മുംബൈ: എഐ ഉപയോഗിക്കുന്നതിന് മതിയായ അനുമതി വാങ്ങിയെന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. രജനികാന്തിന്‍റെ പുതിയ ചിത്രമായ ലാൽ സലാമിന്‍റെ ട്രാക്കിനായി അന്തരിച്ച ഗായകരായ ബംബ ബക്യയുടെയും ഷാഹുൽ ഹമീദിന്‍റെയും ശബ്‌ദം എഐ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുനർനിർമ്മിക്കുന്നതിന് അനുമതി വാങ്ങിയതായി എ ആർ റഹ്മാൻ പറഞ്ഞു.
മരണത്തിന് മുമ്പ് റഹ്മാനോടൊപ്പം ഒന്നിലധികം പ്രോജക്‌ടുകളിൽ പ്രവർത്തിച്ചിട്ടുള്ള ഗായകര്‍ തിമിരി യേഴുദാ എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായകരായി കണക്കാക്കപ്പെട്ടത്. 'ലാൽസലാമിൽ നിന്നുള്ള തിമിരിയെഴുദയിലെ ബംബ ബക്യയുടെയും ഷാഹുൽ ഹമീദിന്‍റെയും മാസ്‌മരിക ശബ്‌ദങ്ങൾ എഐ വോയ്‌സ് മോഡലുകൾ വഴി സാധ്യമാക്കി. ഇൻഡസ്ട്രിയിൽ ആദ്യമായാണ് മരിച്ച ഇതിഹാസ കലാക്കാരന്മാരുടെ ശബ്‌ദം ജീവസുറ്റതാക്കുന്നത്'. സോണി മ്യൂസിക് സൗത്തിന്‍റെ, മ്യൂസിക് സ്റ്റുഡിയോയുടെ ഔദ്യോഗിക ഹാൻഡിൽ എക്‌സിൽ പോസ്റ്റ് ചെയ്‌തു.
പാട്ടിനായി അവരുടെ ശബ്‌ദം പുനസൃഷ്‌ടിക്കാൻ തന്‍റെ ടീം ബക്യയുടെയും ഹമീദിന്‍റെയും കുടുംബങ്ങളിൽ നിന്ന് അനുമതി വാങ്ങിയിരുന്നതായി മ്യൂസിക് സ്റ്റുഡിയോയുടെ പോസ്റ്റിനെ കുറിച്ച് റഹ്മാൻ പറഞ്ഞു. 'ഞങ്ങൾ അവരുടെ കുടുംബാംഗങ്ങളിൽ നിന്ന് അനുവാദം വാങ്ങി, അവരുടെ വോയ്‌സ് ഉപയോഗിച്ചതിന് അർഹമായ പ്രതിഫലം അയച്ചു നല്‍കി. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചാൽ അതില്‍ ഒരു ഭീഷണിയും ശല്യവുമില്ല' അദ്ദേഹം കുറിച്ചു.
മണിരത്‌നത്തിന്‍റെ 'പൊന്നിയൻ സെൽവൻ' എന്ന ചിത്രത്തിലെ 'പൊന്നി നദി' പോലുള്ള ജനപ്രിയ ഗാനങ്ങൾ ആലപിച്ച ബക്യ, 2022 സെപ്റ്റംബറിൽ 42 ആം വയസിലാണ് മരണപ്പെട്ടത്. രജനികാന്തിന്‍റെ 2.0 എന്ന ചിത്രത്തിലെ 'പുലിനങ്ങൾ' വിജയിയുടെ ബിഗിലിലെ 'കാലമേ കാലമേ' സർക്കാറിലെ 'സിംതാരംഗൻ' എന്നീ ട്രാക്കുകളും അദ്ദേഹം പാടിയിട്ടുണ്ട്.
ഹമീദ് ജെൻ്റിൽമാൻ, ജീൻസ്, കാതലൻ തുടങ്ങിയ സിനിമകൾക്കായി റഹ്മാനൊപ്പം ധാരാളം പ്രവർത്തിച്ചിട്ടുണ്ട്. 1998 ലാണ് അദ്ദേഹം മരണപ്പെടുന്നത്. എഐ യുടെ സഹായം സ്വീകരിക്കാനുള്ള തീരുമാനത്തിന് അദ്ദേഹത്തിന്‍റെ ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ സാങ്കേതികവിദ്യ സ്വീകരിച്ചതിന് റഹ്മാനെ അഭിനന്ദിച്ചു, മറ്റുള്ളവർ ഇത്തരമൊരു നീക്കം സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യാനുള്ള വഴി തുറക്കുമെന്നും സംഗീതജ്ഞര്‍ കാലഹരണപ്പെട്ടുപോവുമെന്ന തരത്തിലുള്ള ആരോപണവും ഉയര്‍ന്നിരുന്നു.
രജനികാന്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ 'ലാൽ സലാം' സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിൻ്റെ മകൾ ഐശ്വര്യ രജനികാന്താണ്. വിഷ്‌ണു വിശാൽ, വിക്രാന്ത് എന്നിവരും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 9 ന് റിലീസ് ചെയ്യും