മലയാളികളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തിയേറ്ററുകളിലേക്ക് എത്തിയ സിനിമയാണ് 'ആടുജീവിതം'. വായിച്ചറിഞ്ഞ നജീബിന്‍റെ അതിജീവനകഥ ബിഗ് സ്‌ക്രീനിൽ നേരിട്ടുകാണാൻ മലയാളികൾ ഒഴുകിയെത്തി. ഇപ്പോഴിതാ 100 കോടി ക്ലബിലേക്കും 'ആടുജീവിതം' എത്തിയിരിക്കുകയാണ്.
ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന 'ആടുജീവിതം' റെക്കോർഡുകൾ ഭേദിച്ചാണ് ജൈത്രയാത്ര നടത്തുന്നത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോർഡാണ് ഈ സിനിമ സ്വന്തമാക്കിയത്. 'മഞ്ഞുമ്മൽ ബോയ്‌സി'ൻ്റെ മുൻ റെക്കോർഡ് മറികടന്നാണ് മലയാള സിനിമ ചരിത്രത്തിൽ 'ആടുജീവിതം' പുതിയ ഏട് തുന്നിച്ചേർത്തത്.
മാര്‍ച്ച് 28നാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന 'ആടുജീവിതം' തിയേറ്ററുകളില്‍ എത്തിയത്. റിലീസായി വെറും എട്ട് ദിവസങ്ങൾ കൊണ്ടാണ് ഇപ്പോൾ ചരിത്ര നേട്ടത്തിലേക്ക് ആടുജീവിതം എത്തിയത്. പൃഥ്വിരാജ് തന്നെയാണ് ഈ നേട്ടം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്‌റ്ററിലൂടെ ആരാധകരെ അറിയിച്ചത്.
സിനിമയ്‌ക്ക് നൽകിയ തകർപ്പൻ വിജയത്തിന് താരം നന്ദി അറിയിക്കുകയും ചെയ്‌തു. ആഗോളതലത്തിൽ 'ആടുജീവിതം' 100 കോടിയിലധികം നേടിയെന്നും എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും താരം കുറിച്ചു. മലയാള സിനിമ ചരിത്രത്തിലെ ഒരു സുപ്രധാനനേട്ടത്തിൽ അഭിനന്ദനങ്ങളുമായി ആരാധകരും കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തുകയാണ്.
ചിദംബരത്തിന്‍റെ സംവിധാനത്തിൽ ഫെബ്രുവരി 22ന് പുറത്തിറങ്ങിയ 'മഞ്ഞുമ്മൽ ബോയ്‌സ്' ഒമ്പതാം ദിവസമായിരുന്നു 100 കോടി എന്ന നേട്ടത്തിലേക്ക് എത്തിയത്. അതിന് മുമ്പ് ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടിയ മലയാളം ചിത്രമെന്ന പേര് ടൊവിനോ തോമസ് നായകനായ '2018 എവരിവൺ ഈസ് എ ഹീറോ'യ്‌ക്ക് ആയിരുന്നു. ഈ മൂന്ന് ചിത്രങ്ങളും അതിജീവന - ഡ്രാമ വിഭാഗത്തിൽ പെടുന്നവയാണ് എന്നതും ശ്രദ്ധേയമാണ്.
ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന അതിപ്രശസ്‌തമായ നോവലിനെ ആസ്‌പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ഈ ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. നജീബായുള്ള താരത്തിന്‍റെ മേക്കോവറുകൾ വലിയ കയ്യടികളാണ് നേടുന്നത്.
അമല പോൾ നായികയായ ഈ ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ ഉണ്ട്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിൽ അണിയിച്ചൊരുക്കിയ, പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയായ 'ആടുജീവിതം' ജോർദാനിലാണ് ഭൂരിഭാഗവും ഷൂട്ട് ചെയ്‌തത്.