ന്യൂഡൽഹി: ഡ്രോൺ ടെക്‌നോളജിയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ ആരംഭിക്കാനൊരുങ്ങി ഡൽഹി യൂണിവേഴ്‌സിറ്റി. ഡിയുവിൻ്റെ സെൻ്റർ ഫോർ ഇന്നൊവേറ്റീവ് സ്‌കിൽ ബേസ്‌ഡ് കോഴ്‌സ് (CISBC) വിദ്യാർഥികൾക്കായി നിലവിൽ 12 നൈപുണ്യ കോഴ്‌സുകളാണ് നടത്തിവരുന്നത്. ഇപ്പോൾ ഡ്രോൺ സാങ്കേതിക വിദ്യയിൽ വിദ്യാർഥികൾക്ക് അവസരങ്ങൾ നൽകുന്നതിനായി പുതിയ നൈപുണ്യ കോഴ്‌സുകൾ ആരംഭിക്കാനൊരുങ്ങുകയാണ് ഡിയു.
ഡ്രോണുകളുടെ ഉപയോഗം വർധിച്ചിട്ടുണ്ടെന്നും ഡ്രോണുകൾ പറത്താൻ പരിശീലനം ലഭിച്ച പൈലറ്റുമാരുടെ കുറവും കണക്കിലെടുത്താണ് തങ്ങളുടെ നൈപുണ്യ കോഴ്‌സുകൾക്കൊപ്പം ഡ്രോൺ അധിഷ്‌ഠിത കോഴ്‌സുകൾ കൂടെ ചേർക്കാൻ ഡൽഹി യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്. ഈ കോഴ്‌സ് തികച്ചും പുതിയതാണെന്നും കോഴ്‌സുകൾ ഉടൻ ആരംഭിക്കുമെന്നും ഡിയു സ്‌കിൽ സെൻ്റർ കമ്മിറ്റി ചെയർപേഴ്‌സൺ പ്രൊഫ. പായൽ മാഗോ പറഞ്ഞു.
ഭാവിയിൽ സുരക്ഷ മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം വലിയ തോതിൽ വർധിക്കാനിടയുണ്ട്. കൂടാതെ കാർഷിക മേഖലയിലും ഫോട്ടോഗ്രാഫിയിലും ഡ്രോണുകളുടെ ഉപയോഗം വളരെയധികം വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പരിശീലനം ലഭിച്ച പൈലറ്റുമാർക്ക് ആവശ്യക്കാർ ഏറെയുണ്ടാകും. അതുകൊണ്ട് ഈ കോഴ്‌സ് പഠിച്ചിറങ്ങുന്നവർക്ക് നല്ല ഡിമാന്‍റുണ്ടാകും. പല സ്ഥാപനങ്ങളിലും ഡ്രോൺ അധിഷ്‌ഠിത കോഴ്‌സിന് ലക്ഷക്കണക്കിന് രൂപയാണ് ചെലവ്. അതേസമയം ഡിയുവിൽ ഈ കോഴ്‌സിന് 10,000 രൂപ മാത്രമെ ചെലവ് വരൂ.
കോഴ്‌സിലൂടെ എന്താണ് പഠിക്കേണ്ടതെന്നും അത് പഠിക്കുന്നതിലൂടെ എന്ത് നേട്ടമുണ്ടാകുമെന്നും വിദ്യാർഥികളെ മനസിലാക്കാൻ ഡെമോൺസ്‌ട്രേഷൻ സെഷൻ സംഘടിപ്പിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു. ഡ്രോണുകൾ പറപ്പിക്കാനും നിർമ്മിക്കാനും നന്നാക്കാനുമാണ് കോഴ്‌സിലൂടെ പരിശീലനം നൽകുക. വരുന്ന ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ കോഴ്‌സ് ആരംഭിക്കും. കോഴ്‌സ് പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികൾക്ക് ജോലി ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും പ്ലേസ്‌മെന്‍റ് നൽകുമെന്നും പ്രൊഫ. മാഗോ പറഞ്ഞു.