തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8 ന് വൈകിട്ട് 3 മണിക്കെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ആകെ 4,27,105 വിദ്യാർഥികളാണ് ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ്. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തത്. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷ ഫലപ്രഖ്യാപനം മെയ് 9 വ്യാഴാഴ്‌ച നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്തും. ആകെ 4,41,120 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 2,23,736 പേർ ആൺകുട്ടികളും 2,17,384 പേർ പെൺകുട്ടികളുമാണ്.
ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് ഹയർ സെക്കന്‍ഡറി മൂല്യനിർണ്ണയം നടന്നത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ മൊത്തം 77 ക്യാമ്പുകളിലായി 25,000 ത്തോളം അധ്യാപകരും പങ്കെടുത്തു.
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 ന് നടത്തും. റഗുലർ വിഭാഗത്തിൽ 27,798 പേരും പ്രൈവറ്റ് വിഭാഗത്തിൽ 1,502 പേരും ഉൾപ്പെടെ ആകെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ 18,297 പേർ ആൺകുട്ടികളും 11,003 പേർ പെൺകുട്ടികളുമാണ്. എട്ട് ക്യാമ്പുകളിലായി 2200 ഓളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തുവെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പരിശീലനം
ഡിസംബർ 31 ഓടു കൂടി കേരളത്തിലെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ പ്രായോഗിക പരിശീലനം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിന്‍റെ മൊഡ്യൂൾ കഴിഞ്ഞ ദിവസം മൂന്നാറിൽ പ്രകാശനം ചെയ്‌തു.
മെയ് 2 മുതൽ ആഗസ്‌റ്റ് 31 വരെ നീണ്ടു നിൽക്കുന്ന ഈ പരിശീലനത്തിൽ 80,000 അധ്യാപകർ പങ്കെടുക്കും. ഓരോ അധ്യാപകർക്കും ഇന്‍റർനെറ്റ് സംവിധാനമുള്ള ലാപ്‌ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനമാണ് നൽകുന്നത്.
ആദ്യ ഘട്ടത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അധ്യാപകരെയും രണ്ടാം ഘട്ടത്തിൽ പ്രൈമറി മേഖലയിലേക്കും അപ്പർ പ്രൈമറി മേഖലിലേയ്ക്കും പരിശീലനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.