തിരുവനന്തപുരം : രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയർ സെക്കൻഡറിയിലെ വിജയം. 2,94,888 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42 ശതമാനമാണ് വിജയം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
ആകെ 4,29,327 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയ ശതമാനം കുറവാണ്. പ്ലസ് ടു പരീക്ഷയില്‍ മുൻ വർഷം 82.95 ആയിരുന്നു വിജയ ശതമാനം. ഇതില്‍ നിന്നും 4.26 ശതമാനമാണ് ഇത്തവണ കുറവുണ്ടായിട്ടുള്ളത്. വിഎച്ച്‌എസ് പരീക്ഷ ഫലത്തിലും സമാന സ്ഥിതിയാണുള്ളത്. 78.39 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. ഇത്തവണ 71.42 ശതമാനത്തിലെത്തിയതോടെ 6.97 ശതമാണ് കുറവുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് 63 സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്.
പ്ലസ് ടു സയൻസില്‍ 84.84 ശതമാനവും ഹ്യുമാനിറ്റീസില്‍ 67.09 ശതമാനവും കൊമേഴ്‌സ് വിഭാഗത്തില്‍ 76.11 ശതമാനവുമാണ് വിജയം. എറണാകുളമാണ് വിജയ ശതമാനം കൂടുതലുള്ള ജില്ല (84.12). കുറവ് വിജയ ശതമാനം വയനാടാണ് (72.13). 63 സ്‌കൂളുകൾക്ക് 100 ശതമാനം വിജയമുണ്ട്. 105 വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയത്.
സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്. ജൂണ്‍ 12 മുതല്‍ 20 വരെയാണ് സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ നടക്കുക. മെയ് 14 വരെയാണ് പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്‌മ പരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനമുണ്ടായിട്ടുള്ളത്. മെയ് 25നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തിന് ശേഷം 4 മണിയോടെ വിവിധ സൈറ്റുകളിലായി ഫലം ലഭിക്കും. ഹയർ സെക്കൻഡറി പരീക്ഷാഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും കൂടാതെ PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.