734599317_644.jpg)
ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും സാമിന് പരുക്ക് മുഴുവൻ മുഖത്തും തലയിലുമായിരുന്നു.രണ്ട് കണ്ണുകൾക്കും സ്ഥാനം മാറ്റം സംഭവിച്ചു. മുഖത്ത് തലയിലുമായി 680 ലധികം തുന്നലുകൾ വേണ്ടിവന്നു.
അപകടത്തെക്കുറിച്ച് സാം ഇ ടി വി ഭാരതി നോട് പ്രതികരിച്ചത് ഇങ്ങനെ.."ബൈക്ക് ഓടിച്ചു പോകുമ്പോൾ നേരെ എതിർവശത്തായി ജീപ്പ് വരുന്നത് തനിക്ക് കാണാമായിരുന്നു. ജീപ്പ് ബൈക്കിലേക്ക് ഇടിച്ചു കയറിയശേഷം പിന്നെ ഒന്നും ഓർമ്മയില്ല. തലയ്ക്കായിരുന്നു പരിക്ക് കൂടുതൽ എന്ന് ധാരണയുണ്ട്.
രണ്ട് കണ്ണുകൾക്കും സ്ഥാനം മാറ്റം സംഭവിച്ചു. ഒരു കണ്ണ് പുറത്തേക്ക് ഇറങ്ങി വന്ന നിലയിലായിരുന്നു. കണ്ണൊക്കെ പിന്നീട് രണ്ടാമത് സെറ്റ് ചെയ്‌തതാണ്.
മുഖം മുഴുവൻ പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്‌തു. 600 ലധികം തുന്നലുകൾ മുഖത്തും തലയിലുമായി ഉണ്ട്. മുഖത്തും തലയിലുമായി ഇപ്പോൾ ഒരു 16 ലധികം സ്ക്രൂകൾ ഉണ്ട്. ബോധമില്ലാതെ ഒരു വർഷത്തോളം കിടക്കുമ്പോഴും സിനിമയെക്കുറിച്ച് ചിന്തയുണ്ടായിരുന്നു.
ആരെയും തിരിച്ചറിയാൻ സാധിക്കാതിരുന്നത് കണ്ടു നിന്നവരെ ഏറെ സങ്കടപ്പെടുത്തി. പക്ഷേ തോറ്റു പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല "ഇനിയില്ല എന്ന് വിധിയെഴുതിയവരെ പോലും അത്ഭുതപ്പെടുത്തി സാം ലാൽ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജീവിതത്തിലേക്ക് തിരിച്ചു വന്ന സമയം
പക്ഷേ അദ്ദേഹത്തിന്‍റെ കണ്ണുകളുടെ കാഴ്‌ച പൂർണമായും നഷ്ടപ്പെട്ടിരുന്നു. ക്യാമറ കണ്ണുകളിലൂടെ ജീവിത നിമിഷങ്ങൾ ഒപ്പിയെടുത്ത ഛായഗ്രാഹകന് പിന്നീടുള്ള ഒരു വർഷം ആകെ കാണാനായത് ഇരുട്ടു മാത്രം. നിറങ്ങളുടെ അകമ്പടിയില്ലാത്ത ഒരു ജീവിതം സാമിന് ചിന്തിക്കുവാൻ സാധിക്കുമായിരുന്നില്ല.
സിനിമയാണ് എന്‍റെ അന്നം. സിനിമയാണ് എന്‍റെ ജീവിതം. കാഴ്‌ചയില്ലാതെ എനിക്ക് എന്നെക്കുറിച്ച് പോലും ചിന്തിക്കുവാൻ കഴിഞ്ഞിരുന്നില്ല.
കാഴ്‌ചയില്ലാത്ത ഒരു വർഷം ആകെ ടെൻഷനും സങ്കടവും ആയിരുന്നു. പിന്നീട് പതിയെ പതിയെ കാഴ്‌ച തിരികെ വന്നെങ്കിലും ഒന്നും പഴയതുപോലെ പെട്ടെന്ന് ശരിയായില്ല.
