തിരുവനന്തപുരം : കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് (KEAM) പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി ദേവാനന്ദാണ് ഒന്നാം റാങ്ക് ജേതാവ്. മലപ്പുറം സ്വദേശി ഹഫീസ് റഹ്‌മാനാണ് രണ്ടാം റാങ്ക് നേടിയത്. കോട്ടയം സ്വദേശി അലന്‍ ജോണി മൂന്നാം റാങ്ക് നേടി. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളുമുണ്ട്.
ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്ത സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ഫലം ഉടന്‍ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് cee.kerala.gov.in വഴി ഫലമറിയാം. ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനായി ആയിരുന്നു കീം പരീക്ഷ നടത്തിയത്. പരീക്ഷ നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഫലം പുറത്ത് വരുന്നത്.
ജൂൺ അഞ്ച് മുതൽ പത്തുവരെ നടന്ന കീം പരീക്ഷ 79,044 വിദ്യാര്‍ഥികളാണ് എഴുതിയിരുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമേ ഡൽഹി, മുംബൈ, ദുബായ് കേന്ദ്രങ്ങളിലും പരീക്ഷ നടന്നിരുന്നു.
38853 പെൺകുട്ടികളും 40190 ആൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 27524 പെൺകുട്ടികളും 30815 ആൺകുട്ടികളും യോഗ്യത നേടി. 24646 പെൺകുട്ടികളും 27854 ആൺകുട്ടികളുമടക്കം 52500 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്.
ആദ്യ നൂറ് റാങ്കിൽ കൂടുതൽ പേരും എറണാകുളം ജില്ലയിൽ നിന്നാണ്, 24 പേർ. എറണാകുളം ജില്ലയിൽ നിന്ന് തന്നെയാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ റാങ്ക് പട്ടികയിൽ ഇടം പിടിച്ചതും, 6568 പേർ. തിരുവനന്തപുരത്ത് നിന്ന് 15 പേരും കോട്ടയത്ത് നിന്ന് 11 പേരും ആദ്യ നൂറില്‍ ഇടം പിടിച്ചു.
മറ്റു ജില്ലകളിൽ നിന്ന് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെയും ആദ്യ ആയിരം റാങ്കുകളിൽ ഉൾപ്പെട്ടവരുടെയും എണ്ണം ഇങ്ങനെ:
- തിരുവനന്തപുരം (6148/125)
- കൊല്ലം (4947/53)
- പത്തനംതിട്ട (1777/23)
- ആലപ്പുഴ (3085/53)
- കോട്ടയം (3057/99)
- ഇടുക്കി (981/10)
- തൃശൂർ (5498/108)
- പാലക്കാട് (3718/55)
- മലപ്പുറം (5094/79)
- കോഴിക്കോട് (4722/93)
- വയനാട് (815/11)
- കണ്ണൂർ (4238/75)
- കാസർകോട് (1346/21)
- മറ്റുള്ളവർ (289/24)
പരീക്ഷയ്ക്ക് വേണ്ടി സോഫ്റ്റ്‌വെയർ തയാറാക്കിയ സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ്, പരീക്ഷയുടെ നടത്തിപ്പുകളും ഫല പ്രഖ്യാപനവും സമയബന്ധിതമായി പൂർത്തിയാക്കിയ പ്രവേശന പരീക്ഷ കമിഷണറേറ്റ്, കോളജ് വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് എന്നിവരെയും മന്ത്രി ഡോ. ആർ ബിന്ദു അഭിനന്ദിച്ചു.