തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കകളും സമ്മർദ്ദങ്ങളും ഇനി ആകാംക്ഷയ്ക്ക് വഴിമാറുകയാണ്. പരീക്ഷ അവസാനിച്ചതിന്‍റെ ആഹ്ളാദത്തിലാണ് വിദ്യാർഥികളെങ്കിലും കൂടെ പഠിച്ച കൂട്ടുകാരെ പിരിയുന്നതിന്‍റെ സങ്കടവുമുണ്ട്.
വഴുതക്കാട് കോട്ടൺ ഹിൽ ഗവ.ഗേൾസ് ഹയർസെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികൾ യൂണിഫോമിൽ ഹൃദയ ചിഹ്നം കോറിയിട്ടും ആശംസാസന്ദേശങ്ങൾ എഴുതിയും അവസാന ദിനം ആഘോഷമാക്കി. പരീക്ഷാഫലം വരുന്നതുവരെ ടെൻഷനുണ്ട്. എന്നാൽ അതെല്ലാം മറന്ന് വേനലവധി അടിച്ചുപൊളിക്കണമെന്നാണ് വിദ്യാർഥികൾ പറയുന്നത്.
അവസാന ദിനം സഹപാഠികള്‍ക്കായി ഓട്ടോഗ്രാഫ് കുറിക്കുന്നതിന്‍റെ തിരക്കിലായിരുന്നു വിദ്യാർഥികൾ. കെട്ടിപ്പിടിച്ചും സ്നേഹ ചുംബനം നൽകിയും സെൽഫിയെടുത്തും അവർ അവസാന ദിനം അവിസ്‌മരണീയമാക്കി. അവസാനമായി കൂട്ടുകാരെല്ലാം ചേര്‍ന്ന് അടിപൊളി ഗാനം ആലപിച്ചാണ് മടങ്ങിയത്.
മാർച്ച് 4 മുതലായിരുന്നു എസ്എസ്എൽസി പരീക്ഷ ആരംഭിച്ചത്. പരീക്ഷയുടെ അവസാന ദിനമായ ഇന്ന് സാമൂഹ്യശാസ്ത്രമായിരുന്നു വിഷയം. 3000 ത്തോളം പരീക്ഷാകേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും.
70 ക്യാമ്പുകളിലായി 10,000ത്തോളം അധ്യാപകരെ പങ്കെടുപ്പിച്ച് രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കാനാണ് ലക്ഷ്യം. മെയ് ആദ്യ വാരമല്ലെങ്കിൽ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും (The Result Will Be Announced In May). ഹയർ സെക്കന്‍ററി മൂല്യനിർണയവും ഏപ്രിൽ 3ന് ആരംഭിക്കും.
77 ക്യാമ്പുകളിലായി 25000 അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കന്‍ററി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 3ന് ആരംഭിക്കും. 8 ക്യാമ്പുകളിലായി 2200 അധ്യാപകർ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനമെന്നും മാർച്ച് 31 ഈസ്‌റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധ്യാപകർക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.