തിരുവനന്തപുരം : നാലുവർഷ കോഴ്‌സിലൂടെ ഇരട്ട ബിരുദം നേടാൻ അവസരം. ഇന്‍റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ എൻട്രൻസ് പരീക്ഷയായ എൻസിടിഇക്കുള്ള (നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ്) അപേക്ഷ ക്ഷണിച്ചു.ഈ മാസം 30 ന് രാത്രി 11:30 വരെയാകും അപേക്ഷകൾ സ്വീകരിക്കുക. മെയ് രണ്ടുമുതൽ നാല് വരെ സമർപ്പിച്ച അപേക്ഷകൾ തിരുത്താനാകും. https://ncet.samarth.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
തെരഞ്ഞെടുക്കുന്ന ഐച്ഛിക വിഷയം, ഭാഷകൾ, ജനറൽ ടെസ്റ്റ്, അധ്യാപന അഭിരുചി എന്നീ വിഭാഗങ്ങളിൽ 160 മാർക്കിനാണ് പരീക്ഷ. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്‍റെ 18-19 പേജുകളിൽ ഐച്ഛികവിഷയങ്ങളുടെ ലിസ്റ്റുണ്ട്. 181 ചോദ്യങ്ങളിൽ 160 എണ്ണത്തിന് ഉത്തരം നൽകിയാൽ മതി. രണ്ട് സെഷനുകളിലായി നടക്കുന്ന പരീക്ഷയിൽ എൻടിഎ സ്കോറുകളായി പരിവർത്തനം ചെയ്‌താണ് റാങ്കിങ്.
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന് വേണ്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. ജൂൺ 12നാകും പരീക്ഷ നടക്കുക. എന്നാൽ തീയതി മാറാൻ സാധ്യതയുള്ളതായി നോട്ടിഫിക്കേഷനിൽ സൂചിപ്പിക്കുന്നു. 1200 രൂപയാണ് പരീക്ഷാഫീസ്. ഓൺലൈനായി തുക അടയ്ക്കാം. പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്ക് 1000 രൂപ, പട്ടിക, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് 650 രൂപ എന്നിങ്ങനെയാണ് ഫീസ്. ഫീസിൽ ജിഎസ്‌ടിയും ബാങ്ക് ചാർജും ഉൾപ്പെടും. 12-ാം ക്ലാസോ തുല്യത പരീക്ഷയോ ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ വർഷം 12-ാം ക്ലാസ് പരീക്ഷ എഴുതിയവർക്കും പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം. മിനിമം മാർക്കും പ്രായപരിധിയുമില്ല. എന്നാൽ ചേരാനാഗ്രഹിക്കുന്ന സ്ഥാപനത്തിന്‍റെ നിബന്ധനകൾ പ്രകാരം മാർക്ക്, 12ാം ക്ലാസ് ജയിച്ച വർഷം, പ്രായം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം.
പ്രവേശനം ഏതൊക്കെ സ്ഥാപനങ്ങളിലേക്ക് ?
64 സ്ഥാപനങ്ങളിലായി 6100 സീറ്റുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഐഐടികൾ, എൻഐടികൾ, കേന്ദ്ര സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, സർക്കാർ കോളജുകൾ, റീജ്യണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ എന്നീ സ്ഥാപനങ്ങളിലടക്കമാണ് പ്രവേശനം.
കേരളത്തിൽ ഏതൊക്കെ സ്ഥാപനങ്ങൾ ?
കാസർകോട് കേന്ദ്ര സർവകലാശാലയിൽ ബിഎ/ബിഎഡ്, ബിഎസ്‌സി /ബിഎഡ്, ബികോം/ബിഎഡ് എന്നീ കോഴ്‌സുകൾക്ക് - 50 സീറ്റുകൾ, കോഴിക്കോട് എൻഐടിയിൽ ബിഎസ്‌സി /ബിഎഡിന് 50 സീറ്റുകൾ.
