തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കമ്പ്യൂട്ടർ അധിഷ്‌ഠിത (സിബിടി) പ്രവേശന പരീക്ഷയിലെ വിദ്യാർഥികളുടെ നോർമലൈസ്‌ഡ് സ്‌കോർ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‍സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ www.cee.kerala.gov.in വെബ്‍സൈറ്റിലെ വിജ്ഞാപനമായി പ്രസിദ്ധീകരിച്ചു.
51,000 ത്തോളം വിദ്യാർഥികളാണ് എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയത്. 79,044 പേരായിരുന്നു ഇത്തവണ പരീക്ഷയെഴുതിയത്. അതേസമയം റാങ്ക് പട്ടിക തയ്യാറാക്കാനായി ഹയർ സെക്കൻഡറി ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് പരീക്ഷയിലെ മാർക്ക് സമർപ്പണത്തിനായുള്ള വിജ്ഞാപനം ഉടന്‍ പുറത്തുവിടും. ഈ മാസം 30 വരെ മാർക്ക് കൺഫേം ചെയ്യാൻ കഴിയും. റാങ്ക് പട്ടിക തയാറാക്കുക ഇതിന് ശേഷമാകും.
പ്ലസ് ടു മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ടതെങ്ങനെ?
പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെയാണ് മാർക്ക് ലിസ്‌റ്റ് സമർപ്പിക്കേണ്ടത്. കെമിസ്‌ട്രി പഠിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികളുടെ കമ്പ്യൂട്ടർ സയൻസ് മാർക്കും കെമിസ്‌ട്രിയും കമ്പ്യൂട്ടർ സയൻസും പഠിക്കാത്ത ഉദ്യോഗാർഥികളുടെ ബയോടെക്നോളജി മാർക്കും പരിഗണിക്കും. കൂടാതെ ഈ മൂന്ന് വിഷയങ്ങളും പഠിച്ചിട്ടില്ലാത്തവരുടെ ബയോളജി മാർക്കും പരിഗണിക്കുന്നതാണ്.
ഇപ്രകാരം സമർപ്പിച്ച മാർക്ക് കീം 2024 പ്രോസ്‌പെക്‌ട്‌സ് പ്രകാരം സ്‌റ്റാൻഡേർഡൈസേഷൻ പ്രക്രിയയ്‌ക്ക് വിധേയമാക്കിയ ശേഷമാണ് എഞ്ചിനീയറിങ് റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുക. മേൽപറഞ്ഞ പ്രകാരം വെബ്സൈറ്റ് വഴി യഥാസമയം യോഗ്യത പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കാത്തവരെ റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെടുത്തുന്നതല്ല.
- അപേക്ഷകർക്ക് അവരുടെ അപേക്ഷ നമ്പറും പാസ്‌വേഡും നൽകി മുകളിൽ പറഞ്ഞ വെബ്‌സൈറ്റിലെ ‘KEAM 2024- Candidate Portal' വഴി ഹോം പേജിൽ പ്രവേശിക്കാം.
- തുടർന്ന് 'Mark Submission for Eng' എന്ന മെനു ക്ലിക്ക് ചെയ്‌ത് യോഗ്യത പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് സമർപ്പിക്കാം.
- എഞ്ചിനീയറിങ് റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുന്നതിനായി KEAM 2024 നുള്ള പ്രോസ്‌പെക്‌റ്റസിൽ വിവരിച്ചിരിക്കുന്ന സ്‌റ്റാൻഡേർഡൈസേഷൻ നടപടിക്രമം നടപ്പിലാക്കിയ ശേഷം ഉദ്യോഗാർഥി സമർപ്പിച്ച മാർക്കുകൾ പ്രോസസ് ചെയ്യും.
- പരീക്ഷ ബോർഡ്, വിജയിച്ച വർഷം, ഉദ്യോഗാർഥിയുടെ രജിസ്‌റ്റർ നമ്പർ എന്നിവ വെബ് പേജിൽ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നുള്ള പ്രവേശന പരീക്ഷ കമ്മിഷണറുടെ ഓഫിസിൽ ലഭ്യമായ ഉദ്യോഗാർഥികളുടെ രണ്ടാം വർഷ മാർക്കിൻ്റെ വിശദാംശങ്ങൾ പ്രദർശിപ്പിക്കും.