കാഴ്‌ച തിരിച്ചു വന്നപ്പോൾ ആദ്യം കൂടുതൽ സങ്കടം ആണ് ഉണ്ടായത്. കണ്ണിലേക്ക് കൂടുതൽ വെളിച്ചം ഇരച്ചു കയറി. ഒരാളെ ആറോ,ഏഴോ ആയി കാണുന്നു. പിന്നീട് പതിയെ പതിയെ എല്ലാം ശരിയായി. കണ്ണിലേക്ക് നിറങ്ങൾ വന്നു. കാഴ്‌ചയില്ലാത്ത ഒരു വ്യക്തി അനുഭവിക്കുന്ന എല്ലാ കഷ്ടതകളും എന്തെന്ന് തിരിച്ചറിഞ്ഞ ഒരാളാണ് ഞാൻ.
അവിടെനിന്നാണ് സിനിമാക്കഥയെ വെല്ലുന്ന സാമിന്‍റെ അതിജീവന യാത്ര ആരംഭിക്കുന്നത്. മുഖത്തുണ്ടായിരുന്ന പാടുകളും മറ്റു പ്രശ്‌നങ്ങളും പ്ലാസ്റ്റിക് സർജറിയിലൂടെ മാറ്റിയെടുത്തു.
അടുത്ത സുഹൃത്തുക്കൾക്ക് പോലും തിരിച്ചറിയാനായിരുന്നില്ല സാമിന്‍റെ മുഖം ആ സമയത്ത്. തിരികെ ലോകത്തേക്ക് മടങ്ങി വരുന്നതിന് പ്രിയ സുഹൃത്ത് സംവിധായകൻ വി സി അഭിലാഷ് ഒരു കാരണക്കാരനായി. സാമിന് കാഴ്‌ച ശരിയായി വരുന്ന സമയത്താണ് 'ആളൊരുക്കം' എന്ന ചിത്രത്തിന്‍റെ കഥയുമായി അഭിലാഷ് എത്തുന്നത്.
വി സി അഭിലാഷ് എന്ന സുഹൃത്ത്
മതി കിടന്നത് തിരികേ വാ എന്ന അർത്ഥത്തിൽ വി സി അഭിലാഷ് സാമിനെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു. അഭിമാനത്തോടെ ഐ എഫ് എഫ് കെ യിലെ വേദിയിൽ സിനിമകൾ കണ്ടും സിനിമകൾ ചർച്ച ചെയ്‌തും നടക്കുന്ന സാം എന്ന ചെറുപ്പക്കാരൻ മലയാള സിനിമയെ ദേശീയതലത്തിൽ തലയുയർത്തിപ്പിടിച്ച് നിൽക്കുന്നതിന് കാരണക്കാരനായവരിൽ ഒരാളാണ്.
വി സി അഭിലാഷ് സംവിധാനം ചെയ്‌ത 'ആളൊരുക്കം' എന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവഹിച്ചത് സാം ആണ്. ഈ ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് നടൻ ഇന്ദ്രൻസിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
കാഴ്‌ച തിരിച്ചു കിട്ടിയ ശേഷം സാം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ആളൊരുക്കം'. 'ആളൊരുക്ക'ത്തിനുശേഷം നിരവധി അവസരങ്ങൾ സാമിനെ തേടിയെത്തുന്നു.
രാജസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇപ്പോൾ ക്യാമറ കൈകാര്യം ചെയ്‌തു. ഒട്ടേറെ സിനിമകളുടെ പണിപ്പുരയിലാണ് സാം ഇപ്പോൾ. അടുത്തവർഷം ചലച്ചിത്രമേളയ്ക്ക് തന്‍റെ സിനിമ ഉറപ്പായും ഉണ്ടാകുമെന്ന് സാം പ്രതികരിച്ചു.