തിരുവനന്തപുരം : വിവിധ മത്സരയിനങ്ങള്‍ കൊണ്ട് കലാഹൃദയങ്ങള്‍ കവര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം. ഇന്നലെ രാവിലെ 11.30ഓടെ ആരംഭിച്ച മത്സരങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു. 12 മണിയോളം മത്സരങ്ങള്‍ തുടര്‍ന്ന ചില വേദികളും ഉണ്ടായിരുന്നു.
മാര്‍ഗംകളി, പൂരക്കളി, അറബനമുട്ട്, നങ്ങ്യാര്‍കൂത്ത്, സംഘഗാനം, കഥകളി ഗ്രൂപ്പ്, ലളിതഗാനം, പഞ്ചവാദ്യം, ഉറുദു ഗസല്‍ ആലാപനം, ക്ലാരിനെറ്റ്, ബ്യൂഗിള്‍, മംഗലംകളി, മോണോ ആക്‌ട്, മുശാറ, സംഭാഷണം, സംസ്‌കൃതം പദ്യംചൊല്ലല്‍, പദ്യംചൊല്ലല്‍ കന്നഡ, പ്രസംഗം കന്നഡ, പദ്യംചൊല്ലല്‍ മലയാളം, കൊളാഷ്, കഥാരചന -മലയാളം, പ്രശ്‌നോത്തരി -സംസ്‌കൃതം, ഉപന്യാസ രചന -സംസ്‌കൃതം തുടങ്ങിയവയായിരുന്നു ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന മത്സര ഇനങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമം വേദി 7ല്‍ 11.45ന് ശേഷവും മത്സരം നീണ്ടു. ഹൈസ്‌കൂള്‍ വിഭാഗത്തിന്‍റെ നങ്ങ്യാര്‍കൂത്ത് മത്സരമായിരുന്നു ഉച്ചകഴിഞ്ഞ് വേദി 7 വാമനപുരം നദിയില്‍ നടന്നത്. നിരവധി പേരാണ് സദസുകളില്‍ കാണികളായി ഉണ്ടായിരുന്നത്. ആദ്യദിനം സമയക്രമം പാലിക്കാന്‍ ആയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
രണ്ടാം ദിനമായ ഇന്ന് കൂടുതല്‍ കാണികള്‍ എത്തുമെന്നാണ് വിലയിരുത്തുന്നത്. ഞായറാഴ്‌ചയായതിനാലാണ് ഇത്തരമൊരു കണക്കുകൂട്ടല്‍. 2016-ന് ശേഷം തലസ്ഥാന നഗരയിലേക്ക് തിരിച്ചെത്തിയ കലാമാമാങ്കത്തെ ആഘോഷമാക്കുകയാണ് നാടും നാട്ടുകാരും കലാപ്രേമികളും.
ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം. 20 വർഷമായി കോഴിക്കോടും പാലക്കാടും പരസ്‌പരം കൊണ്ടും കൊടുത്തും കുത്തകയാക്കിയ 'സുവര്‍ണ കിരീടം' കഴിഞ്ഞ വര്‍ഷം ഫോട്ടോ ഫിനിഷിങ്ങിലൂടെ കണ്ണൂർ സ്വന്തമാക്കിയിരുന്നു. ഇത്തവണ ആരാവും കിരീടമുയര്‍ത്തുകയെന്നറിയാന്‍ ദിവസങ്ങള്‍ കാത്തിരിക്കണം. നിലവില്‍ കണ്ണൂരാണ് മുന്നില്‍. പിന്നാലെ തൃശൂരും കോഴിക്കോടും ഉണ്ട്.
Also Read: കലോത്സവത്തില്‍ ഇന്ന്; രണ്ടാം ദിനം- വേദികള്‍, മത്സരങ്ങള്‍