മീററ്റ്(ഉത്തര്‍പ്രദേശ്): കോളജ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ എംഐഇടി കോളജിലെ ഹോസ്റ്റല്‍ മുറിയിലാണ് ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം(BCA Student).
കോളജ് അധികൃതര്‍ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ബുധനാഴ്‌ച രാത്രിയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്(Meerut's MIET College).
ബിഹാറിലെ ചമ്പാരന്‍ സ്വദേശിനിയായ മനിഷയാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ സുഹൃത്ത് മനിഷയെ കാണാനായി മുറിയിലെത്തി. എന്നാല്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറച്ച് നേരം കാത്തു നിന്നെങ്കിലും പ്രതികരണം ഉണ്ടായില്ല.
വാതിലിന്‍റെ വിടവില്‍ കൂടി നോക്കിയപ്പോഴാണ് മനിഷ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഹോസ്റ്റല്‍ ജീവനക്കാരെ വിവരമറിയിച്ചു. അവര്‍ മറ്റൊരു താക്കോലുപയോഗിച്ച് മുറി തുറന്നു. ഉടന്‍ തന്നെ സ്വാമി വിവേകാനന്ദ സുഭാരതി സര്‍വകലാശാലക്ക് സമീപമുള്ള ഛത്രപതി ശിവജി ശുഭാര്‍ത്തി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരിച്ച നിലയിലാണ് എത്തിയത് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
പിന്നീട് കോളജ് അധികൃതര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. കുട്ടിയുടെ സഹോദരന്‍ സോനുവും അമ്മായിയുമാണ് സ്ഥലത്തെത്തിയത്. കോളജ് അധികൃതര്‍ തങ്ങളില്‍ നിന്ന് സത്യം മറച്ച് വയ്ക്കുന്നുവെന്നും എന്തോ സംഭവം ഉണ്ടായിട്ടുണ്ടെന്നും സോനു ആരോപിക്കുന്നു. മനിഷയ്ക്ക് സുഖമില്ലെന്നാണ് അവളുടെ സുഹൃത്ത് തങ്ങളെ അറിയിച്ചതെന്നും സോനു പറയുന്നു. തുടര്‍ന്നാണ് കോളജ് അധികൃതര്‍ക്കെതിരെ പരാതി നല്‍കിയത്.
മനിഷയ്ക്ക് അഞ്ച് സഹോദരങ്ങളുണ്ട്.ജുഹി ശര്‍മ്മ, സോനുശര്‍മ്മ, അനിഷശര്‍മ്മ, മനിഷശര്‍മ്മ, മോനു ശര്‍മ്മ എന്നിവരാണ് സഹോദരങ്ങള്‍ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. പത്ത് വര്‍ഷമായി മനിഷ അമ്മായിക്കൊപ്പം ഡല്‍ഹിയിലാണ് താമസം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരെയും പ്രതി ചേര്‍ക്കുകയോ പിടികൂടുകയോ ചോദ്യം ചെയ്യുകയോ ചെയ്‌തിട്ടില്ല.
Also Read: വിവാഹം ക്ഷണിക്കാനെത്തിയ പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവിന്‍റെ ആത്മഹത്യ