കാസർകോട്: സ്വകാര്യ സർവകലാശാലകൾ വന്നാൽ നിലവിലെ സർവകലാശാലകൾ തകർന്നുപോകില്ലെന്നും സ്വകാര്യ സർവകലാശാലകൾ വരണമെന്നും സ്‌പീക്കർ എ എൻ ഷംസീർ. നമ്മുടെ സർവകലാശാലകൾ ചില ഘട്ടങ്ങളിൽ വിദ്യാർഥികളെ മറന്നുപോകുന്നു. സ്വകാര്യ സർവകലാശാലകൾ വന്നാൽ സർവകലാശാലകൾ തമ്മിൽ ആരോഗ്യപരമായ മത്സരം ഉണ്ടാകും. വിദ്യാർഥികൾക്ക് പുതിയ കോഴ്‌സുകൾ പഠിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല കലോത്സവം മുന്നാട് പീപ്പിൾസ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ സർവകലാശാലകളിൽ സർക്കാറിന്‍റെ നിയന്ത്രണത്തോടെ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരിക്കണമെന്നും, സാധാരണക്കാർക്ക് റിസര്‍വേഷന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സർവകലാശാലകൾ വരുമ്പോൾ മറ്റു സർവകലാശാലകൾ തകരുമെന്ന് ഭയക്കുന്നവർ ആത്മവിശ്വാസക്കുറവുള്ളവരാണെന്നും ഷംസീർ പറഞ്ഞു.