ന്യൂഡൽഹി: ദേശിയ വിദ്യാഭ്യാസ നയമനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിച്ച് എന്‍സിഇആര്‍ടി. ഹിസ്‌റ്ററി, ജിയോഗ്രഫി, സിവിക്‌സ് എന്നീ മൂന്ന് പുസ്‌തകങ്ങളെ ഒരു പുസ്‌തകത്തിലേക്ക് വെട്ടിച്ചുരുക്കിക്കൊണ്ടാണ് പുതിയ പരിഷ്‌കാരം. "Exploring Society - India and Beyond" എക്സ്പ്ലോറിങ് സൊസൈറ്റി- ഇന്ത്യ ആന്‍റ് ബിയോണ്ട് എന്നാണ് പുതിയ പുസ്ത്തകത്തിന്‍റെ പേര്.
മഹാഭാരതം, വിഷ്ണുപുരാണം തുടങ്ങിയ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൾ ഉദ്ധരിച്ച് എങ്ങനെയാണ് "ഭാരതം" എന്നപേര് ഉണ്ടായത് എന്ന് പഠിപ്പിക്കാൻ ഒരു മുഴുവൻ അധ്യായം തന്നെ പുസ്‌തകത്തിലുണ്ട്. നിരവധി സംസ്‌കൃത പാദങ്ങളും പുസ്‌തകത്തിൽ കാണാം. സംസ്‌കൃത പദങ്ങളുടെ ശരിയായ ഉച്ചാരണത്തിനായി അക്ഷരങ്ങൾക്ക് മുകളിൽ ഡയാക്രിറ്റിക്‌സും ചേര്‍ത്തിട്ടുണ്ട്.
പരിഷ്‌കരിച്ച ആറാം ക്ലാസ് സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തിൽ 'ഹാരപ്പൻ' നദീതട സംസ്‌കാരത്തെ 'സിന്ധു-സരസ്വതി നാഗരികത' എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ദേശിയ വിദ്യാഭ്യാസനയത്തിന്‍റെ ആദ്യ സാമൂഹ്യ ശാസ്‌ത്ര പാഠപുസ്‌തമായ 'എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബീയോണ്ടി'ലാണ് പരാമർശം.
സരസ്വതി നദിയുടെ വരൾച്ചയാണ് ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയ്ക്ക് പിന്നിലെ കാരണമെന്നാണ് എന്‍സിഇആര്‍ടി വെള്ളിയാഴ്‌ച (ജൂലൈ 19) പുറത്തിറക്കിയ പുസ്‌തകത്തിൽ പറയുന്നത്. ഈ നദി ഇന്ന് ഇന്ത്യയിൽ 'ഘഗ്ഗർ' എന്ന പേരിലും പാക്കിസ്ഥാനിൽ 'ഹക്ര' എന്ന പേരിലും അറിയപ്പെടുന്നതായും പുസ്‌തകത്തിൽ എഴുതിയിട്ടുണ്ട്. കൂടാതെ സരസ്വതി നദിയെപ്പറ്റിയുള്ള 'ഋഗ്വേദ'ത്തിലെ പരാമർശത്തെക്കുറിച്ചും പുസ്‌തകത്തിൽ പറയുന്നു.
പാഠപുസ്‌തകത്തിൽ നിരവധി മാറ്റങ്ങളാണ് എൻസിഇആർടി കൊണ്ടുവന്നിട്ടുള്ളത്. സംസ്‌കൃത പദങ്ങൾ ഉൾപ്പെടുത്തുകയും സമയം കണക്കാക്കുന്ന ഗ്രീനിച്ച് രേഖയ്ക്കും ഇന്ത്യൻ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. 'ഗ്രീനിച്ച് മെറിഡിയൻ' നിശ്ചയിക്കുന്നതിനും നൂറ്റാണ്ടുകൾ മുൻപ് ഇന്ത്യയ്ക്ക് സ്വന്തമായി സമയക്രമം നിശ്ചയിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെന്നും ഉജ്ജയിനിലൂടെയാണ് കടന്നുപോയിരുന്നതെന്നും പാഠഭാഗത്തിൽ പറയുന്നു.
കൂടാതെ ഭൂമിശാസ്‌ത്രത്തിൽ കാളിദാസന്‍റെ കുമാരസംഭവം കാവ്യത്തെയും അതിലെ ഹിമാലയം പരാമർശത്തെയും ഉൾപ്പെടുത്തി. ജാതി വിവേചനത്തെയും, ദളിത് എന്ന പദത്തിന്‍റെ നിർവചനവും, അസമത്വത്തെയും കുറിച്ചുള്ള പരാമർശങ്ങളും പാഠപുസ്‌തകത്തിൽ നിന്ന് എടുത്തുമാറ്റി. പഴയ പുസ്‌തകത്തിൽ ബി ആർ അംബേദ്‌കറെക്കുറിച്ചും ദളിത് സമുദായത്തിന്‍റെ അവകാശങ്ങൾക്കായുള്ള അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു.
നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ ചാൻസലർ എം സി പന്ത് ചെയർമാനായുള്ള 19 അംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ പാഠപുസ്‌തകങ്ങളുടെ രൂപകൽപ്പന. സുധാ മൂർത്തി, മഞ്ജുൾ ഭാർഗവ, ശങ്കർ മഹാദേവൻ, ബിബേക് ദെബ്രോയ്, ഡോ. ചാമു കൃഷ്‌ണ ശാസ്‌ത്രി എന്നിവർ ഉൾപ്പെടുന്നതാണ് സമിതി.
ALSO READ: കോട്ടയിൽ വിദ്യാർഥികൾ കുറയുന്നു? ഈ അഭാവം ബാധിക്കുന്നത് ആരെയൊക്കെ, ഞെട്ടിക്കുന്ന കണക്കുകളിതാ