തിരുവനന്തപുരം: ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു. ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി പഠന സമ്പ്രദായങ്ങളിലെ എംഡി, എംഎസ്, പ്രോഗ്രാമുകളിലെ 2024ലെ പ്രവേശനത്തിനായാണ് ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെയ് 15ന് രാത്രി 11.50 വരെ അപേക്ഷ നൽകാം. ജൂലായ് 6നാണ് പരീക്ഷ.
യോഗ്യത: ബിഎഎംഎസ്/ ബിയുഎംഎസ്/ ബിഎസ്എം എസ്/ ബിഎച്ച്എംഎസ് ബിരുദമോ പ്രൊവിഷണൽ/ പാസ് സർട്ടിഫിക്കറ്റോ മേഖലയ്ക്ക് അനുസരിച്ച് നേടിയിരിക്കണം. നിയന്ത്രണ സമിതി നൽകിയ സ്ഥിരം/ താത്കാലിക രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഒരു വർഷത്തെ ഇന്‍റേൺഷിപ്പ്, കൗൺസിലുകൾ പ്രഖ്യാപിച്ചിട്ടുള്ള തീയതിക്കകം പൂർത്തിയാക്കിയിരിക്കണം.
പ്രവേശന സ്ഥാപനങ്ങൾ: ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് ആയുഷ് കോളജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവകലാശാലകൾ, കല്‍പിത സർവകലാശാലകൾ എന്നിവയിലെ ഈ പ്രോഗ്രാമുകളിലെ ഓൾ ഇന്ത്യ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ബാധകമാണ്.
പരീക്ഷ ജൂലായ് 6ന്: കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ ജൂലായ് 6ന് നടത്തും. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാകും ഉണ്ടാകുക. പരീക്ഷ സമയം പിന്നീടാണ് അറിയിക്കുക. നാല് മാർക്കാണ് ശരി ഉത്തരത്തിന്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്‌ടപ്പെടും. ബന്ധപ്പെട്ട കൗൺസിലിന്‍റെ വെബ്‌സൈറ്റിൽ പരീക്ഷയുടെ സിലബസ് ലഭ്യമാകും.
പരീക്ഷ കേന്ദ്രങ്ങൾ: കേരളത്തിൽ എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലാണ് പരീക്ഷയുണ്ടാകുക. രണ്ട് പരീക്ഷ കേന്ദ്രങ്ങൾ (സ്ഥിരം മേൽവിലാസം/ നിലവിലെ മേൽവിലാസം അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ കേന്ദ്രങ്ങളിൽ നിന്നും) മുൻഗണന നിശ്ചയിച്ച് തെരഞ്ഞെടുത്ത് നൽകണം.
അപേക്ഷ മെയ് 15 വരെ: മെയ് 15ന് രാത്രി 11.50 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനാകുക. xams.nta.ac.in/AIAPGET/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. മെയ് 17നും 19ന് രാത്രി 11.50നും ഇടയ്ക്ക് ഓൺലൈൻ വഴി അപേക്ഷ തിരുത്താനുള്ള സൗകര്യവുമുണ്ട്.
അലോട്മെന്‍റ് ഇങ്ങനെ: ഫലപ്രഖ്യാപനത്തിന് ശേഷം ആയുഷ് അഡ്‌മിഷൻസ് സെൻട്രൽ കൗണ്സിലിങ് കമ്മിറ്റി രാജ്യത്തെ ഗവൺമെന്‍റ്, ഗവൺമെന്‍റ് എയ്‌ഡഡ്, നാഷണൽ ഇന്‍സ്റ്റിറ്റ്യൂഷൻസ്, സെൻട്രൽ യൂണിവേഴ്‌സിറ്റികൾ, ഡീംഡ് ടുബി യൂണിവേഴ്‌സിറ്റികൾ തുടങ്ങിയവയിലെ ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളിലെ അലോട്മെന്‍റ് നടത്തും.
സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ കൗൺസിലിങ് അതോറിറ്റി, എഐഎപിജിഇടി 2024 മെറിറ്റ് പരിഗണിച്ച്, സ്റ്റേറ്റ്/ യൂണിയൻ ടെറിറ്ററി ക്വാട്ട അലോട്മെന്‍റ് നടത്തും. പരീക്ഷാര്‍ഥികളുടെ സബ്‌ജക്‌റ്റ് ചോയ്‌സ്, യോഗ്യത വ്യവസ്ഥകൾ, മാർഗനിർദേശങ്ങൾ, ഡൊമിസൈൽ ക്രൈറ്റിരിയ, റിസർവേഷൻ വ്യവസ്ഥകൾ എന്നിവ പരിഗണിച്ചായിരിക്കുമിത്.