സിനിമാസ്വാദകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ആടുജീവിതം'. ബെന്യാമിന്‍റെ ഇതേപേരിലുള്ള അതിപ്രശസ്‌തമായ നോവലിനെ ആസ്‌പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ഈ ചിത്രം ബോക്‌സോഫിസിലും മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്. പൃഥ്വിരാജാണ് ഈ ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ 'ആടുജീവിതം' ഒടിടിയിലേക്കും എത്തുകയായി.
പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ 'ആടുജീവിത'ത്തിന്‍റെ ഒടിടി റിലീസ് വിവരം പങ്കുവച്ചത്. മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ എത്തിയ 'ആടുജീവിതം' ജൂലൈ 19ന് ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം, കന്നഡ, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ 'ആടുജീവിതം' ആസ്വദിക്കാനാകും.
ആഗോളതലത്തിൽ 150 കോടിയിലധികമാണ് ഈ ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോഡും 'ആടുജീവിത'ത്തിന്‍റെ പേരിലാണ്. 'മഞ്ഞുമ്മൽ ബോയ്‌സി'ൻ്റെ മുൻ റെക്കോർഡ് മറികടന്നായിരുന്നു 'ആടുജീവിതം' സിനിമയുടെ നേട്ടം.
2008ൽ ആയിരുന്നു ബ്ലെസി 'ആടുജീവിതം' സിനിമയുടെ പണിപ്പുരയിലേക്ക് കടന്നത്. വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ൽ ഷൂട്ടിങ് തുടങ്ങി. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായത് കഴിഞ്ഞ വർഷം ജൂലൈ 14നാണ്. ജോർദാനിലായിരുന്നു മുഖ്യപങ്കും ചിത്രീകരിച്ചത്. പൃഥ്വിരാജിന്‍റെയും ബ്ലെസിയുടെയും കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണ് 'ആടുജീവിതം'.
അമല പോൾ നായികയായ ഈ ചിത്രം വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് എത്തിയത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്.
ALSO READ: അടുത്ത 100 കോടി...? നസ്‌ലെൻ - ഗിരീഷ് എഡി ചിത്രം വീണ്ടും; റിലീസിനൊരുങ്ങി 'ഐ ആം കാതലൻ'