തിരുവനന്തപുരം : 2024-2025 വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 17 വരെ സമർപ്പിക്കാം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ ഏപ്രിൽ 17നകം അപ്‌ലോഡ് ചെയ്യുന്നവർക്ക് മറ്റ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വരെ അവസരമുണ്ടാകും.
നീറ്റ് അപേക്ഷകരും കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സു കളിലേക്കുള്ള പ്രവേശനത്തിന് KEAM 2024ന് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in. എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക ഹെൽപ് ലൈൻ: 0471-2525300.
കോഴ്‌സുകളെ മെഡിക്കല്‍, എന്‍ജിനിയറിങ്ങ്, ആര്‍ക്കിടെക്‌ചര്‍, മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അലൈഡ്, ഫാര്‍മസി എന്നിങ്ങനെ നാല് സ്ട്രീമുകളിലായാണ് തരം തിരിച്ചിട്ടുള്ളത്. അപേക്ഷിക്കുന്ന സമയത്ത് പരിഗണിക്കേണ്ട സ്ട്രീമുകള്‍ മാത്രം വിദ്യാർഥികൾ തെരഞ്ഞെടുത്താല്‍ മതി.
ബ്രാഞ്ചുകള്‍, പ്രോഗ്രാമുകള്‍ എന്നിവ തെരഞ്ഞെടുക്കേണ്ടതില്ല. ഒരാള്‍ക്ക് പരമാവധി 4 സ്ട്രീമുകളിലേക്കാണ് അപേക്ഷിക്കൻ കഴിയുക. ഒരു സ്ട്രീമിലേക്ക് അപേക്ഷിച്ചാലും 4 സ്ട്രീമിലേക്ക് അപേക്ഷിച്ചാലും ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. എന്നാല്‍ ഏതൊക്കെ സ്ട്രീമുകളിലേക്ക് പരിഗണിക്കണം എന്ന് കൃത്യമായി അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.