തിരുവനന്തപുരം: കൊല്ലം സിവികെഎം എച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ഥി അലന്‍റെ എ ഗ്രേഡിന് മാറ്റ് ഒരല്‍പം കൂടുതലാണ്. എല്ല് നുറുങ്ങുന്ന വേദനയുമായാണ് അലന്‍ സംസ്ഥാന കലോത്സവ വേദിയില്‍ നാടോടി നൃത്തം അവതരിപ്പിച്ചത്.
കാസർകോഡ് നടന്ന എൻസിസി ക്യാമ്പിനിടെയാണ് അലന്‍ വീണ് കാലിന് പരിക്കേല്‍ക്കുന്നത്. വേദന അസഹനീയമായതോടെ ചികിത്സ തേടി. മൂന്നാം തീയ്യതി ക്യാമ്പ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയെങ്കിലും കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ടായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാനുള്ള അതിയായ ആഗ്രഹത്തിൽ കാലിന് വേദനയില്ലെന്ന് കളവ് പറഞ്ഞു.
തുടര്‍ന്ന് അലൻ തിരുവനന്തപുരത്ത് എത്തി. 'പാണത്തിയായി' സ്റ്റേജിൽ നിറഞ്ഞാടി. വേദനയുടെ ശകലമേതും ആ മുഖത്ത് പ്രതിഫലിച്ചില്ല. നൃത്തം കണ്ട വിധികര്‍ത്താക്കള്‍ക്കും മറിച്ചൊരഭിപ്രായമുണ്ടായില്ല. അങ്ങനെ നാടോടി നൃത്തത്തില്‍ എ ഗ്രേഡും നേടി ഈ മിടുക്കന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരം പൂർത്തിയായതോടെ വേദിയിൽ വീണ അലൻ അടിയന്തര ചികിത്സ തേടി. എല്ലിൽ പൊട്ടലുള്ളതിനാൽ രണ്ടാഴ്‌ചത്തെ വിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്‌ടർമാർ. കലയോടുള്ള അടങ്ങാത്ത ത്വരയുടെയും ആത്മ സമർപ്പണത്തിന്‍റെയും പ്രതീകമായി മാറുകയാണ് ഈ മത്സരാര്‍ഥി.
മത്സരത്തിന്‍റെ ആവേശത്തിൽ താൻ വേദന മറക്കുകയായിരുന്നു എന്ന് അലൻ ഇടിവി ഭാരതിനോട് പറഞ്ഞു. ഇയൊരു മത്സരത്തിനായുള്ള വീട്ടുകാരുടെ പിന്തുണയും അധ്യാപകരുടെ പരിശ്രമത്തെ കുറിച്ചും അറിയാവുന്നതിനാലാണ് എന്ത് വന്നാലും പങ്കെടുക്കണമെന്ന് തീരുമാനിച്ചത്. മത്സരം പൂർത്തിയാക്കി നേരെ പോയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കായിരുന്നു. ആശുപത്രിയിൽ വച്ചാണ് നാടോടി നൃത്തത്തിൽ എ ഗ്രേഡ് ലഭിച്ചത് അറിഞ്ഞത് എന്നും അലൻ പറഞ്ഞു.
ആവണി കാർത്തിക് ,അൽക്ക , അമൽ എന്നിവരാണ് അലനെ നൃത്തം പഠിപ്പിച്ചത്. നിറകണ്ണുകളോടെയാണ് മകന്‍റെ അനുഭവം അച്ഛൻ അശോകൻ വിശദീകരിച്ചത്. ബീനയാണ് അമ്മ.
Also Read : അഞ്ചാം ക്ലാസിൽ ഉമ്മൻചാണ്ടിയെ ടിവിയിൽ കണ്ടു പരിശീലിച്ചു, മിമിക്രിയിൽ ഹാട്രിക് നേടാൻ അദിൻ ദേവ്