പ്രവേശന പരീക്ഷ എങ്ങനെ?
മൾട്ടിപ്പിൾ - ചോയ്‌സ് ഒബ്‌ജക്‌ടീവ് ചോദ്യങ്ങളാകും പ്രവേശന പരീക്ഷയിലുണ്ടാവുക. കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള പരീക്ഷയിൽ തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ടാവും. കേരളത്തിലും ലക്ഷ്വദ്വീപിലും മലയാളത്തിലാകും പരീക്ഷ. 13 ഭാഷകളിലാകും ചോദ്യങ്ങളുണ്ടാവുക. രാജ്യത്താകമാനം 178 പരീക്ഷ കേന്ദ്രങ്ങളുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. മെയ് മാസത്തിലെ അവസാന ആഴ്‌ച പരീക്ഷാകേന്ദ്രം ഏതെന്ന് അറിയിക്കും.
പ്രവേശന പരീക്ഷയുടെ സിലബസ്
തെരഞ്ഞെടുക്കുന്ന ഐച്ഛികവിഷയം, വിദ്യാഭ്യാസം/അധ്യാപനം എന്നീ വിഷയങ്ങളിലാകും പ്രവേശന പരീക്ഷ. ഇതിൽ വിദ്യാഭ്യാസം/അധ്യാപനം എന്നതില്‍ പ്രീ സ്‌കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുള്ള ഫൗണ്ടേഷൻ വിഭാഗം, മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രീ പ്രൈമറി വിഭാഗം, ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള മിഡിൽ വിഭാഗം, ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സെക്കന്‍ഡറി വിഭാഗം എന്നിങ്ങനെ നാല് തലങ്ങളായി തിരിച്ചിട്ടുണ്ട്.
(1)ഭാഷകൾ - വായന, പദസമ്പത്ത്, സാഹിത്യാഭിരുചി, ആശയഗ്രഹണം, എന്നിവ പരിശോധിക്കും. 38 ഭാഷകളിൽ നിന്നും രണ്ടെണ്ണം തെരഞ്ഞെടുക്കാം. ഓരോ ഭാഷയിലും 23 ചോദ്യങ്ങളുണ്ടാകും. ഇതിൽ 20 എണ്ണത്തിന് ഉത്തരം നൽകണം (2*20=40 മാർക്ക്).
(2)ഐച്ഛിക വിഷയം - 26 വിഷയങ്ങളിൽ നിന്നും മൂന്നെണ്ണം തെരഞ്ഞെടുക്കാം. അപേക്ഷ സമർപ്പിക്കുന്ന സർവകലാശാലകളിലെ വിഷയ ലഭ്യത പരിശോധിച്ച് അപേക്ഷിക്കാം. 12 ക്ലാസ് നിലവാരത്തിലാകും സിലബസ്. 28 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ഉത്തരം നൽകിയാൽ മതി. (3*25 = 75 മാർക്ക്)
(3)ജനറൽ ടെസ്റ്റ് - വിശകലന ശേഷി, ഗണിത യുക്തി, സംഖ്യാബോധം, പൊതു വിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, മാനസിക ശേഷി എന്നിവ പരിശോധിക്കും. 28 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ഉത്തരം നൽകിയാൽ മതി. (1*25 = 25 മാർക്ക്)
(4)അധ്യാപന അഭിരുചി - രംഗ കലകൾ, ഭാഷകൾ, സയൻസ്, മാത്‍സ്, ആർട്‌സ് എന്നിവ പരിശോധിക്കും. 23 ചോദ്യങ്ങളിൽ 20 എണ്ണത്തിന് ഉത്തരം നൽകിയാൽ മതി (1*20=20 മാർക്ക്)
Also Read: കേരള ഫിഷറീസ് സര്‍വ്വകലാശാലയില്‍ യുജി,പിജി,പിഎച്ച്ഡി പ്രവേശനം; അവസാന തീയതി ഏപ്രില്‍ 18