തിരുവനന്തപുരം: 2024-ലെ എല്‍എസ്‌എസ്, യുഎസ്‌എസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 28-ന് നടത്തിയ പരീക്ഷ ഫലമാണ് പ്രസിദ്ധീകരിച്ചത്. സാധാരണ മെയ് മാസം അവസാനമോ ജൂണ്‍ മാസമോ പ്രസിദ്ധീകരിക്കാറുള്ള ഫലം ഇത്തവണ നേരത്തേ വന്നു.
ജനറല്‍ വിഭാഗത്തില്‍ 60 ശതമാനം മാര്‍ക്കാണ് സ്കോളര്‍ഷിപ്പ് നേടാന്‍ വേണ്ടത്. Sc/ST, OBC വിഭാഗത്തിന് 50 ശതമാനം സ്കോര്‍ നേടിയവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും. പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ 7 ദിവസത്തിനകം നൂറു രൂപ ഫീ നല്‍കി റീവാല്വേഷന് അപേക്ഷിക്കാം.
കേരള പരീക്ഷ ഭവന്‍റെ www.pareekshabhavan.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്പറും ജനനതീയതിയും നല്‍കി റിസള്‍ട്ട് അറിയാം. www.bpekerala.in എന്ന വെബ്‌സൈറ്റിലും ഫലം ലഭ്യമാണ്. നാലാം ക്ലാസിലെ കുട്ടികളാണ് ലോവര്‍ സെക്കണ്ടറി സ്കോളപര്‍ഷിപ്പ് (LSS) പരീക്ഷ എഴുതുന്നത്. നാലാം ക്ലാസില്‍ എൽഎസ്എസ് ജയിക്കുന്ന വിദ്യാർഥികൾക്ക് 5,6,7 ക്ലാസുകളിൽ 1000 രൂപ വീതമാണ് ലഭിക്കുക.
ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് അപ്പര്‍ സെക്കണ്ടറി സ്കോളര്‍ഷിപ്പ് (USS) പരീക്ഷ എഴുതാം. ഏഴാം ക്ലാസിൽ യുഎസ്എസ് ലഭിക്കുന്ന വിദ്യാർഥികൾക്ക് 8,9,10 ക്ലാസുകളിൽ 1500 രൂപ വീതവുമാണ് സ്കോളർഷിപ്.
ഭാഷാ വിഷയങ്ങള്‍, കണക്ക് സയന്‍സ്, സാമൂഹിക ശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. അര്‍ധ വാര്‍ഷിക പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചവര്‍ക്ക് പ്രസ്‌തുത പരീക്ഷ എഴുതാം. ഏതെങ്കിലും വിഷയത്തിന് എ ഗ്രേഡ് ഇല്ലെങ്കില്‍ ഉപജില്ല തലത്തില്‍ കലാ-കായിക, വിദ്യാരംഗം, ശാസ്ത്ര മേളകളില്‍ ഏതെങ്കിലും ഒന്നിന് എ ഗ്രേഡ് നേടിയവര്‍ക്കും പരീക്ഷ എഴുതാം.
എൽഎസ്‌എസിന് 108733 കുട്ടികൾ പരീക്ഷ എഴുതിയതിൽ 21414 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി . വിജയശതമാനം 10.37. യുഎസ്‌എസിന് 96663കുട്ടികൾ പരീക്ഷ എഴുതിയതിൽ 7420 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. വിജയശതമാനം 7.79%. 1577 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടി