തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ. രജിത രവി. കലാമണ്ഡലത്തിലെ 29 വിദ്യാർഥികളും വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 പേരും അടങ്ങുന്ന സംഘമാണ് നൃത്താവിഷ്‌കരണത്തിന്‍റെ ഭാഗമായതെന്ന് രജിത രവി അറിയിച്ചു.
വളരെ ചുരുങ്ങിയ ദിവസം കൊണ്ടാണ് വിദ്യാർഥികൾ നൃത്തം പഠിച്ചെടുത്തത്. ഏകദേശം എട്ട് ദിവസം മാത്രമാണ് വിദ്യാർഥികൾക്ക് ചുവടുകൾ പഠിക്കാനും പരിശീലിക്കാനും ലഭിച്ചതെന്ന് രജിത രവി പറഞ്ഞു. അതേസമയം പരിശീലനം നടക്കുന്നതിനാൽ വിദ്യാർഥികൾ അവധി ദിവസവും പ്രാക്‌ടീസിന് എത്തിയിരുന്നുവെന്നും അവർ വ്യക്തമാക്കി.
"കലാമണ്ഡലത്തിലെ വിദ്യാർഥികൾക്ക് പുറമേ തൃശൂരിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളും ട്രൈബൽ സ്‌കൂളിലെ മൂന്ന് കുട്ടികളും സ്വാഗത നൃത്താവിഷ്‌കാരത്തിന്‍റെ ഭാഗമായിരുന്നു. ഈ വർഷം തോട്ട് ഗോത്ര നൃത്തങ്ങളും കലോത്സവത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ അവരുടെ പങ്കാളിത്തവും നൃത്താവിഷ്‌കാരത്തിലുണ്ടായിരുന്നു. കലാമണ്ഡലത്തിനെ സംബന്ധിച്ചിടത്തോളം അത് അഭിമാനകരമായ ഒരു കാര്യമാണ്"- രജിത രവി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, മാർഗംകളി, ഒപ്പന, തിരുവാതിര, ദഫ്‌മുട്ട്, ഗോത്രനൃത്തം, കളരിപ്പയറ്റ് എന്നീ കലാരൂപങ്ങളെ കോർത്തിണക്കിയായിരുന്നു നൃത്താവിഷ്‌കാരമെന്നും അവർ കൂട്ടിച്ചേർത്തു. നൃത്തം ചിട്ടപ്പെടുത്താൻ തനിക്കൊപ്പം കലാമണ്ഡലത്തിലെ ലതിക എന്ന നൃത്ത അധ്യാപികയും കഥകളി വിഭാഗം അധ്യാപകരായ കലാമണ്ഡലം തുളസികുമാറും കലാമണ്ഡലം അരുൺ വാര്യരും ഉണ്ടായിരുന്നെന്നും ഡോ. രജിത രവി വ്യക്തമാക്കി.
നൃത്താവിഷ്‌കാരത്തിന്‍റെ ഭാഗമായതിൽ സന്തോഷം
വളരെ കൗതുകത്തോടെയാണ് കലോത്സവ വേദിയിലെത്തിയതെന്ന് വടക്കാഞ്ചേരി ലേഡീസ് സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി വേദിക കൃഷ്‌ണ പറഞ്ഞു. നൃത്താവിഷ്‌കാരത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം. കലോത്സവ വേദിയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും വേദിക പറഞ്ഞു.
നൃത്താവിഷ്‌കാരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയാണ് വേദിക. ഒന്നര ആഴ്‌ച കൊണ്ടാണ് നൃത്തം പഠിച്ചെടുത്തത്. നൃത്താവിഷ്‌കാരത്തിൽ ഭരതനാട്യമാണ് താൻ അവതരിപ്പിച്ചതെന്നും വേദിക കൂട്ടിച്ചേര്‍ത്തു. എട്ട് കുട്ടികളാണ് നൃത്താവിഷ്‌കാരത്തിൽ ഭരതനാട്യം അവതരിപ്പിച്ചത്. അതേസമയം കഴിഞ്ഞ ഏഴ് വർഷമായി താൻ നൃത്തം അഭ്യസിക്കുന്നുണ്ടെന്നും വേദിക വ്യക്തമാക്കി.