തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയില്‍ വിദ്യാര്‍ഥിനി കുഴഞ്ഞു വീണു. ആലപ്പുഴ മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഗോപികയാണ് ഇരുള നൃത്തം കഴിഞ്ഞയുടനെ കുഴഞ്ഞു വീണത്. നൃത്തം കഴിഞ്ഞയുടനെ ഗോപിക വേദിക്ക് സമീപം ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻതന്നെ അധികൃതർ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിൽ ആണ്. അതേസമയം കൂട്ടത്തിലൊരാള്‍ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം വന്ന് ആശുപത്രിയിലായത് മറ്റ് കുട്ടികളെ സങ്കടത്തിലാഴ്‌ത്തി. അധ്യാപകരും അധികൃതരും കുട്ടികളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.
ഗോപികക്ക് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങൾ നേരത്തെ ഉണ്ടായിരുന്നു എന്ന് വിദ്യാർഥികൾ പ്രതികരിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ വന്നപ്പോഴും ഗോപിക പൂർണ ആരോഗ്യവതി അല്ലായിരുന്നു. ശാരീരിക അസ്വസ്ഥകള്‍ അവഗണിച്ച് ഇരുള നൃത്തം ചെയ്യാൻ വേദിയില്‍ കയറുകയായിരുന്നു ഗോപിക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ വേദിയിൽ മികച്ച പ്രകടനം കാഴ്‌ചവക്കുമ്പോൾ ഗോപിക ശാരീരിക അസ്വാസ്ഥ്യം ഉള്ളതായി പ്രകടിപ്പിച്ചില്ല. മത്സരയിനം കഴിഞ്ഞ് വേദിക്ക് പുറത്തേക്ക് നടക്കുമ്പോഴാണ് ഗോപിക പെട്ടെന്ന് കുഴഞ്ഞു വീഴുന്നത്. ഇതാണ് കൂടെയുള്ള വിദ്യാർഥികളെ സങ്കടത്തിലാഴ്ത്തിയത്.
സംസ്ഥാന സ്‌കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇരുള നൃത്തം, പണിയ നൃത്തം തുടങ്ങിയ ഗോത്ര കലകൾ മത്സരയിനമായി ഉൾപ്പെടുത്തുന്നത്. 63മത് സംസ്ഥാന കലോത്സവത്തിലെ പതിനഞ്ചാമത് വേദിയായ നിശാഗന്ധിയിലാണ് ഇരുള, പണിയ നൃത്തങ്ങൾ അരങ്ങേറിയത്.
ഇരുള നൃത്തം ആയിരുന്നു ആദ്യ മത്സരയിനം. ആലപ്പുഴ മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികൾ അവതരിപ്പിച്ച ഇരുള നൃത്തത്തിന് വേദിയിൽ മികച്ച കയ്യടിയാണ് ലഭിച്ചത്. ശ്വേതനി, നവമി, ഐശ്വര്യ, ആര്യ ലക്ഷ്‌മി, ആരതി, അഞ്ജലി, ഹിമ, മിത്രാ ആർച്ച, അതുല്യ, ഗോപിക, ശിവപ്രിയ എന്നിവരായിരുന്നു ടീം അംഗങ്ങൾ.