- വെബ്‌പേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാർക്കുകൾ ഒറിജിനൽ മാർക്ക് ഷീറ്റുകൾ ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കുകയും 'Submit Mark Data' ബട്ടണിൽ ക്ലിക്ക് ചെയ്‌ത് ഉദ്യോഗാർഥി സ്ഥിരീകരിക്കുകയും വേണം. അവർ മാർക്ക് ലിസ്‌റ്റ് അപ്‌ലോഡ് ചെയ്യേണ്ടതില്ല.
- വെബ്‌പേജിൽ കാണിച്ചിരിക്കുന്ന മാർക്കുകൾ മാർക്ക് ലിസ്‌റ്റിൽ നൽകിയിരിക്കുന്ന യഥാർഥ മാർക്കിൽ നിന്ന് വ്യത്യസ്‌തമാണെങ്കിൽ, ഉദ്യോഗാർഥികൾക്ക് 'Change' ബട്ടൺ ഉപയോഗിച്ച് മാർക്ക് എഡിറ്റ് ചെയ്യാനും ബന്ധപ്പെട്ട വിഷയങ്ങളുടെ യഥാർഥ മാർക്ക് നൽകാനും കഴിയും.
- കൂടാതെ, ബോർഡുകളിൽ നിന്ന് ഈ ഓഫീസിൽ മാർക്ക് ഡാറ്റ ലഭ്യമല്ലെങ്കിൽ, അതാത് വിഷയങ്ങളിൽ രണ്ടാം വർഷത്തിൽ നേടിയ മാർക്കുകൾ ഉദ്യോഗാർഥി രേഖപ്പെടുത്തണം.
- മേൽപ്പറഞ്ഞ രണ്ട് സന്ദർഭങ്ങളിലും, അത്തരം ഉദ്യോഗാർഥികൾ 'Submit Mark Data' ബട്ടണിൽ ക്ലിക്കുചെയ്‌ത് സ്ഥിരീകരണം നടത്തേണ്ടതുണ്ട്. കൂടാതെ അവർ മാർക്ക് സമർപ്പിക്കുന്നതിനൊപ്പം പ്ലസ്‌ടു മാർക്ക് ഷീറ്റുകളും (PDF ഫോർമാറ്റിൽ) അതേ പേജിലൂടെ അപ്‌ലോഡ് ചെയ്യണം.
- അപ്‌ലോഡ് ചെയ്‌ത സ്‌കാൻഡ് ഡോക്യുമെന്‍റ് പൂർണവും വായിക്കാവുന്നതും യാതൊരു തകരാറുകളും ഇല്ലാത്തതുമായിരിക്കണം.
- മാർക്ക് ഡാറ്റ വിജയകരമായി സമർപ്പിച്ചതിന് ശേഷം, ഉദ്യോഗാർഥികൾക്ക് 'മാർക്ക് സമർപ്പിക്കൽ സ്ഥിരീകരണ റിപ്പോർട്ട്' (Mark Submission Confirmation Report) ഡൗൺലോഡ് ചെയ്‌ത് പിന്നീടുള്ള റഫറൻസിനായി ഒരു സോഫ്റ്റ് കോപ്പിയോ ഹാർഡ് കോപ്പിയോ ആയി അവരുടെ പക്കൽ സൂക്ഷിക്കാവുന്നതാണ്.
- പ്രവേശന പരീക്ഷ കമ്മിഷണറുടെ ഓഫിസിൽ ബോർഡ് ഡാറ്റ ലഭ്യമല്ലാത്ത, വെബ്‌പേജിൽ മാർക്ക് രേഖപ്പെടുത്തിയവർ/ വെബ്‌പേജിൽ കാണിച്ചിരിക്കുന്ന മാർക്ക് എഡിറ്റ് ചെയ്‌തവർക്ക് ബന്ധപ്പെട്ട ലിങ്ക് വഴി പ്ലസ് ടു മാർക്ക് ഷീറ്റ് അപ്‌ലോഡ് ചെയ്‌തതിനുശേഷം മാത്രമേ 'കൺഫർമേഷൻ റിപ്പോർട്ട്' ഡൗൺലോഡ് ചെയ്യാൻ കഴിയൂ.
- ഈ കൺഫർമേഷൻ പേജും പ്ലസ് ടു മാർക്ക് ഷീറ്റും പ്രവേശന പരീക്ഷ കമ്മിഷണറുടെ ഓഫിസിലേക്ക് അയക്കാൻ പാടില്ല.
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.
ALSO READ: ലോക്കോ പൈലറ്റാകുന്നോ? റെയില്‍വേ വിളിക്കുന്നു